നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • ഭീകരർക്ക് സാമ്പത്തിക സഹായം; 8500ൽ അധികം ഇടപാടുകൾ സംശയകരം; പാകിസ്ഥാന് മുന്നറിയിപ്പുമായി എഫ്എടിഎഫ്

    ഭീകരർക്ക് സാമ്പത്തിക സഹായം; 8500ൽ അധികം ഇടപാടുകൾ സംശയകരം; പാകിസ്ഥാന് മുന്നറിയിപ്പുമായി എഫ്എടിഎഫ്

    മെയ് 2019 വരെയാണ് പാകിസ്ഥാന് എഫ്എടിഎഫ് സമയം നൽകിയിരിക്കുന്നത്. അതിനുള്ളിൽ രാജ്യത്തെ ഭീകരവാദസംഘടനകൾക്ക് പണം നൽകുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ കൂട്ടായ്മ പാകിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്തും

    Jaish-e-Mohammed

    Jaish-e-Mohammed

    • News18
    • Last Updated :
    • Share this:
      ഇസ്ലാമാബാദ്: ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് പാകിസ്ഥാന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ മുന്നറിയിപ്പ്. ഭീകരർക്കും അവരുടെ പ്രവർത്തനങ്ങൾക്കും ആവശ്യമായ ഫണ്ട് ലഭ്യമല്ലാതായാൽ ലോകം ഭീകരവാദ ഭീഷണിയിൽ നിന്ന് മുക്തരാകുമെന്ന് പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് എഫ്എടിഎഫ് വ്യക്തമാക്കി. ഭീകരസംഘടനകൾക്കുള്ള സാമ്പത്തികസഹായം തടയാനും കള്ളപ്പണം വെളുപ്പിക്കുന്നത് അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് 38 രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച രാജ്യാന്തരക്കൂട്ടായ്മയാണ് എഫ്എടിഎഫ്. ചൈനയുമായും റഷ്യയുമായും വ്യാപാര ബന്ധങ്ങളെ പുതിയ തലത്തിലേക്ക് കൊണ്ടുപോകാൻ ശ്രമങ്ങൾ നടത്തുന്ന പാകിസ്താന് എഫിഎടിഎഫിന്റെ മുന്നറിയിപ്പ് വലിയ തിരിച്ചടിയാണ്.

      2018ൽ സംഘടനയുടെ സാമ്പത്തികകാര്യ നിരീക്ഷക സമിതി 8707 സാമ്പത്തിക ഇടപാടുകൾ സംശയകരമാണെന്ന് കണ്ടെത്തി. 2017ൽ ഇത് 5548 ആയിരുന്നു. ഈ വർഷം ജനുവരിയിലും ഫെബ്രുവരിയിലും മാത്രം 1136 സംശയകരമായ സാമ്പത്തിക ക്രയവിക്രയം കണ്ടെത്തിയെന്ന് പാകിസ്ഥാനിലെ ഡോൺ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ആറ് ബാങ്കുകൾക്ക് പിഴ ഈടാക്കി. വ്യാജ അക്കൗണ്ട് തുറന്നതുമായി ബന്ധപ്പെട്ട് 109 ബാങ്കുകൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഇതിനുപുറമെ 20 ബില്യൺ പാകിസ്ഥാനി രൂപയുടെ കള്ളപ്പണവും സ്വർണവും അടക്കം കണ്ടുകെട്ടിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

      മെയ് 2019 വരെയാണ് പാകിസ്ഥാന് എഫ്എടിഎഫ് സമയം നൽകിയിരിക്കുന്നത്. അതിനുള്ളിൽ രാജ്യത്തെ ഭീകരവാദസംഘടനകൾക്ക് പണം നൽകുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ കൂട്ടായ്മ പാകിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്തും. കഴിഞ്ഞ ജൂണിലാണ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ പെടുത്തി എഫ്എടിഎഫ് മുന്നറിയിപ്പ് നൽകിയത്. എന്നാൽ ഇപ്പോൾത്തന്നെ പാകിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്തണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. പാകിസ്ഥാന് പുൽവാമ ഭീകരാക്രമണത്തിൽ നേരിട്ട് പങ്കുണ്ടെന്നും വ്യക്തമാക്കുന്ന തെളിവുകൾ എഫ്എടിഎഫിന് മുന്നിൽ വയ്ക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കൽ കരിമ്പട്ടികയിൽ പെട്ടാൽ പാകിസ്ഥാന് പിന്നെ തിരിച്ചുവരവ് എളുപ്പമാകില്ല. എല്ലാ സാമ്പത്തിക ഏജൻസികളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും വായ്പകളോ സഹായങ്ങളോ ലഭിക്കുന്നതിനും ഇത് തടസമാകും.
      First published:
      )}