• HOME
  • »
  • NEWS
  • »
  • world
  • »
  • Nobel Prize 2022| വൈദ്യശാസ്ത്ര നൊബേൽ സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്റെ പേബുവിന്

Nobel Prize 2022| വൈദ്യശാസ്ത്ര നൊബേൽ സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്റെ പേബുവിന്

മനുഷ്യപരിണാമത്തെക്കുറിച്ചുള്ള നിർണായക കണ്ടുപിടിത്തങ്ങൾക്കാണ് പുരസ്കാരം

  • Share this:
സ്റ്റോക്ക്ഹോം: 2022ലെ വൈദ്യശാസ്ത്ര നൊബേൽ സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്റെ പേബുവിന്. മനുഷ്യപരിണാമത്തെക്കുറിച്ചുള്ള നിർണായക കണ്ടുപിടിത്തങ്ങൾക്കാണ് പുരസ്കാരം. സ്റ്റോക്ക്ഹോമിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നൊബേൽ കമ്മിറ്റി സെക്രട്ടറി തോമസ് പെർൽമാനാണ് ജേതാവിനെ പ്രഖ്യാപിച്ചത്.

ഏതാണ്ട് 40,000 വര്‍ഷം പഴക്കമുള്ള മനുഷ്യന്റെ അസ്ഥികളില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിച്ചെടുക്കാന്‍ നടത്തിയ പഠനമാണ് സ്വീഡിഷ് വംശജനായ 67കാരന്‍ സ്വാന്റെ പേബുവിനെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. വംശനാശം സംഭവിച്ച ഹോമിനിനുകളുടെയും മനുഷ്യ പരിണാമത്തിന്റെയും ജനിതക ഘടനയെ സംബന്ധിച്ച പഠനമാണ് സ്വാന്റെ പേബൂവിനെ സമ്മാനത്തിനായി തെരഞ്ഞെടുത്തതെന്ന് നൊബേല്‍ പ്രൈസ് കമ്മിറ്റി അറിയിച്ചു.

നിയാണ്ടര്‍താല്‍ മനുഷ്യന്റെ ഡിഎന്‍എ ഘടന കണ്ടെത്തിയതും പാലിയോജെനെറ്റിക്‌സ് ശാഖയ്ക്ക് രൂപം നല്‍കിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. മനുഷ്യന്‍, മനുഷ്യന്റെ പൂർവികര്‍, അല്ലെങ്കില്‍ മനുഷ്യരുമായി വളരെ അടുത്ത ബന്ധമുള്ളവ എന്നിങ്ങനെ കണക്കാക്കപ്പെടുന്ന ജീവിവർഗങ്ങളാണ് ഹോമിനിനുകളില്‍ ഉള്‍പ്പെടുന്നത്.



അമേരിക്കൻ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസ്, ആർഡെം പറ്റാപുട്യൻ എന്നിവർക്കായിരുന്നു 2021ൽ വൈദ്യശാസ്ത്ര നൊബേൽ. താപനില, സ്പർശനം എന്നിവ മനസ്സിലാക്കാൻ തലച്ചോറിനെ സഹായിക്കുന്ന ഗ്രാഹികളെ കണ്ടെത്തിയതിനാണ് ഇവർക്ക് നൊബേൽ നൽകിയത്. ഡിസംബർ 10ന് പുരസ്കാരം സമ്മാനിക്കും.

ഒക്ടോബർ മൂന്ന് മുതൽ 10 വരെയാണ് നൊബേൽ പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത്. വൈദ്യശാസ്ത്രം, ഭൗതിക ശാസ്ത്രം, രസതന്ത്രം, സാഹിത്യം, സാമ്പത്തികം, സമാധാനം എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയവർക്കാണ് പുരസ്കാരങ്ങൾ നൽകുക. 10 മില്യൻ സ്വീഡിഷ് ക്രൗൺസ്(ഏകേദശം 7.37 കോടി രൂപ) ആണ് സമ്മാനത്തുക.

English Summary: Svante Paabo has been awarded the 2022 Nobel Prize in Physiology or Medicine for ‘his discoveries concerning the genomes of extinct hominins and human evolution’, which means his work helped better understand how we, human beings, have evolved.
Published by:Rajesh V
First published: