• HOME
  • »
  • NEWS
  • »
  • world
  • »
  • 63 കോടി കെട്ടിവെച്ച് ജാമ്യം; നിസാൻ കാറിന്‍റെ മുൻ തലവൻ ജപ്പാനിൽ നിന്ന് രക്ഷപ്പെട്ടത് തടിപ്പെട്ടിയിൽ

63 കോടി കെട്ടിവെച്ച് ജാമ്യം; നിസാൻ കാറിന്‍റെ മുൻ തലവൻ ജപ്പാനിൽ നിന്ന് രക്ഷപ്പെട്ടത് തടിപ്പെട്ടിയിൽ

ജപ്പാനിലെ ഒസാക വിമാനത്താവളത്തിൽ നിന്ന് ആയിരുന്നു സ്വകാര്യ ജെറ്റിൽ കാർലോസ് ഖോസൻ രക്ഷപ്പെട്ടത്.

കാർലോസ് ഖോസൻ

കാർലോസ് ഖോസൻ

  • Last Updated :
  • Share this:
    ടോക്കിയോ: കോർപറേറ്റ് അഴിമതിയുടെ പേരിൽ അറസ്റ്റിലായി 100 ദിവസം ജയിലിൽ കിടന്ന കാർ കമ്പനിയായ നിസാന്‍റെ മുൻ തലവൻ കാർലോസ് ഖോസൻ ജപ്പാനിൽ നിന്ന് ലബനനിലേക്ക് രക്ഷപ്പെട്ടു. ഏപ്രിലിൽ ജാമ്യം ലഭിക്കുന്നതിനായി ഖോസൻ ജാമ്യ തുകയായി കെട്ടിവെച്ചത് 63 കോടി രൂപയായിരുന്നു. ജാമ്യം ലഭിച്ചതിനു ശേഷം കേസിന്‍റെ വിചാരണ കാത്ത് വീട്ടിൽ കഴിയുകയായിരുന്നു. കർശന നിരീക്ഷണത്തിൽ ആയിരുന്നു ഈ സമയത്ത് ഖോസൻ. അദ്ദേഹം താമസിച്ചിരുന്ന വീടിനു പുറത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യമറയും വെച്ചിരുന്നു. എന്നാൽ, ഇതിനെയെല്ലാം മറികടന്നായിരുന്നു ഖോസന്‍റെ രക്ഷപ്പെടലെന്നാണ് റിപ്പോർട്ടുകൾ.

    സംഗീതോപകരണം സൂക്ഷിക്കുന്ന തടിപ്പെട്ടിയിൽ രക്ഷപ്പെടൽ

    ലബനനിലെ ടി.വി ചാനലായ എംടിവിയാണ് രക്ഷപ്പെടൽ പെട്ടിയിലാണെന്ന വാർത്ത പുറത്തുവിട്ടത്. മാസങ്ങൾ നീണ്ട ഗൂഡാലോചനയ്ക്ക് ശേഷമാണ് ഖോസന്‍റെ രക്ഷപ്പെടൽ എന്നാണ് വിവരം. ടോക്കിയോയിലെ ഖോസന്‍റെ വീട്ടിൽ പരിപാടി നടത്തുന്നതിനായി സംഗീതസംഘം എത്തിയിരുന്നു. അതിനു ശേഷം ഉപകരണം വെയ്ക്കുന്ന വലിയ പെട്ടിയിൽ ഖോസൻ രക്ഷപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വളരെ പെട്ടെന്നു തന്നെ ഈ പെട്ടി വിമാനത്താവളത്തിൽ എത്തിച്ചെന്നും തുടർന്ന് സ്വകാര്യജെറ്റിൽ ഖോസൻ രക്ഷപ്പെട്ടെന്നുമാണ് വിവരം.

    ഖോസന്‍റെ ജാമ്യവ്യവസ്ഥകൾ അനുസരിച്ച് ഭാര്യ കരോളുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ല. എന്നാൽ, ഖോസന്‍റെ രക്ഷപ്പെടലിനു പിന്നിൽ ഭാര്യ കരോൾ ആയിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ച് ഭാര്യ കരോളുമായി ഡിസംബർ 24ന് ഖോസൻ ഒരു മണിക്കൂർ നേരം ഫോണിൽ സംസാരിച്ചിരുന്നു. ഇത് രക്ഷപ്പെടൽ പദ്ധതിയെക്കുറിച്ച് സംസാരിക്കാൻ ആയിരുന്നുവെന്നാണ് സംശയിക്കുന്നത്.

    ഖോസൻ വിമാനത്തിലുണ്ടെന്ന് അറിയാതെ പൈലറ്റ്

    ജപ്പാനിലെ ഒസാക വിമാനത്താവളത്തിൽ നിന്ന് ആയിരുന്നു സ്വകാര്യ ജെറ്റിൽ കാർലോസ് ഖോസൻ രക്ഷപ്പെട്ടത്. എന്നാൽ, ഖോസൻ വിമാനത്തിൽ ഉണ്ടായിരുന്ന കാര്യം പൈലറ്റിനു പോലും അറിയില്ലായിരുന്നു. ഖോസന്‍റെ രക്ഷപ്പെടലിനു മുന്നോടിയായി മാസങ്ങൾ നീണ്ട കൂടിയാലോചനകൾ നടന്നിരിക്കാമെന്നാണ് കരുതുന്നത്. അതേസമയം, തടിപ്പെട്ടിയിലാണ് ഖോസൻ രക്ഷപ്പെട്ടതെന്ന വാർത്ത ഭാര്യ നിഷേധിച്ചിട്ടുണ്ട്.

    വളർന്ന രാജ്യത്തിലേക്ക് രക്ഷപ്പെടൽ

    ലബനനിലാണ് കാർലോസ് ഖോസൻ വളർന്നത്. ലബനനിൽ ഖോസന്‍റെ ചിത്രം പോസ്റ്റൽ സ്റ്റാംപിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാത്രമല്ല, ലബനനിൽ വസ്തുവകകളുമുണ്ട്. അതുകൊണ്ടു തന്നെ ലബനന്‍റെ സഹായത്തോടെയാണ് രക്ഷപ്പെടലെന്നാണ് ജപ്പാൻ ആരോപിക്കുന്നത്. ടോക്കിയോ മുൻ ഗവർണർ ഈ ആരോപണം ഉന്നയിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ലബനീസ് സർക്കാർ ഇത് നിഷേധിച്ചു.
    Published by:Joys Joy
    First published: