നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • പാകിസ്ഥാൻ സ്ഥാപക നേതാവ് മുഹമ്മദലി ജിന്നയുടെ പ്രതിമ സ്‌ഫോടനത്തില്‍ തകര്‍ത്തു

  പാകിസ്ഥാൻ സ്ഥാപക നേതാവ് മുഹമ്മദലി ജിന്നയുടെ പ്രതിമ സ്‌ഫോടനത്തില്‍ തകര്‍ത്തു

  ജൂണിൽ സ്ഥാപിച്ച ജിന്നയുടെ പ്രതിമയുടെ പുറകില്‍ സ്ഥാപിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്.

  Pakistan Founder Mohammad Ali Jinnah

  Pakistan Founder Mohammad Ali Jinnah

  • Share this:
   ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഗ്വാദര്‍ തുറമുഖ നഗരിയിൽ സ്ഥാപിച്ചിരുന്നു പാക് സ്ഥാപകൻ മുഹമ്മദലി ജിന്നയുടെ പ്രതിമ സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. ഈ വര്‍ഷം ജൂണിൽ സ്ഥാപിച്ച ജിന്നയുടെ പ്രതിമയുടെ പുറകില്‍ സ്ഥാപിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. സ്ഫാടനത്തിന്റെ ഉത്തരവാദിത്വം നിരോധിക്കപ്പെട്ട സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു.

   സുരക്ഷിത മേഖലയായി കണക്കാക്കപ്പെടുന്ന പ്രദേശത്ത് വിനോദസഞ്ചാരികളാണെന്ന വ്യാജേന എത്തിയ ബലൂച് ലിബറേഷന്‍ ആര്‍മിയുടെ പ്രവര്‍ത്തകരാണ് സ്‌ഫോടകവസ്തു സ്ഥാപിച്ചതെന്ന് ഗ്വാദര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മേജര്‍ (റിട്ട) അബ്ദുള്‍ കബീര്‍ ഖാനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും പൊലീസ് ഊര്‍ജിതമായ അന്വേഷണം നടത്തുകയാണെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും അബ്ദുള്‍ കബീര്‍ ഖാന്‍ ഉറപ്പുനല്‍കി.

   'ഗ്വാദറില്‍ ജിന്നയുടെ പ്രതിമ തകര്‍ത്തത് പാകിസ്ഥാന്റെ പ്രത്യയശാസ്ത്രത്തിനെതിരായ ആക്രമണമാണ്. സിയാറത്തിലെ ഖായിദ്-ഇ-അസം റസിഡന്‍സിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പോലെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് താന്‍ അധികാരികളോട് അഭ്യര്‍ഥിക്കുന്നു' - ബലൂചിസ്ഥാന്റെ മുന്‍ ആഭ്യന്തരമന്ത്രിയും നിലവിലെ സെനറ്ററുമായ സര്‍ഫ്രാസ് ബുഗ്തി ട്വീറ്റ് ചെയ്തു.   ബലൂച് അക്രമികള്‍ സ്‌ഫോടനം നടത്തുകയും വെടിയുതിര്‍ക്കുകയും ചെയ്ത 121 വര്‍ഷം പഴക്കമുള്ള കെട്ടിടത്തെയാണ് ബുഗ്തി ട്വീറ്റില്‍ പരാമര്‍ശിച്ചത്. ജിന്ന തന്റെ ജീവിതത്തിന്റെ അവസാന നാളുകള്‍ ചെലവഴിക്കുകയും പിന്നീട് ഒരു ദേശീയ സ്മാരകമായി പ്രഖ്യാപിക്കുകയും ചെയ്ത കെട്ടിടമായിരുന്നു ഖായിദ്-ഇ-അസം റസിഡന്‍സി. സ്‌ഫോടനവും വെടിവെപ്പും മൂലം കെട്ടിടത്തിന് തീപിടിക്കുകയും ഫര്‍ണിച്ചറുകളും വിലപിടിപ്പുള്ള സ്മാരകങ്ങളും നശിച്ചിരുന്നു.

   നിരവധി വര്‍ഷങ്ങളായി വിഘടനവാദ സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ ബലൂചിസ്ഥാനില്‍ അക്രമങ്ങള്‍ നടക്കുന്നുണ്ട്. അടുത്തിടെ, ഗ്വാഡാര്‍ ഈസ്റ്റ് ബേ എക്‌സ്പ്രസ് വേ പദ്ധതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ചൈനീസ് എഞ്ചിനീയര്‍മാരുടെ വാഹനവ്യൂഹത്തെ ബലൂച് ലിബറേഷന്‍ ആര്‍മി ലക്ഷ്യമിട്ടിരുന്നു, അതില്‍ രണ്ട് പ്രാദേശവാസികള്‍ കൊല്ലപ്പെടുകയും ഒരു ചൈനീസ് പൗരന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

   English Summary: A statue of Pakistan’s founder Mohammad Ali Jinnah has been destroyed in a bomb attack by the Baloch militants disguised as tourists in the coastal city of Gwadar in the troubled Balochistan province. The statue, which was installed in June at Marine Drive – considered a safe zone – was blown up by explosives placed beneath the statue on Sunday morning.
   Published by:Rajesh V
   First published:
   )}