ഇസ്ലാമബാദ്: എല്ലാ വിമാന സർവീസുകളും പാകിസ്ഥാൻ താൽക്കാലികമായി റദ്ദു ചെയ്തു. ദേശീയ വാർത്താ ഏജൻസിയായ എ എൻ ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എല്ലാ പ്രാദേശിക, അന്താരാഷ്ട്ര വിമാനങ്ങളും റദ്ദു ചെയ്തു. പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ഇനിയൊരു നോട്ടീസ് നൽകുന്നതു വരെ വിമാന സർവീസുകൾ ഉണ്ടായിരിക്കുന്നതല്ലെന്നും പാകിസ്ഥാൻ ഏവിയേഷൻ ഏജൻസി പറഞ്ഞതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാത്രി വൈകി ട്വിറ്ററിലൂടെയാണ് സി എ എ ഇക്കാര്യം അറിയിച്ചത്.
പൈലറ്റിനെ വിട്ടുകിട്ടാൻ ശ്രമം തുടങ്ങി; പാകിസ്ഥാനു മേൽ സമ്മർദ്ദം ശക്തമാക്കാൻ ഇന്ത്യ
അതേസമയം, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ പാകിസ്ഥാനിലെ ഫൈസാലാബാദ്, ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ, മുൾട്ടാൻ, പെഷവാർ, സിയാൽകോട് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഖത്തർ എയർവേസ് താൽക്കാലികമായി നിർത്തി വെച്ചിരുന്നു.
ബുധനാഴ്ച ഇന്ത്യയിലും എട്ടു വിമാനത്താവളങ്ങൾ കുറച്ചുസമയത്തേക്ക് അടച്ചിടുകയും പിന്നീട് തുറക്കുകയും ചെയ്തിരുന്നു. പാകിസ്ഥാൻ വ്യോമപാത അടച്ച സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളും എയർ കാനഡ റദ്ദു ചെയ്തിരുന്നു. കഴിഞ്ഞദിവസം പാകിസ്ഥാന് മുകളിൽ കൂടിയുള്ള എല്ലാ വിമാനങ്ങളും റദ്ദു ചെയ്തതായി എയർ ഇന്ത്യയും അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.