• HOME
  • »
  • NEWS
  • »
  • world
  • »
  • പാകിസ്ഥാനിൽ മതനിന്ദ കുറ്റം നേരിട്ടു; ക്രിസ്ത്യൻ യുവതി ഫ്രാൻസിൽ അഭയം തേടി

പാകിസ്ഥാനിൽ മതനിന്ദ കുറ്റം നേരിട്ടു; ക്രിസ്ത്യൻ യുവതി ഫ്രാൻസിൽ അഭയം തേടി

പ്രവാചക നിന്ദ ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് എട്ട് വർഷത്തോളം ജയിലിലായിരുന്നു അസിയ ബിബി. 2018ലാണ് അവർ ജയിൽ മോചിതയായത്

asia bibi

asia bibi

  • Share this:
    പാരീസ്: പാകിസ്ഥാനിൽ മതനിന്ദ കുറ്റത്തിന് വധശിക്ഷ നേരിട്ട ക്രിസ്ത്യൻ യുവതി ഫ്രാൻസിൽ അഭയം തേടി. അസിയ ബിബിയാണ് പൗരത്വം തേടി ഫ്രഞ്ച് സർക്കാരിനെ സമീപിച്ചത്. പ്രവാചക നിന്ദ ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് എട്ട് വർഷത്തോളം ജയിലിലായിരുന്നു അസിയ ബിബി. 2018ലാണ് അവർ ജയിൽ മോചിതയായത്. അസിയ ബിബി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ വെള്ളിയാഴ്ച സന്ദർശിക്കുമെന്ന് അധികൃതർ അറിയിച്ചു.

    കഴിഞ്ഞ വർഷം പാകിസ്താൻ മോചിപ്പിച്ച ശേഷം ബീബി കാനഡയിലാണ് താമസിച്ചിരുന്നത്. ഫ്രഞ്ച് റേഡിയോ ആർ‌ടി‌എല്ലിന് നൽകിയ അഭിമുഖത്തിലാണ് ഫ്രാൻസിൽ താമസിക്കാനുള്ള ആഗ്രഹം അവർ പ്രകടിപ്പിച്ചത്. അസിയ ബീബിയെയും കുടുംബത്തെയും ഫ്രാൻസിലേക്ക് സ്വാഗതം ചെയ്യാൻ തയ്യാറാണെന്ന് മാക്രോണിന്‍റെ ഓഫീസ് അറിയിച്ചിരുന്നു.

    2009 ജൂൺ 14നാണ് അസിയ ബിബിയുടെ ജീവിതം മാറ്റിമറിച്ച സംഭവവികാസങ്ങൾ ഉണ്ടായത്. ക്രിസ്ത്യൻ യുവതിയായ അസിയ, മുസ്ലീം വിഭാഗക്കാർ ഉപയോഗിച്ചിരുന്ന കിണറ്റിൽനിന്ന് വെള്ളം കോരി കുടിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഈ വിഷയത്തിൽ മൂന്നു മുസ്ലീം സ്ത്രീകളുമായി അസിയ ബിബി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടെ പ്രവാചകനെ നിന്ദിക്കുന്നതരത്തിലുള്ള വാക്കുകൾ ഇവർ ഉപയോഗിച്ചതായാണ് ആരോപണം.

    വെള്ളം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനിടെ ഒരു പുരോഹിതന്‍റെ സാന്നിദ്ധ്യത്തിലാണ് അസിയ ബിബി പ്രവാചനകനെതിരെ സംസാരിച്ചത്. വിഷയം കേസായതോടെയാണ് പ്രാദേശിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2010ൽ ലാഹോർ ഹൈക്കോടതി വധശിക്ഷ ശരിവെക്കുകയും ചെയ്തു. എട്ടുവർഷത്തോളം അസിയ ബിബിയെ അധികൃതർ ജയിലിലടച്ചു. 2018 ഒക്ടോബറിലാണ് പാകിസ്ഥാൻ സുപ്രീം കോടതി ഇവരെ കുറ്റവിമുക്തയാക്കിയത്.

    ഇതിനിടെ 2011ൽ അസിയയെ അനുകൂലിച്ച് രംഗത്തെത്തിയ പഞ്ചാബ് പ്രവിശ്യ ഗവർണറായിരുന്ന സൽമാൻ തസീറിനെ സുരക്ഷാജീവനക്കാരൻ വെടിവെച്ചുകൊന്നത് വലിയ വാർത്തയായിരുന്നു. പിന്നീട് സുപ്രീം കോടതിയിൽ ഹർജി നൽകിയതോടെയാണ് അസിയ ബിബിയുടെ മോചനത്തിന് വഴിയൊരുങ്ങിയത്. അസിയ ബിബിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും സംശയത്തിന്‍റെ ആനുകൂല്യത്തിൽ വെറുതെ വിടണമെന്നുമാണ് അഭിഭാഷകൻ വാദിച്ചത്.

    അസിയയെ വെറുതെവിട്ട വിധിന്യായത്തിൽ, അനീതിയും അടിച്ചമർത്തലുമല്ല സഹിഷ്ണുതയാണ് ഇസ്ലാമിന്‍റെ അടിസ്ഥാന തത്വമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കോടതി വെറുതെവിട്ടെങ്കിലും അസിയ ബിബിയെ വധിക്കുമെന്ന ഭീഷണിയുമായി പാകിസ്ഥാനിലെ തീവ്രവാദി ഗ്രൂപ്പുകൾ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് പാകിസ്ഥാൻ വിട്ട അസിയ ബിബിയും കുടുംബവും കഴിഞ്ഞ വർഷം ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചിരുന്നു. കാനഡയിൽ താമസമാക്കിയ അസിയ ബിബിയും കുടുംബവും ഇപ്പോൾ ഫ്രാൻസിലേക്ക് മാറുന്നതിനുള്ള ശ്രമത്തിലാണ്.
    Published by:Anuraj GR
    First published: