നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • മലയാളിയുടെ പ്രിയപ്പെട്ട മാർകേസിന്റെ 'ഏകാന്തതയുടെ നൂറു വർഷങ്ങൾ' വെബ് സീരീസാകുന്നു

  മലയാളിയുടെ പ്രിയപ്പെട്ട മാർകേസിന്റെ 'ഏകാന്തതയുടെ നൂറു വർഷങ്ങൾ' വെബ് സീരീസാകുന്നു

  നെറ്റ് ഫ്ളിക്സാണ് നോവൽ സ്ക്രീനിലെത്തിക്കുന്നത്

  • News18
  • Last Updated :
  • Share this:
   ലോകമെങ്ങമുള്ള വായനക്കാരുടെ മനസ്സിൽ ചേക്കേറിയ വിഖ്യാത കൊളംബിയൻ എഴുത്തുകാരൻ ഗബ്രിയേൽ ഗാർസ്യ മാർകേസിന്റെ നോവൽ 'ഏകാന്തതയുടെ നൂറ് വർഷങ്ങൾ' വെബ് സീരീസാകുന്നു. മാർകേസിന്റെ മാസ്റ്റർപീസായി നിരൂപകർ വിലയിരുത്തുന്ന രചനയെ നെറ്റ് ഫ്ളിക്സാണ് സ്ക്രീനിലെത്തിക്കുന്നത്. സ്പാനിഷ് ഭാഷയില്‍ നിർമിക്കുന്ന വെബ് സീരീസിന്റെ ചിത്രീകരണം മാർകേസിന്റെ ജന്മദേശമായ കൊളിംബിയയിലാകും ചിത്രീകരിക്കുക. മാർകേസിന്റെ മക്കളായ റോഡ്രിഗോ ഗാർസ്യ, ഗോൺ‌സാലോ ഗാർസ്യ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ‌.

   സ്പാനിഷ് ഭാഷയിൽ 1967ൽ പുറത്തിറങ്ങിയ ഈ നോവൽ 1982ലെ സാഹിത്യ നൊബേൽ പുരസ്കാരം മാർകേസിന് നേടിക്കൊടുക്കുന്നതിൽ നിർണായകമായി. മാജിക്കൽ റിയലിസം എന്ന സാഹിത്യ രീതിയിൽ പിറവിയെടുത്ത ഈ നോവൽ മാർകേസിനെ ലാറ്റിനമേരിക്കയിൽ മുൻനിര സാഹിത്യ കാരനാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. സാങ്കൽപിക ഗ്രാമമായ മക്കോണ്ടയിലെ ബുവെണ്ടിയ കുടുംബത്തിന്റെ ഏഴു തലമുറകളുടെ കഥയാണ് നോവലിന്റെ ഇതിവൃത്തം. നോവലിന്റെ അഞ്ചുകോടിയിലേറെ പ്രതികളാണ് 46 ഭാഷകളിലായി ലോകമെമ്പാടും വിറ്റുപോയത്.

   'ഏകാന്തതയുടെ നൂറ് വർഷങ്ങൾ' സിനിമയാക്കാൻ പല നിർമാതാക്കളും മാർകേസിനെ സമീപിച്ചിരുന്നെങ്കിലും ഒന്നോ രണ്ടോ സിനിമയ്ക്കുള്ളിൽ പുസ്തകം ഒതുക്കാനാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നെങ്കിലും ഏകാന്തതയുടെ നൂറ് വർഷങ്ങൾക്ക് ചലച്ചിത്രരൂപം ഉണ്ടാകുകയാണെങ്കിൽ അത് സ്പാനിഷിൽ തന്നെ വേണമെന്നും മാർകേസിന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് 'കോളറാ കാലത്തെ പ്രണയം' അടക്കമുള്ള മാർകേസിന്റെ പല കൃതികളും സിനിമയായിട്ടുണ്ടെങ്കിലും ഏകാന്തതയുടെ നൂറ് വർഷങ്ങൾ ഇതുവരെയും സ്ക്രീനിലെത്തിയില്ല. വെബ് സീരീസിന് സമയപരിമിതിയല്ലാത്തത് നോവലിനെ കൂടുതൽ വിശാലമായി തന്നെ സ്ക്രീനിലെത്തിക്കാനാകുമെന്നാണ് മാർക്കേസിന്റെ കുടുംബം കരുതുന്നത്.

   മക്കോണ്ട എന്ന ഗ്രാമത്തിലെ ബുവെൻണ്ടിയ കുടുംബത്തിന്റെ ഏഴ് തലമുറകളുടെ കഥയാണ് ഏകാന്തതയുടെ നൂറ് വർഷങ്ങൾ പറയുന്നത്. ഒരു പുതിയ ജീവിതം സ്വപ്നം കണ്ട് ജോസ് അർക്കേഡിയോ ബുവെണ്ടിയ, ഭാര്യ ഉർസുല ഇഗ്വറാൻ എന്നിവർ കൊളംബിയയിലെ റിയോഹച്ച് ഉപേക്ഷിച്ച് യാത്ര തിരിക്കുന്നു. ഒരു നദീതടത്തിലെ വിശ്രമത്തിനിടക്ക് ജോസ് അർക്കേഡിയൊ പൂർണമായും കണ്ണാടികൊണ്ട് നിർമിതമായ മക്കോണ്ട എന്ന നഗരം സ്വപ്നം കാണുന്നു. തുടർന്ന് അതേ നദീതടത്തിൽ ഏറെ നാളത്തെ അലച്ചിലിനൊടുവിൽ അദ്ദേഹം മക്കോണ്ട സ്ഥാപിക്കുന്നു. തങ്ങൾക്ക് ചുറ്റുമുള്ള ലോകവും പിന്നീട് ജോസ് അർക്കേഡിയൊ സ്വന്തം വീക്ഷണങ്ങൾക്കനുസരിച്ചു നിർമ്മിക്കുന്നു. തുടർന്നുള്ള വർഷങ്ങളിൽ മക്കോണ്ടയിൽ അത്ഭുതാവഹവും, അനിതരസാധാരണവുമായ സംഭവങ്ങൾ അരങ്ങേറുന്നു. കഥാന്ത്യത്തിൽ കണ്ണാടികളാൽ നിർമിതമായ മക്കോണ്ട ഒരു കൊടുങ്കാറ്റിനെത്തുടർന്ന് നശിക്കുന്നു.

   'ഏകാന്തതയുടെ നൂറ് വർഷങ്ങൾ സിനിമയാക്കുന്നതിനെപ്പറ്റി എനിക്ക് എട്ട് വയസുള്ളപ്പോൾ മുതൽ ഞാൻ കേൾക്കുന്നതാണ്. ഞങ്ങളുടെ കുടുംബത്തിന് വേഗത്തിൽ എടുക്കാവുന്ന ഒരു തീരുമാനം ആയിരുന്നില്ല ഇത്. ഇപ്പോൾ വലിയൊരു അധ്യായം തീർന്നിരിക്കുന്നു, മറ്റൊരു വലിയ അധ്യായം തുറക്കുകയും ചെയ്യുന്നു'- തീരുമാനത്തെ കുറിച്ച് റോഡ്രിഗോ ഗാർസ്യ പറഞ്ഞു. കഴിഞ്ഞ മൂന്നുനാല് വർഷങ്ങളായി വെബ് സീരീസ് എന്ന ദൃശ്യസങ്കേതത്തിന് ഏറെ വളർച്ചയും വിജയവും ഉണ്ടായിട്ടുണ്ട്. വിദേശഭാഷകളിലെ സബ്‍ടൈറ്റിലുകളുള്ള വെബ് സീരീസുകൾ ആളുകൾ കാത്തിരുന്നുകാണുമെന്ന് നെറ്റ്ഫ്ലിക്സ് തെളിയിച്ചു. അതുകൊണ്ടാണ് നോവലിന് ദൃശ്യരൂപമൊരുക്കാനുള്ള അവകാശം നെറ്റ്ഫ്ലിക്സിന് നൽകിയതെന്ന് റോഡ്രിഗോ ഗാർസ്യ പറഞ്ഞു.

   'ഏകാന്തതയുടെ നൂറു വർഷങ്ങളുടെ' ചലച്ചിത്ര പകർപ്പവകാശത്തിനായി പലവട്ടം ശ്രമിച്ചിരുന്നെങ്കിലും മാർകേസിന്റെ കുടുംബം തയാറായിരുന്നില്ലെന്ന് നെറ്റ്ഫ്ലിക്സിന്റെ വൈസ് പ്രസിഡന്റ് ഫ്രാൻസിസ്കോ റാമോസ് പറയുന്നു. 'നാർകോസ്' പോലെയുള്ള വെബ് സീരീസുകളുടെ വിജയവും ഓസ്കർ നേടിയ 'റോമ' എന്ന നെറ്റ്ഫ്ലിക്സ് സിനിമയും ഒക്കെയാണ് കുടുംബത്തിന് മാറിച്ചിന്തിക്കാൻ പ്രേരണയായതെന്നും അദ്ദേഹം പറഞ്ഞു. നോവലിലെ പ്രധാന കഥാപാത്രങ്ങളെ ആരൊക്കെ സ്ക്രീനിൽ അവതരിപ്പിക്കുമെന്നത് സംബന്ധിച്ച് വെളിപ്പെടുത്താൻ സമയമായിട്ടില്ലെന്നും റാമോസ് പറയുന്നു.

   First published: