റിയാദ്: സൗദി അറേബ്യയുടെ പ്രധാന ഓയിൽ പൈപ് ലൈനിലെ രണ്ട് പമ്പിങ് സ്റ്റേഷനുകൾക്ക് നേരെ ഡ്രോൺ ആക്രമണം. ചൊവ്വാഴ്ച രാവിലെ ആറുമണിക്കും ആറരയ്ക്കും ഇടയിലായിരുന്നു ആക്രമണം. അതേസമയം, സൗദിയിലെ ആക്രമണത്തെ തുടർന്ന് എണ്ണവില ഉയർന്നു. യു എസിൽ എണ്ണവില 1.4% വർദ്ധിച്ചതായി സൗദി അരാംകോ സി എൻ എന്നിനോട് പറഞ്ഞു. സൗദി ഉൾപ്പെടെയുള്ള മേഖലകളിൽ പുതുതായി രൂപം കൊണ്ട ആശങ്കയുടെ പശ്ചാത്തലത്തിലാണ് ഇത്.
സൗദിയിലെ പ്രധാന മേഖലയിൽ നിന്ന് യമ്പൂ തുറമുഖത്തേക്ക് എണ്ണ എത്തിക്കുന്ന പൈപ്പ് ലൈനിലെ രണ്ട് പമ്പിങ് സ്റ്റേഷനുകളിലാണ് ആക്രമണം ഉണ്ടായത്. പ്രധാന പൈപ്പ് ലൈനിലെ എട്ട്, ഒമ്പത് നമ്പർ പമ്പിങ് സ്റ്റേഷനുകളിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് ചെറിയ രീതിയിൽ തീപിടുത്തം ഉണ്ടായി. പമ്പിങ് സ്റ്റേഷന് തകരാറുകൾ സംഭവിക്കുകയും ചെയ്തു.
ഇതിനിടെ, സൗദി അരാംകോ അധികൃതർ പൈപ്പ് ലൈൻ വഴിയുള്ള എണ്ണനീക്കം നിർത്തിവെച്ചു. അതേസമയം, ക്രൂഡും ഉൽപന്നങ്ങളും കയറ്റുമതി ചെയ്യുന്നതിൽ യാതൊരു തടസവും ഇല്ലെന്ന് സൗദി ഊർജമന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. ഇതിനിടെ, തകരാറുകൾ പരിശോധിച്ച് പരിഹരിച്ച് വരികയാണെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
1200 കിലോമീറ്റർ നീളം വരുന്ന പൈപ്പ് ലൈനിന്റെ പരമാവധി ശേഷി ഒരു ദിവസം അഞ്ച് മില്യൻ ബാരൽ വരെയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.