ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ തമ്മിലുള്ള ഫോൺ സംഭാഷണം ചോർന്നതായി റിപ്പോർട്ട്. പാക് സുപ്രീം കോടതിയിലെ ജഡ്ജിയുടെ അമ്മായിയമ്മയുടെയും പാകിസ്ഥാൻ തെഹ്‌രീഖ് ഇ ഇൻസാഫിന്റെ നിയമോപദേശകനായ ഖ്വാജ താരിഖ് റഹീമിന്റെ ഭാര്യയും തമ്മിലുള്ള സംഭാഷണമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
ചോർന്ന ഓഡിയോ റെക്കോർഡിന്റെ ഉള്ളടക്കം സ്വതന്ത്രമായി പരിശോധിക്കാൻ ന്യൂസ് 18ന് കഴിഞ്ഞിട്ടില്ല. പാകിസ്ഥാൻ മാധ്യമമായ ഡോണിന് ഓഡിയോയുടെ ആധികാരികത ഉറപ്പാക്കാൻ കഴിഞ്ഞതായാണ് വിവരം.
നിലവിൽ ഈ ഓഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിലും മുഖ്യധാര മാധ്യമങ്ങളിലും ചർച്ചയാകുകയാണ്. അതോടെ പുതിയ വിവാദങ്ങൾക്കും തുടക്കമായിട്ടുണ്ട്. ഇതോടെ ജുഡീഷ്യറിയും സർക്കാരും തമ്മിലുള്ള പോര് മുറുകാനാണ് സാധ്യതയെന്നാണ് കരുതുന്നത്.
Also Read- ഇല്ല! ഞങ്ങളുടെ മത്സ്യകന്യക ഇങ്ങനെയല്ല; വലിയ സ്തനങ്ങളും പിൻഭാഗവുമുള്ള ശിൽപത്തിനെതിരെ പ്രതിഷേധം
കോടതിയ്ക്ക് മുന്നിൽ പരിഗണനയിലുള്ള ഒരു വിഷയമാണ് രണ്ട് സ്ത്രീകളും സംസാരിക്കുന്നതെന്ന് ഓഡിയോയിൽ നിന്ന് വ്യക്തമാണ്. പഞ്ചാബ്, കൈബർ പഖ്തൂൺ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വൈകുന്നത് സംബന്ധിച്ച് പാകിസ്ഥാൻ ചീഫ് ജസ്റ്റിസ് ഉമർ അത്താ ബാൻഡിയാൽ സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. ഈ വിഷയമാണ് ഇവർക്കിടയിൽ ചർച്ചയായത്.
ജസ്റ്റിസ് ഇജാസുൽ അഹ്‌സൻ, ജസ്റ്റിസ് മുനീബ് അക്തർ, ചീഫ് ജസ്റ്റീസ് ബാൻഡിയാൽ എന്നിവരാണ് കേസ് പരിഗണിക്കുന്നത്.
സ്‌നാപ്പ് പോളുകളുടെയും സൈനിക നിയമത്തിന്റെ സാധ്യതയെക്കുറിച്ചും പിടിഐ നേതാവിന്റെ ഭാര്യ സംസാരിക്കുന്നുണ്ട്. കൂടാതെ ഉന്നത ജഡ്ജിയുടെ അധികാരം നിയന്ത്രിക്കാൻ സർക്കാർ കൊണ്ടുവന്ന നിയമത്തെപ്പറ്റിയും ഇവർ പറയുന്നത് ഓഡിയോയിലുണ്ട്.
അതേസമയം താൻ ചീഫ് ജസ്റ്റിസിന് സന്ദേശമയച്ചുവെന്നും ഇവർ പറയുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകൾ അദ്ദേഹത്തിനായി പ്രാർത്ഥിക്കുന്നുണ്ടെന്നും പിന്തുണയ്ക്കുന്നുണ്ടെന്നും പറയുന്ന സന്ദേശമാണ് താൻ അയച്ചതെന്നാണ് ഇവർ പറയുന്നത്.
” ഞാൻ ലാഹോർ റാലിയിൽ പങ്കെടുത്തിരുന്നു. ആയിരക്കണക്കിന് വരുന്ന ജനങ്ങളാണ് അവിടെയുണ്ടായിരുന്നത്,” കഴിഞ്ഞ മാസം മിനാർ-ഇ-പാകിസ്ഥാനിൽ നടന്ന പിടിഐ റാലിയെ സൂചിപ്പിച്ച് യുവതി പറഞ്ഞു.
എല്ലാ നഗരങ്ങളിലും ലക്ഷക്കണക്കിന് ആളുകളുണ്ട്. അതിൽ എത്ര പേർ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നുണ്ടെന്ന് ഊഹിക്കാനാകുമോ എന്നും യുവതി പറഞ്ഞതായി വാർത്താ ഏജൻസി ഡോൺ റിപ്പോർട്ട് ചെയ്തു.
അതേസമയം സ്വമേധയാ നോട്ടീസ് അയക്കാനുള്ള ചീഫ് ജസ്റ്റിസിന്റെ അധികാരത്തെ ചോദ്യം ചെയ്തതിന് സർക്കാരിന്റെ വിമർശിക്കുകയാണ് മറുഭാഗത്ത് നിന്നുള്ളയാൾ. ഇക്കാര്യവും ഓഡിയോയിലുണ്ട്. ചീഫ് ജസ്റ്റിസിനെ വിമർശിക്കുന്നവർ രാജ്യത്തെ ചതിക്കുകയാണെന്നും ഇവർ പറയുന്നുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്നാണ് ഒരു സ്ത്രീ പറഞ്ഞത്.
” തെരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ പട്ടാള നിയമം വരും. അവർ കാത്തിരിക്കില്ല,’ എന്നാണ് ഇവർ പറഞ്ഞത്.
” അവർ പട്ടാളനിയമം ഏർപ്പെടുത്താൻ തയ്യാറല്ല. സൈന്യം ഇടപെടാൻ വിമുഖത കാണിക്കുന്നുണ്ട്,’ എന്നാണ് ജഡ്ജിയുടെ അമ്മായിയമ്മയുടെ മറുപടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Controversy, Pakistan