ന്യൂയോര്‍ക്കില്‍ (New York) കോവിഡ് പ്രതിരോധ വാക്‌സിനെടുക്കാത്ത (Covid Vaccine) 1430 മുനിസിപ്പല്‍ തൊഴിലാളികളെ (Municipal Workers) പിരിച്ചുവിട്ടു. കോവിഡ് വാക്‌സിന്റെ ഒരു ഡോസ് പോലും എടുക്കാത്തതിന് ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ 36 ഉദ്യോഗസ്ഥരെയും 25 അഗ്നിശമന സേനാംഗങ്ങളെയും വിദ്യാഭ്യാസ വകുപ്പിലെ 914 ജീവനക്കാരെയും പിരിച്ചുവിട്ടതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തിങ്കളാഴ്ചയോടെ ആകെ തൊഴിലാളികളുടെ ഒരു ശതമാനം വരുന്ന 1430 തൊഴിലാളികള്‍ ഒഴികെയുള്ളവർ വാക്‌സിനേഷന്‍ സ്വീകരിച്ചു. നിര്‍ബന്ധിത വാക്‌സിനേഷന്‍ സ്വീകരിക്കാത്തതിന്റെ പേരില്‍ യുഎസിലെ മുനിസിപ്പല്‍ ജീവനക്കാർക്കെതിരെ കൈക്കൊള്ളുന്ന ഏറ്റവും വലിയ കൂട്ട പിരിച്ചുവിടൽ നടപടിയാണ് ഇത്.
ജനുവരി അവസാനത്തോടെ 4,000 തൊഴിലാളികള്‍ക്ക് അധികാരികള്‍ നോട്ടീസ് അയച്ചിരുന്നു. കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ രേഖ കാണിക്കണമെന്നും അല്ലാത്തപക്ഷം ജോലി നഷ്ടപ്പെടുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നൽകി. ആ തൊഴിലാളികളില്‍ മുക്കാല്‍ ഭാഗവും മാസങ്ങളോളം ശമ്പളമില്ലാത്ത അവധിയിലായിരുന്നു. പിന്നീട് ഈ തൊഴിലാളികളുടെ എണ്ണം ഏകദേശം 3,400 ആയി കുറഞ്ഞു. തുടര്‍ന്ന് 1,430 പേരായി ചുരുങ്ങിയെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
''കോവിഡ് മഹാമാരി സമയത്ത് നഗരത്തിലെ തൊളിലാളികള്‍ മുന്‍നിരയില്‍ നിന്ന് സേവനമനുഷ്ഠിച്ചു. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതിലൂടെ തങ്ങളെയും മറ്റ് ജനതയെയും സംരക്ഷിക്കാനല്ല പ്രതിബദ്ധത അവർ ഒരിക്കൽക്കൂടി പ്രകടിപ്പിക്കുകയാണ്'', ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് പറഞ്ഞു. വാക്സിനേഷൻ സ്വീകരിച്ച ജീവനക്കാരോട് മേയർ നന്ദി അറിയിക്കുകയും ചെയ്തു.
പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളില്‍ വാക്‌സിനേഷന്‍ നിർബന്ധിതമാക്കുന്ന നടപടികൾ ചൂടേറിയ ചര്‍ച്ചകൾ ഉയർത്തുന്നുണ്ട്. അടിസ്ഥാന മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഇതിന്റെ ഭാഗമായി ഉന്നയിക്കപ്പെടുന്നു. വാക്‌സിന്‍ നിര്‍ബന്ധിതമാക്കിയിട്ടും കുറഞ്ഞത് 9,000 തൊഴിലാളികളെങ്കിലും ഇപ്പോഴും വാക്‌സിന്‍ സ്വീകരിക്കാതെ തുടരുന്നുണ്ട്. ഈ തൊഴിലാളികളില്‍ ഭൂരിഭാഗവും ആരോഗ്യസംബന്ധമോ മതപരമായതോ ആയ ഇളവ് വേണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. മാത്രമല്ല, ജോലിയില്‍ നിന്ന് പുറത്താകുന്നത് ഒഴിവാക്കാന്‍ ഇവരിൽ പലരും തൊഴിലാളി യൂണിയനുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.
ന്യൂയോര്‍ക്ക് സിറ്റി മുന്‍ മേയര്‍ ബില്‍ ഡി ബ്ലാസ്റ്റിയോ കൊണ്ടുവന്ന നിയമം അനുസരിച്ച് ന്യൂയോര്‍ക്ക് നഗരത്തിലെ എല്ലാ തൊഴിലാളികളും ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിക്കേണ്ടതുണ്ട്. നേരത്തെ, നഗരത്തിലെ അധ്യാപകര്‍ യുഎസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അപ്പീലിനുള്ള അപേക്ഷ കോടതി നിരസിച്ചിരുന്നു. കോടതി ഉത്തരവുകള്‍ക്ക് അനുകൂലമായാണ് വിധി പ്രസ്താവിച്ചത്.
അതേസമയം, ന്യൂയോര്‍ക്കില്‍ കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. പൊതു ഇടങ്ങളിലെ അടിച്ചിട്ട മുറികളില്‍ പ്രവേശിക്കാന്‍ മാസ്‌കോ വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമല്ല എന്നതായിരുന്നു പ്രധാനപ്പെട്ട ഇളവ്. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോചുള്‍ ആണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ സ്‌കൂളുകളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന തുടരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Covid 19 in USA, Covid vaccine, New york