ഇസ്ലാമാബാദ്: തുർക്കിയിലെ ഭൂകമ്പബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോയ ഇന്ത്യൻ എൻഡിആർഎഫ് വിമാനത്തിന് പാകിസ്ഥാൻ വ്യോമാതിർത്തി നിഷേധിച്ചു. ഇതേത്തുടർന്ന് വിമാനം വഴിതിരിച്ചുവിടേണ്ടിവന്നു. ദുരന്തനിവാരണ സേനാംഗങ്ങളും മെഡിക്കൽ സംഘവും ഉൾപ്പെടുന്ന വിമാനത്തിൽ ദുരന്തനിവാരണ സാമഗ്രികളും മരുന്നും ഭക്ഷണവുമെല്ലാം ഉണ്ടായിരുന്നു. മണ്ണിനടിയിൽപ്പെട്ടവരെ തെരഞ്ഞു കണ്ടുപിടിക്കാൻ പ്രത്യേക പരിശീലന ലഭിച്ച നായകളെയും ഇന്ത്യ തുർക്കിയിലേക്ക് അയച്ചിട്ടുണ്ട്.
നേരത്തെ, തന്റെ രാജ്യത്തിന് ദുരിതാശ്വാസ സാമഗ്രികളും സാമ്പത്തികസഹായവും നൽകുന്ന ഇന്ത്യൻ സർക്കാരിന്റെ ഔദാര്യത്തിന് “ദോസ്ത്” എന്നാണ് തുർക്കി അംബാസഡർ ഫിരത് സുനൽ വിശേഷിപ്പിച്ചത്.
തുർക്കിയിലേക്ക് സഹായം അയച്ചതിന് ഫിരത് സുനൽ ഇന്ത്യയോട് നന്ദി പറഞ്ഞു, “ആവശ്യമുള്ള സമയത്തെ സുഹൃത്ത് തീർച്ചയായും ഒരു നല്ല സുഹൃത്താണ്.”- തുർക്കിയെ സഹായിച്ചതിന് ഇന്ത്യയോട് നന്ദി പറഞ്ഞ് തുർക്കി അംബാസഡർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
Also Read- Turkey Syria Earthquake| മരണ സംഖ്യ 4,800 കടന്നു; 6000ഓളം കെട്ടിടങ്ങൾ നിലംപൊത്തി;സഹായവുമായി ലോകം
“ദോസ്ത് എന്നത് ടർക്കിഷ്, ഹിന്ദി ഭാഷകളിൽ ഒരു സാധാരണ വാക്കാണ്… ഞങ്ങൾക്ക് ഒരു ടർക്കിഷ് പഴഞ്ചൊല്ലുണ്ട്: “ദോസ്ത് കാര ഗുണ്ടേ ബെല്ലി ഒലുർ” (ആവശ്യമുള്ള സമയത്തെ സുഹൃത്ത് തീർച്ചയായും ഒരു നല്ല സുഹൃത്താണ്). വളരെ നന്ദി,” ഫിരത് സുനൽ ട്വിറ്ററിൽ കുറിച്ചു.
24 മണിക്കൂറിനുള്ളിൽ മൂന്ന് വൻ ഭൂകമ്പങ്ങളെത്തുടർന്ന് തുർക്കിയിൽ വൻ നാശനഷ്ടമുണ്ടായി. തിങ്കളാഴ്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി (എംഒഎസ്) വി മുരളീധരൻ തുർക്കി എംബസി സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാനുഷിക പിന്തുണയും അദ്ദേഹം അറിയിച്ചു. രക്ഷാപ്രവർത്തകരെയും മെഡിക്കൽ സംഘത്തെയും ഇന്ത്യ തുർക്കിയിലേക്ക് അയച്ചിട്ടുണ്ട്.
തുർക്കി സർക്കാരുമായി ഏകോപിപ്പിച്ച് ദുരിതാശ്വാസ സാമഗ്രികൾ സഹിതം എൻഡിആർഎഫിന്റെയും മെഡിക്കൽ രക്ഷാപ്രവർത്തന സംഘങ്ങളെ ഉടൻ അയക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) അറിയിച്ചിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡുകളും ആവശ്യമായ ഉപകരണങ്ങളുമായി 100 പേർ അടങ്ങുന്ന ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) രണ്ട് ടീമുകൾ ഭൂകമ്പ ബാധിത പ്രദേശത്തേക്ക് തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും പോകുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.