മോണ്ട്രിയൽ: സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിനെ ലൈംഗികമായി അപമാനിക്കുന്ന തരത്തിൽ പുറത്തിറക്കിയ സ്റ്റിക്കർ വിവാദമായതിനു പിന്നാലെ മാപ്പു പറഞ്ഞ് എണ്ണക്കമ്പനി. കാനഡയിലെ പ്രാദേശിക ഓയിൽ കമ്പനിയായ എക്സൈറ്റ് എനർജി സർവീസസിന്റെ സ്റ്റിക്കറാണ് വിവാദമായിരിക്കുന്നത്. തൊഴിൽ സൈറ്റുകളിൽ പ്രൊമോ സ്റ്റിക്കറായി ഹെൽമറ്റിലും മറ്റ് ആക്സസറികളിലും ധരിക്കാനായി ജീവനക്കാർക്ക് നൽകിയതാണ് സ്റ്റിക്കർ.
ഇരുവശത്തേക്കും മുടി കെട്ടിയിട്ട പെൺകുട്ടിയുടെ നഗ്നമായ പിന്‍ഭാഗമാണ് സ്റ്റിക്കറിലുള്ളത്. രണ്ടു വശത്തേക്കായി പിന്നിയിട്ട മുടിയിൽ പിന്നിൽ നിന്ന് രണ്ട് കൈകൾ വലിക്കുന്നുണ്ട്. നഗ്നമായ പിൻഭാഗത്ത് ഏറ്റവും താഴെയായി ഗ്രേറ്റ എന്ന എഴുതിയിട്ടുണ്ട്. അതിനുതാഴെയാണ് എക്സ്-സൈറ്റ് എനർജി സർവീസസ് എന്ന കമ്പനിയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.
ഗ്രേറ്റയുടേതെന്നു തോന്നിപ്പിക്കുന്ന ചിത്രം കുട്ടികളുടെ അശ്ലീലചിത്രമെന്ന വിഭാഗത്തിൽപെടുമെന്നാരോപിച്ചാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയർന്നിരിക്കുകയാണ്. അതേസമയം വിവാദ സ്റ്റിക്കറിൽ മാപ്പു പറഞ്ഞ് കമ്പനി രംഗത്തെത്തി. ചിത്രത്തിനു പിന്നിൽ തങ്ങളാണെന്ന് അംഗീകരിക്കാതിരുന്ന കമ്പനി പിന്നീടു നിലപാടു മാറ്റുകയായിരുന്നു.
തങ്ങൾ കാരണമുണ്ടായ ദുഃഖത്തിൽ മാപ്പു ചോദിക്കുന്നതായി കമ്പനിയുടെ സർക്കുലറിൽ വ്യക്തമാക്കുന്നു. അവർ കൂടുതൽ കൂടുതൽ നിരാശപ്പെടാൻ തുടങ്ങിയിരിക്കുന്നു. ഞങ്ങൾ വിജയിക്കുന്നുവെന്ന് ഇത് കാണിക്കുന്നു- എന്നാണ് വിവാദ സ്റ്റിക്കറിനെ കുറിച്ച് ഗ്രേറ്റയുടെ പ്രതികരണം.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സന്ധിയില്ലാ സമരം നടത്തുന്ന സ്വീഡൻകാരി പെൺകുട്ടിയാണ് പതിനേഴുകാരിയായ ഗ്രേറ്റ തുന്‍ബർഗ്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.