പാകിസ്ഥാനിൽ വീണ്ടും ചാവേറാക്രമണം. പാകിസ്ഥാനിലെ ബൊലാനിൽ ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. ഒമ്പത് പൊലീസുകാർ കൊല്ലപ്പെടുകയും 15 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ബലൂചിസ്ഥാന് സമീപത്തുള്ള സ്ഥലത്താണ് ബൊലാൻ.
കച്ചി അതിർത്തിയോട് ചേർന്നുള്ള പ്രദേശമായ കാംബ്രി പാലത്തിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് കച്ചി സീനിയർ പോലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) മഹമൂദ് നോട്ട്‌സായ് ഡോൺ പത്രത്തോട് പറഞ്ഞു.
സിബിയിൽ നിന്നും വന്ന ട്രക്കിലാണ് ബോംബ് സ്ഥാപിച്ചിരുന്നതെന്നാണ് കരുതുന്നത്. ചാവേറാക്രമണമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്ത് ബോംബ് സ്ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും എത്തി പരിശോധന നടത്തുകയാണ്. പ്രദേശത്ത് ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണെന്നും സീനിയർ പൊലീസ് സൂപ്രണ്ട് അറിയിച്ചു.
Also Read- ‘പ്രതിരോധ ചെലവ് കുറയ്ക്കൂ; അല്ലെങ്കിൽ 25% ജിഎസ്ടി ചുമത്തൂ: പാകിസ്ഥാനോട് ഐഎംഎഫ്
ബലൂചിസ്ഥാൻ പൊലീസ് സേനയിലെ(ബിസി) ഒമ്പത് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലും അഫ്ഗാനിസ്ഥാന്റെ അതിർത്തി പ്രദേശങ്ങളിലും ആക്രമണം ശക്തമാക്കിയ തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് പാകിസ്ഥാൻ ആസ്ഥാനമായുള്ള വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ടിടിപിയുടെ വളർച്ചയെ തുടർന്ന്, ബലൂച് വിമതരും പാകിസ്ഥാൻ സൈന്യത്തെ ആക്രമിക്കാൻ തുടങ്ങിയിട്ടുണ്ട്.
Also Read- പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയുടെ ഭാര്യയുടെ ശവകൂടീരം മുംബൈയില്‍? റൂത്തി ജിന്നയെ അറിയാമോ
ആക്രമണത്തെ ബലൂചിസ്ഥാൻ മുഖ്യമന്ത്രി മിർ അബ്ദുൽ ഖുദൂസ് ബിസൻജോ അപലപിച്ചു.
കഴിഞ്ഞ ജനുവരിയിൽ പാകിസ്ഥാനിലെ പള്ളിയിലുണ്ടായ ചാവേറാക്രമണത്തിൽ എഴുപതിലേറെ പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള പേഷാവാറിലെ പൊലീസ് ലൈൻസ് ഏരിയയിലുള്ള ആരാധനാലയത്തിലാണ് ബോംബ് കെട്ടിയെത്തിയ ചാവേർ പൊട്ടിത്തെറിച്ചത്. പള്ളിയിൽ ഉച്ചയ്ക്കുള്ള നമസ്കാരം നടക്കുന്നതിനിടയിലാണ് ആക്രമണം. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും കൂടുതലും പൊലീസുകാരാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാൻ സംഘടനയായ തെഹരീക്-ഇ-താലിബാൻ പാകിസ്ഥാൻ(ടിടിപി) ഏറ്റെടുത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.