• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'കൊറിയ'യാകുമോ കൊറിയ

news18
Updated: April 27, 2018, 9:54 PM IST
'കൊറിയ'യാകുമോ കൊറിയ
news18
Updated: April 27, 2018, 9:54 PM IST
സോൾ: നാലുവർഷം മുമ്പുള്ള ഒരു ഡിസംബറിൽ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത് ഒരു കൊറിയക്കാരനു വേണ്ടിയായിരുന്നു, കിം കി ഡുക്കിനുവേണ്ടി. അതിനേക്കാൾ എത്രയോ ഇരട്ടി പ്രതീക്ഷയോടെ ആയിരുന്നു കൊറിയയിൽ നിന്നൊരു ശുഭവാർത്ത കേൾക്കാൻ ലോകം ഇത്തവണ കാത്തിരുന്നത്. കാരണം, കിം കി ഡുക്കിന്‍റെ 'നാം ചുല്‍ വൂ' സിനിമ കണ്ട് കൊറിയയുടെ പ്രശ്നം അറിഞ്ഞവർക്ക് അത് അത്രമേൽ അടുത്തവരുടെ പ്രശ്നമായിരുന്നു. ഏതായാലും കാത്തിരുന്ന തീരുമാനമെത്തി. സൈനികരഹിത മേഖലയെ സമാധാനമേഖലയാക്കാനും യുദ്ധം അവസാനിപ്പിക്കാനും ഇരുകൊറിയകളും തീരുമാനിച്ചു. ഒരു വർഷത്തിനകം നടപടികൾ പൂർത്തിയാകും. പ്രഭാതശാന്തിയുടെ നാട് എന്നാണ് കൊറിയയ്ക്ക് അർത്ഥം. അതിലേക്ക് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും നടന്നടുക്കുമോ എന്നാണ് ലോകം ഇനി ഉറ്റുനോക്കുക.

സമാധാനഭവനം സാക്ഷിയായി

പാൻമുൻജോമിലെ സമാധാന ഭവനമാണ് ഇരകൊറിയകളും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് വേദിയായത്. ഇരു രാജ്യങ്ങളുടെയും അതിർത്തി ഗ്രാമമാണ് പാൻമുൻജോം. വർഷങ്ങൾക്ക് മുമ്പ് 1953ൽ കൊറിയൻ യുദ്ധത്തിന് താൽക്കാലിക വിരാമമിട്ട് കരാറിൽ ഒപ്പുവെച്ചത് ഇവിടെയായിരുന്നു. അതുകൊണ്ടു തന്നെ ഇവിടുത്തെ സുരക്ഷാച്ചുമതല ഇരു കൊറിയകൾക്കുമാണ്. യുദ്ധം അവസാനിച്ചിരുന്നെങ്കിലും സമാധാനക്കരാറിൽ ഒപ്പു വെയ്ക്കാത്തതിനാൽ സാങ്കേതികമായി ഇരു രാജ്യങ്ങളും യുദ്ധാവസ്ഥയിലാണ്. എന്നാൽ, യുദ്ധം അവസാനിപ്പിക്കാൻ കൂടിക്കാഴ്ചയിൽ തീരുമാനിച്ചതോടെ ഇതിന് ഒരു അവസാനമായിരിക്കുകയാണ്.

മാസങ്ങൾക്ക് മുമ്പ് ഇപ്പോൾ യുദ്ധം പൊട്ടി പുറപ്പെടുമെന്ന അവസ്ഥയിലായായിരുന്നു കൊറിയൻ ഉപദ്വീപ്. എന്നാൽ, ലോകത്തെ ഞെട്ടിച്ച് ദക്ഷിണകൊറിയയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ഉത്തരകൊറിയയുടെ തലവൻ കിം ജോങ് ഉൻ പ്രഖ്യാപിച്ചു. യുദ്ധത്തിലും അശാന്തിയിലും കഴിഞ്ഞിരുന്ന കൊറിയൻ അതിർത്തിയിൽ ചരിത്രം സമാധാനത്തിന് വഴിമാറി. 1953ൽ കൊറിയൻ യുദ്ധം അവസാനിച്ചതിനു ശേഷം ഉത്തരകൊറിയയിൽ നിന്ന് ഒരു ഭരണാധികാരിയും ദക്ഷിണകൊറിയയിൽ എത്തിയിട്ടില്ല. ഇതോടെ, യുദ്ധകാലത്തിനു ശേഷം ദക്ഷിണകൊറിയയിൽ കാലുകുത്തുന്ന ആദ്യ ഉത്തരകൊറിയൻ ഭരണാധികാരി ആയിരിക്കുകയാണ് കിം ജോങ് ഉൻ.

കിം ജോങ് ഉന്നും ദക്ഷിണകൊറിയയും
Loading...


2011ലാണ് ഉത്തരകൊറിയയുടെ തലവനായി കിം ജോങ് ഉൻ അധികാരത്തിലെത്തുന്നത്. കഴിഞ്ഞമാസം ചൈനയിൽ നടത്തിയ അപ്രതീക്ഷിത സന്ദർശനം മാറ്റിനിർത്തിയാൽ അധികാരമേറ്റതിനു ശേഷം ഇതുവരെ ഒരു വിദേശരാജ്യവും ഇദ്ദേഹം സന്ദർശിച്ചിട്ടില്ല. കിം ജോങ് ഇലിന്‍റെയും കോ ഹോങ് ഹുയിയുടെയും രണ്ടാമത്തെ പുത്രനാണ് കിം ജോങ് ഉൻ. അധികാരത്തിൽ ഏഴുവർഷം പൂർത്തിയാക്കുമ്പോൾ നിരവധി ആരോപണങ്ങൾ കിം ജോങ് ഉന്നിനെതിരെ ഉണ്ട്. അധികാരത്തിൽ എത്തുന്നതിനു മുമ്പ് വളരെ അപൂർവമായി മാത്രമായിരുന്നു ഉൻ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. അധികാരത്തിലേറിയിട്ടും കിം ജോങ് ഉന്നിന്‍റെ കഥകൾ ദുരൂഹമായി തുടരുകയാണ്. അദ്ദേഹത്തിന്‍റെയും സംഘത്തിന്‍റെയും ഭൂരിഭാഗം പ്രവർത്തനങ്ങളും ഇന്നും ലോകത്തിന് അറിയില്ല. ഒന്നുകൂടി വ്യക്തമാക്കിയാൽ, കിം ജോങ് ഉൻ ജനിച്ചത് ഏതു വർഷമാണെന്ന് പോലും കൃത്യമായി അറിയില്ല. വിദ്യാഭ്യാസം സംബന്ധിച്ച കാര്യങ്ങളും അജ്ഞാതമാണ്.

ഉത്തരകൊറിയയുമായി ചർച്ച ആഗ്രഹിച്ച മൂൺ ജെ ഇൻ ദക്ഷിണകൊറിയയിൽ അധികാരത്തിൽ എത്തിയതാണ് ചർച്ചയുടെ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയത്. ഏഴു പതിറ്റാണ്ടിനിടയിൽ ഇത് മൂന്നാംതവണയാണ് ഇരു കൊറിയകളും തമ്മിൽ ചർച്ച നടത്തുന്നത്. ഇതിനു മുമ്പ് 2000ലും 2007ലുമായിരുന്നു ഇരു രാഷ്ട്രത്തലവൻമാരും തമ്മിൽ ചർച്ച നടത്തിയത്. അതിർത്തിഗ്രാമമായ പാൻമുൻജോമിലാണ് ഇരുരാജ്യങ്ങളിലെയും തലവൻമാർ കൂടിക്കാഴ്ച നടത്തിയത്.

ചർച്ചയിലേക്ക് വഴി വെട്ടിയത് കിം ജോങ് ഉൻ

ദക്ഷിണകൊറിയയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ജനുവരിയിലാണ് കിം ജോങ് ഉൻ പ്രഖ്യാപിച്ചത്. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിക്കാനും ചർച്ചകൾ നടത്താനും തീരുമാനമായത്. തുടർന്ന്, ഫെബ്രുവരിയിൽ ദക്ഷിണകൊറിയയിലെ പ്യോങ്ചാങിൽ നടന്ന ശീതകാല ഒളിംപിക്സിൽ പങ്കെടുക്കാൻ ഉത്തരകൊറിയ തയ്യാറായി. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വഴിത്തിരിവായി. ശീതകാല ഒളിംപിക്സിൽ ഒരേ പതാകയ്ക്ക് കീഴിലാണ് ഇരു രാജ്യങ്ങളും അണിനിരന്നത്.

ലക്ഷ്യം കണ്ട് ഉച്ചകോടി

യുദ്ധം അവസാനിപ്പിച്ച് 65 വർഷങ്ങൾക്ക് ശേഷം നേതാക്കൾ ചർച്ചയ്ക്കിരിക്കുമ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനകരാറായിരുന്നു പ്രധാനലക്ഷ്യം. ഉത്തരകൊറിയ ആണവായുധം ഉപേക്ഷിക്കുമോ എന്നായിരുന്നു ലോകം ഉറ്റുനോക്കിയത്. നീണ്ട 65 വര്‍ഷത്തെ യുദ്ധം അവസാനിപ്പിക്കാൻ ധാരണയായതോടെ അതിർത്തിയിലെ 'സമാധാനഭവനം' അതിന്‍റെ അർത്ഥം കാത്തു. യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ പിരിഞ്ഞുപോയ കുടുംബങ്ങളെ ഒരുമിപ്പിക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്. 1950ല്‍ ആരംഭിച്ച കൊറിയന്‍ യുദ്ധം 1953ല്‍ അവസാനിച്ചിരുന്നുവെങ്കിലും സമാധാന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നില്ല. അതിനാണ് ഇന്നത്തെ സമാധാന ചർച്ചയോടെ തീരുമാനമായത്.

* കൊറിയ - വടക്കുകിഴക്കൻ ഏഷ്യയിലെ കൊറിയൻ ഉപദ്വീപിന്‍റെ വടക്കേ പകുതി ഉത്തരകൊറിയ (ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ)യും തെക്കേപകുതി ദക്ഷിണകൊറിയ(റിപ്പബ്ലിക് ഓഫ് കൊറിയ)യും. ചൈന, റഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി ഉത്തരകൊറിയ അതിർത്തി പങ്കിടുന്നു. മൂന്നു ഭാഗങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട ദക്ഷിണകൊറിയ ഉത്തരകൊറിയയുമായി മാത്രമാണ് അതിർത്തി പങ്കിടുന്നത്. ദക്ഷിണകൊറിയയുടെ ഒരു ഭാഗത്ത് കിഴക്കൻ കടലും പടിഞ്ഞാറുഭാഗത്ത് മഞ്ഞക്കടലും (യെല്ലോ സീ) തെക്കുഭാഗം കൊറിയ സ്ട്രയിറ്റ് എന്നും അറിയപ്പെടുന്നു.
First published: April 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍