ഇസ്ലാമാബാദ്: പാകിസ്ഥാനിൽ എണ്ണ ശേഖരം കുറയുന്നതായി റിപ്പോര്‍ട്ട്. കൂടാതെ പാകിസ്ഥാൻ വാങ്ങുന്ന പെട്രോളിയത്തിന്റെ ഭൂരിഭാഗവും അഫ്ഗാനിസ്ഥാനിലേക്ക് കടത്തുകയാണെന്നും ദി പ്രിന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഭ്യന്തര പ്രശ്‌നങ്ങളും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ സാഹചര്യത്തില്‍ രാജ്യം സ്വീകരിച്ച മോശം വിദേശനയങ്ങളുടെ ഫലമാണ് ഈ പ്രതിസന്ധിയെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. യുക്രെയ്ന്‍ സംഘര്‍ഷം ലോകമെമ്പാടുമുള്ള സമ്പദ് വ്യവസ്ഥകളെയും ബാധിച്ച സമയത്ത് ഇന്ധന എണ്ണ ഇറക്കുമതിയില്‍ പാകിസ്ഥാന് കനത്ത നഷ്ടമാണ് നേരിടേണ്ടിവന്നത്.
കൂടാതെ സൗദി അറേബ്യ, ഇന്ത്യ, തുര്‍ക്കി എന്നിവയില്‍ നിന്ന് വ്യത്യസ്തമായി റഷ്യയുമായി നിഴൽ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ നിന്ന് ഇളവ് നേടാന്‍ പാകിസ്ഥാന് കഴിഞ്ഞതുമില്ല. അമേരിക്കന്‍ നിയമങ്ങളായ കൗണ്ടറിംഗ് അമേരിക്കന്‍ അഡ്വേര്‍സറീസ് ത്രൂ സാംങ്ഷന്‍സ് (CAATSA) എന്നിവയുണ്ടായിട്ടും സ്വന്തം വിദേശനയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളാണ് ഇവ.
ജനസംഖ്യ കൂടുതലുള്ള ഊര്‍ജ ഇറക്കുമതി രാജ്യം കൂടിയാണ് പാകിസ്ഥാന്‍. എണ്ണ ഉത്പ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇറാനെക്കാളുപരി ഗള്‍ഫ് രാജ്യങ്ങളെയാണ് പാകിസ്ഥാന്‍ ഇന്ന് ആശ്രയിക്കുന്നത്. സുന്നി ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയതാകാം ഇതിന് കാരണമെന്നും വിദഗ്ധര്‍ പറയുന്നു.
പരസ്പരം അതിര്‍ത്തി പങ്കിടുന്നുണ്ടെങ്കിലും പാകിസ്ഥാനും ഇറാനുമായുള്ള ബന്ധത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇറാന്‍ ഇപ്പോഴും പാകിസ്ഥാന്റെ ആശങ്കയായി തുടരുന്നുവെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായി പാക് വിദേശ കാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി അടുത്തിടെ ഇറാന്‍ സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിനിടെ അതിര്‍ത്തി ഭക്ഷ്യവിപണികളുടെ പ്രവര്‍ത്തനവും ബാര്‍ട്ടര്‍ വാണിജ്യവും സംബന്ധിച്ച വിഷയങ്ങളെപ്പറ്റി ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു.
രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയർന്നിട്ടുണ്ട്. കൂടുതൽ ഫണ്ടിനായി ഇസ്ലാമാബാദ് രാജ്യാന്തര നാണയനിധിയുമായി ചർച്ച നടത്തി വരികയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന പാകിസ്ഥാനില്‍ ആരോഗ്യ മേഖലയിലും തിരിച്ചടി രൂക്ഷമെന്ന് റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരുന്നു. പാകിസ്ഥാനിലെ വിദേശനാണ്യ ശേഖരത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് അവശ്യമരുന്നുകളുടെ ഇറക്കുമതിയെ സാരമായി ബാധിച്ചെന്നും റിപ്പോര്‍ട്ടുകളിൽ പറയുന്നു. കൂടാതെ ആഭ്യന്തര മരുന്ന് ഉല്‍പ്പാദനത്തിന് വേണ്ട വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിന് ആവശ്യമായ വിദേശനാണ്യശേഖരം രാജ്യത്തില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.