• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

വിജയം ആർക്കൊപ്പം; പാകിസ്താൻ ബുധനാഴ്ച പോളിംഗ് ബൂത്തിലേക്ക്


Updated: July 23, 2018, 10:44 AM IST
വിജയം ആർക്കൊപ്പം; പാകിസ്താൻ ബുധനാഴ്ച പോളിംഗ് ബൂത്തിലേക്ക്

Updated: July 23, 2018, 10:44 AM IST
ലാഹോർ: വിവാദങ്ങളും അക്രമങ്ങളും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ പാകിസ്താൻ പോളിംഗ് ബൂത്തിലേക്ക്. 10.6 കോടി ജനങ്ങളാണ് ബുധനാഴ്ച വിധി എഴുതുക. ഭരണത്തുടർച്ച നിലനിർത്താനുള്ള ശ്രമത്തിലാണ് പാകിസ്താൻ മുസ്ലിംലീഗ് -നവാസ് പാർട്ടി. എന്നാൽ അഴിമതിക്കേസിൽ നവാസ് ഷെരീഫിനെയും മകൾ മറിയം നവാസിനെയും കോടതി ശിക്ഷിച്ചതോടെ അവരുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീണു. സൈന്യത്തിന്റെ പിന്തുണയുള്ള ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്രീക് ഇ-ഇൻസാഫ് വിജയിക്കുമെന്നാണ് ഭൂരിഭാഗംപേരും അഭിപ്രായപ്പെടുന്നത്. രണ്ട് പാർട്ടികളെയും എതിർ‌ത്ത് ബിലാവൽ ഭൂട്ടോയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടിയും രംഗത്തുണ്ട്.

പാകിസ്താനിൽ ഒരു രാഷ്ട്രീയ പാർട്ടി അഞ്ചുവർഷം ഭരണം പൂർത്തിയാക്കുന്നത് ഇത് രണ്ടാംതവണയാണ്. പാകിസ്താൻ പീപ്പിൾസ് പാർട്ടിയാണ് (പി.പി.പി) ആദ്യമായി അഞ്ചുവർഷം തികച്ചുഭരിച്ചത്. ഇപ്പോൾ നവാസ് ഷരീഫിന്റെ പാകിസ്താൻ മുസ്‍ലിം ലീഗ്- നവാസും. എഴുപതുവർഷം നീണ്ട സ്വതന്ത്ര പാകിസ്താന്റെ ചരിത്രത്തിൽ പകുതിയോളം കാലം രാജ്യം പട്ടാളഭരണത്തിന് കീഴിലായിരുന്നു. കാലാകാലങ്ങളിലായി ജനാധിപത്യസർക്കാരുകള്‍ അധികാരത്തിലുണ്ടായിരുന്നുവെങ്കിലും നയരൂപീകരണത്തിൽ സൈന്യത്തിൻറെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇടപെടലുണ്ടായിരുന്നു. അതിന് തങ്ങളിഷ്ടപ്പെടുന്നവരെ അധികാരത്തിലെത്തിക്കാനാണ് സൈന്യം ശ്രമിച്ചത്. മുൻപ് സുൽഫിക്കർ അലി ഭൂട്ടോയ്ക്കും നവാസ് ഷരീഫിനുമൊപ്പം നിന്ന സൈന്യം ഇപ്പോൾ ഇമ്രാൻ ഖാനൊപ്പമാണ്.

നവാസ് ഷെരീഫിന്റെ പാകിസ്താൻ മുസ്ലിംലീഗ് -നവാസ്
Loading...

ഷരീഫിന്റെ സഹോദരനും പ്രധാനമന്ത്രി സ്ഥാനാർഥിയുമായ ഷഹബാസ് ഷരീഫാണ് പാകിസ്താൻ മുസ്‍ലിം ലീഗ്-നവാസിനെ നയിക്കുന്നത്. എന്നാൽ, ഷരീഫിനോളം ജനപ്രീതി ഷഹബാസിനില്ല. പി.എം.എൽ.എൻ. പാകിസ്താന്റെ വിശേഷാധികാരങ്ങളും പാരമ്പര്യവും ജനാധിപത്യവും കാത്തുസൂക്ഷിക്കുന്ന പാർട്ടിയാണെന്ന് ഒരു വലിയ വിഭാഗം ഇപ്പോഴും വിശ്വസിക്കുന്നുണ്ട്.
മൂന്നുതവണ പാകിസ്താൻ പ്രധാനമന്ത്രിയായിട്ടുള്ള നവാസ് ഷരീഫിനെ പാനമ പേപ്പർ വിവാദവുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് കോടതി പത്ത് വർഷം തടവിനുവിധിച്ചത്. ജുഡീഷ്യറിയുടെ സഹായത്തോടെ സൈനികനേതൃത്വം തനിക്കെതിരേ ഗൂഢാലോചന നടത്തുന്നുവെന്നാണ് ഷരീഫിന്റെ ആരോപണം. സൈന്യത്തെ പരസ്യമായി വിമർശിച്ചതിനും ഇന്ത്യയുമായുള്ള മെച്ചപ്പെട്ട ബന്ധത്തിന് മുൻകൈയെടുത്തതുമാണ് തന്നെ നോട്ടപ്പുള്ളിയാക്കിയതെന്നാണ് നവാസ് ഷെരീഫ് പറയുന്നത്.

ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്രീക് ഇ- ഇൻസാഫ്

ഇമ്രാൻഖാന്റെ പി.ടി.ഐയെ അധികാരത്തിലെത്തിക്കാൻ സൈന്യത്തിലെ ഏറ്റവും ചെറിയ വിഭാഗമുൾപ്പെടെയുള്ളവർ കിണഞ്ഞുശ്രമിക്കുന്നുണ്ട്. ഷരീഫിനെതിരേയുള്ള കേസിൽ കോടതിയിലും തെരുവിലും ഒരുപോലെ വിജയം നേടാൻ ഇമ്രാനായി. നവാസ് ഷരീഫ് അറസ്റ്റിലായതോടെ പാകിസ്താൻ പ്രധാനമന്ത്രി പദമെന്ന തന്റെ ഏറെ നാളത്തെ സ്വപ്നത്തിലേക്ക്‌ ഒരു പടികൂടെ ഇമ്നാൻഖാൻ അടുത്തുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അഴിമതിക്കേസിൽ ഷരീഫിന് പത്തുവർഷം തടവ് വിധിച്ചുകൊണ്ടുള്ള കോടതിവിധി പുറത്തെത്തിയതോടെ രാജ്യമെങ്ങും 'ഇനി ഇമ്രാൻഖാൻ മാത്രം' എന്നെഴുതിയ ബാനറുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
രാഷ്ട്രീയത്തിൽ നവാസ് ഷരീഫിൻറെ പിൻഗാമിയാകുമെന്ന് ഉറപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ മകൾ മറിയം ഷരീഫിനെയും അഴിമതിക്കേസിൽ തളയ്ക്കാനായെന്നതാണ് ഇമ്രാൻഖാന്റെ വിജയമുറപ്പിക്കുന്ന മറ്റൊരു ഘടകം. ഷരീഫിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാക് സുപ്രീംകോടതി അയോഗ്യത കൽപിച്ചതോടെ പാകിസ്താൻ മുസ്‍ലിംലീഗ്-നവാസിന്റെ മുഴുവൻ പ്രതീക്ഷയും മറിയത്തിലായിരുന്നു. നവാസിന്റെ ശക്തികേന്ദ്രമായ ലഹോറിൽ നിന്നാണ് അവർ മത്സരിക്കാനിരുന്നത്. കേസിൽ ശിക്ഷിക്കപ്പെട്ടതോടെ മറിയവും അയോഗ്യയായി.

ബിലാവൽ അലി ഭൂട്ടോയുടെ പാകിസ്താൻ പീപ്പിൾസ് പാർ‌ട്ടി

പാകിസ്താൻ മുൻ പ്രധാനമന്ത്രിമാരായിരുന്ന ബേനസീർ ഭൂട്ടോയുടെ മകനും സുൽഫിക്കർ അലി ഭൂട്ടോയുടെ ചെറുമകനുമായ ബിലാവൽ അലി ഭൂട്ടോയാണ് പി.എം.എൽ.എന്നിന്റെയും പി.ടി.ഐ.യുടെയും പ്രധാന എതിരാളി. പാകിസ്താൻ പീപ്പിൾസ് പാർട്ടിയെ തെരഞ്ഞെടുപ്പിൽ നയിക്കുന്നത് ബിലാവലാണ്. 29കാരനായ ബിലാവൽ ആദ്യമായാണ് പാർലമെന്ററി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

സാധ്യതകൾ

പ്രധാനമത്സരം പി.എം.എൽ.എന്നും പി.ടി.ഐ.യും തമ്മിലാണ്. ബിലാവൽ അലി ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പി.പി.പിയുടെ സാന്നിധ്യവുമുണ്ട്. ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാൽ പി.പി.പിയും മറ്റ് ചെറുപാർട്ടികളും ആരെ പിന്തുണയ്ക്കുന്നു എന്നത് പാകിസ്താൻ രാഷ്ട്രീയത്തിൽ നിർണായകമാകും.

പാകിസ്താനിൽ നവാസ് ഷെരീഫിന്റെ പി.എം.എൽ.എൻ ജയിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. നവാസ് ഷരീഫ് പുലർത്തുന്ന മൃദുസമീപനം തന്നെ പ്രധാന കാരണം. സൈനികനേതൃത്വവുമായി ചേർന്ന നിലപാടുള്ള ഇമ്രാൻഖാനിൽ നിന്ന് അത് പ്രതീക്ഷിക്കാനാവില്ല. തീവ്ര നിലപാടുകളെ അനുകൂലിക്കുന്ന പി.ടി.ഐ അധികാരത്തിലെത്തിയാൽ അതിർത്തിയിലെ ഭീകരവാദഭീഷണി വർധിക്കാനും സാധ്യത.

തെരഞ്ഞെടുപ്പ് ഒറ്റനോട്ടത്തിൽ

ആകെ വോട്ടർമാർ-10.6 കോടി

ആകെ സീറ്റുകൾ-272

സ്ഥാനാർത്ഥികൾ-3459

വനിതാ സ്ഥാനാർത്ഥികൾ-171

നിലവിലെ സീറ്റ് നില

പി.എം.എൽ.എൻ- 182

പി.ടി.ഐ-32

പി.പി.പി-46

ചെറുപാർട്ടികളും സ്വതന്ത്രരും-12

 
First published: July 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍