ന്യൂഡൽഹി: ആഭ്യന്തര കലാപം രൂക്ഷമാകുന്ന സുഡാനിൽ നിന്ന് 3000 പേരെ ഇന്ത്യ തിരിച്ചെത്തിച്ചു. ഓപ്പറേഷൻ കാവേരിയിലൂടെ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇത്രയധികം പേരെ ഒഴിപ്പിച്ചതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു.
” ഐഎഎഫ് സി-130ജെ വിമാനത്തിൽ ഒഴിപ്പിക്കുന്നവരുടെ പതിനാറാമത്തെ ബാച്ച് പോർട്ട് സുഡാനിൽ നിന്ന് പുറപ്പെട്ടു. 122 യാത്രക്കാരുമായി ജിദ്ദയിലേക്കാണ് പോയത്. ഇതിനോടകം 3000 പേരെ സുഡാനിൽ നിന്നും തിരിച്ചെത്തിച്ചു,’ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
ഇന്ത്യാക്കാരെ എത്തിക്കാൻ സൗദിയിലെ ജിദ്ദയിൽ പ്രത്യേകം ക്യാംപ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച ഏകദേശം 360 പേരെ ന്യൂഡൽഹിയിലേക്ക് എത്തിക്കാനും സാധിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Also read-സുഡാനിൽ ഇന്ത്യൻ സമൂഹം വളർന്നതും വികസിച്ചതും എങ്ങനെ
ഏകദേശം 2300 പേരെ ഇന്ത്യയിലേക്ക് എത്തിച്ച് കഴിഞ്ഞുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഞായറാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.
സുഡാനിലെ പ്രശ്‌ന ബാധിത മേഖലയായ ഖാർത്തൂമിൽ നിന്ന് ബസ്സിലും മറ്റ് ഗതാഗത സൗകര്യം ഉപയോഗിച്ചുമാണ് ഇന്ത്യ ആളുകളെ പോർട്ട് സുഡാനിലേക്ക് എത്തിച്ചത്. അവിടെ നിന്ന് അവരെ ജിദ്ദയിലേക്ക് എത്തിക്കുകയായിരുന്നു. ഇന്ത്യൻ നേവി കപ്പലുകളും രക്ഷാ പ്രവർത്തനത്തിനായി ഉപയോഗിച്ചിട്ടുണ്ട്.
ജിദ്ദയിൽ നിന്ന് ഇന്ത്യക്കാരെ വിമാനങ്ങൾ വഴി ഇന്ത്യയിലേക്ക് എത്തിക്കുകയായിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ജിദ്ദയിലും പോർട്ട് സുഡാനിലും ഇന്ത്യ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഖാർത്തൂമിലെ ഇന്ത്യൻ എംബസിയും രക്ഷാപ്രവർത്തനം മികച്ച രീതിയിൽ ഏകോപിപ്പിക്കുന്നുണ്ട്.
Also read-സുഡാനിൽ നിന്ന് ഇന്ത്യ 1100 പൗരന്മാരെ ഒഴിപ്പിച്ചു; ചൈനയും യുഎസും നടപടികൾ ആരംഭിച്ചു
സുഡാനിലെ ആഭ്യന്തര കലാപം മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുകയാണ്. സേനയും പാരാമിലിട്ടറി സേനയും തമ്മിലുള്ള യുദ്ധത്തിൽ ഇതിനോടകം നിരവധി പേരാണ് കൊല്ലപ്പെട്ടത്.
500ലധികം പേരാണ് കലാപത്തിൽ കൊല്ലപ്പെട്ടത്. പതിനായിരക്കണക്കിന് പേർക്ക് തങ്ങളുടെ രാജ്യമുപേക്ഷിച്ച് പോകേണ്ട അവസ്ഥ വന്നു. ഏപ്രിൽ 15 മുതലാണ് കലാപം ആരംഭിച്ചത്.
72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപനം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതോടെ കഴിഞ്ഞ ദിവസങ്ങളിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയിരുന്നു. സൈന്യവും അർദ്ധസൈനികരും തമ്മിലുള്ള പോരാട്ടം നൂറുകണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുകയും വെള്ളം, ഭക്ഷണം, മരുന്നുകൾ, ഇന്ധനം എന്നിവയുടെ രൂക്ഷമായ ക്ഷാമത്തിലേക്ക് നയിക്കുകയും ചെയ്ത സുഡാനിൽ നിന്ന് റോഡ്, വ്യോമ, കടൽ മാർഗങ്ങളിലൂടെ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ വിദേശ രാജ്യങ്ങൾ ശ്രമിക്കുകയാണ്. സുഡാനിലെ ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച് ഈ പോരാട്ടത്തിൽ ഇതുവരെ കുറഞ്ഞത് 512 പേർ കൊല്ലപ്പെടുകയും 4,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഖാർത്തൂമിലെ ചില ജില്ലകൾ നാമാവശേഷമാവുകയും ചെയ്തു.
ഞായറാഴ്ച യുഎസ് സൈനിക ഹെലികോപ്റ്ററുകൾ ഖാർത്തൂമിന്റെ തെക്കേ അറ്റത്തുള്ള എംബസിയിൽ നിന്ന് 100-ൽ താഴെ ആളുകളെ ഒഴിപ്പിച്ചിരുന്നു. യുഎസ് പൗരന്മാർക്ക് സുഡാനിൽ നിന്ന് കരമാർഗം പുറത്തേക്ക് വരാനായുള്ള വഴികൾ ഉദ്യോഗസ്ഥർ മുഖേന പരിശോധിക്കുന്നുണ്ടെന്ന് പെന്റഗൺ അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.