• HOME
 • »
 • NEWS
 • »
 • world
 • »
 • തെരുവോരത്ത് പെയ്ന്റിങ് വില്‍ക്കാന്‍ ശ്രമിക്കുന്ന വയോധികൻ; സോഷ്യൽ മീഡിയ ഉപയോക്താക്കളെ കണ്ണീരണിയിക്കുന്ന ചിത്രം

തെരുവോരത്ത് പെയ്ന്റിങ് വില്‍ക്കാന്‍ ശ്രമിക്കുന്ന വയോധികൻ; സോഷ്യൽ മീഡിയ ഉപയോക്താക്കളെ കണ്ണീരണിയിക്കുന്ന ചിത്രം

പാരീസിലെ തെരുവുകളില്‍ ദുര്‍ബലനായ ഒരു വയോധികൻ തന്റെ പെയിന്റിംഗ് വില്‍ക്കാന്‍ കഷ്ടപ്പെടുന്ന ഒരു ചിത്രത്തെ കുറിച്ചാണ് സമൂഹ മാധ്യമങ്ങളിലെ പുതിയ ചർച്ച

 • Share this:
  നമ്മുടെ ലോകം സ്ഥിരമായി വികസിച്ചു കൊണ്ടിരിക്കുന്ന ഒരു പെയ്ന്റിങ് പോലെയാണ്. അതില്‍ പല വര്‍ണ്ണങ്ങളില്‍ പല വികാരങ്ങളും ചാലിച്ചു ചേര്‍ത്തിട്ടുണ്ട്. ആ കാന്‍വാസില്‍ പല ഭാവങ്ങളുടേയും നിഴല്‍ അലിഞ്ഞു ചേര്‍ന്നിട്ടുമുണ്ട്. എന്തായാലും, അതിലെ ഏറ്റവും തീവ്രമായ ഭാവം കരുണയുടേതാണ്. പാരീസിലെ തെരുവുകളില്‍ ദുര്‍ബലനായ ഒരു വയോധികൻ തന്റെ പെയിന്റിംഗ് വില്‍ക്കാന്‍ കഷ്ടപ്പെടുന്ന ഒരു ചിത്രത്തെ കുറിച്ചാണ് സമൂഹ മാധ്യമങ്ങളിലെ പുതിയ ചർച്ച. പ്രായത്തെയും വെല്ലുന്ന അദ്ദേഹത്തിന്റെയാ കഠിനാധ്വാനം ഒരു സ്ത്രീ കാണാന്‍ ഇടയായി. തന്റെ അദ്ദേഹം ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ആ മനോഹരമായ സൃഷ്ടി വാങ്ങുക വഴി അവര്‍ അദ്ദേഹത്തിന്റെയാ ബുദ്ധിമുട്ടിനറുതി കാണുകയായിരുന്നു.

  ഈ ഊഷ്മളമായ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. വയോധികൻ ഒരു ക്യാൻവാസുമായി തന്റെ കലാസൃഷ്‌ടി വിൽക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ തെരുവിലെ ഓരോ വഴിയാത്രക്കാരനെയും അത് കാണിക്കാൻ ശ്രമിക്കുന്നു. ആരെങ്കിലും അത് വാങ്ങുമെന്ന പ്രതീക്ഷയോടെ ഈ സ്ത്രീയും അൽപം ദൂരെയുള്ള തന്റെ വീടിന്റെ ജനലിൽ കൂടി അത് നോക്കി നിൽക്കുകയായിരുന്നു. സമയം കടന്നു പൊയ്ക്കൊണ്ടേയിരുന്നു. ആരും തന്നെ അദ്ദേഹത്തിന് വേണ്ട ശ്രദ്ധ കൊടുക്കാതെ അവരുടെ കാര്യം നോക്കി പോയി. ചിലർ അദ്ദേഹത്തെ നോക്കിയെങ്കിലും, നടന്നകന്നു.

  ഇത്രയുമായപ്പോൾ, അവർക്ക് ഇനിയുമത് കണ്ട് നിൽക്കാൻ സാധിക്കില്ല എന്നു മനസ്സിലായി. തന്റെ വീട്ടിൽ നിന്നും താഴെയിറങ്ങി വന്ന് അദ്ദേഹത്തിന്റെ കൈയിൽ നിന്നും ആ പെയ്ന്റിങ് വാങ്ങാൻ തീരുമാനിച്ചു. അവർ ആ വീഡിയോ തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കു വെച്ചു കൊണ്ട് ഇങ്ങനെ കുറിച്ചു, “ഈ പരിസരങ്ങളിൽ അദ്ദേഹത്തെ ഞാൻ മുൻപും കണ്ടിട്ടുണ്ട്, എന്നാൽ ആദ്യമായാണ് അദ്ദേഹം എന്തെങ്കിലും വിൽക്കാൻ ശ്രമിക്കുന്നത് ഞാൻ കാണുന്നത്. തന്റെ കലാസൃഷ്ടിക്ക് അദ്ദേഹം ആവശ്യപ്പെട്ടത് 30 യൂറോ ആയിരുന്നു. എന്നാൽ ആ ചിത്രം വളരെ മനോഹരമായിരുന്നു, അതിനാൽ ഞാൻ 40 യൂറോ നൽകാമെന്ന് നിർദ്ദേശിക്കുകയായിരുന്നു.”

  ‘ഗുഡ് ന്യൂസ് കറസ്പോണ്ടന്റ്’ എന്ന ട്വിറ്റർ ഉപയോക്താവും ഇതേ വീഡിയോ പങ്കുവെയ്ക്കുകയുണ്ടായി. അപ്പോൾ മുതൽ വീഡിയോയ്ക്ക് പ്രതകരണം അർപ്പിച്ചു കൊണ്ട് ധാരാളം ഇന്റർനെറ്റ് ഉപയോക്താക്കൾ രംഗത്ത് എത്തിയിട്ടുണ്ട്. ചിലർ കണ്ണീരോടെയും, മറ്റു ചിലർ അദ്ദേഹത്തിന്റെ ചിരി ഏറ്റവും നിഷ്കളങ്കതയോടും സന്തോഷത്തോടെയും കൂടിയാണ് കാണുന്നത്.

  “യന്ത്ര നിർമ്മിതമായ ഒരു ടിഷർട്ടിന് 40 യൂറോ ആണ് വില. അതിനാൽ ഈ പെയിന്റിങ്ങിന്റെ മൂല്യം ഇതിലും എത്രയോ വലുതാണ്. വളരെ ഗംഭീരമായി തോന്നുന്നു,” ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

  പലരും ഇവരുടെ കരുണ്യത്തിലും പെയ്ന്റിങിന്റെ ഭംഗിയിലും അഭിനന്ദനം അറിയിച്ചിട്ടുണ്ട്. കൂടാതെ അവരിൽ പലരും, ഇദ്ദേഹത്തിന്റെ ശേഖരത്തിലുള്ള കൂടുതൽ ചിത്രങ്ങൾ വാങ്ങാനുള്ള താൽപര്യവും പ്രകടിപ്പിച്ചിട്ടുണ്ട്.

  വീഡിയോ ദൃശ്യങ്ങളിൽ അത്ഭുതകരമെന്ന് തോന്നിക്കുന്ന ആ ചിത്രവും കാണിക്കുന്നുണ്ട്. അവരെപ്പോലെ കാരുണ്യമുള്ള മനുഷ്യരും അദ്ദേഹത്തെപ്പോലെ കഴിവുള്ള കലാകാരന്മാരും ഈ ലോകത്ത് ഇനിയുമിനിയും ഉണ്ടാകട്ടെ എന്നും, ഈ ലോകം ഇനിയുമേറെ സന്തോഷം നൽകുന്ന ഒരിടമായി മാറട്ടെയെന്നും നമുക്ക് പ്രതീക്ഷയോടെ ആശംസിക്കാം.
  Published by:Karthika M
  First published: