• HOME
 • »
 • NEWS
 • »
 • world
 • »
 • Pakistan | എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ നിന്ന് പാകിസ്ഥാൻ പുറത്ത്: തീവ്രവാദത്തിനെതിരായ നടപടികൾ തുടരണമെന്ന് ഇന്ത്യ

Pakistan | എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ നിന്ന് പാകിസ്ഥാൻ പുറത്ത്: തീവ്രവാദത്തിനെതിരായ നടപടികൾ തുടരണമെന്ന് ഇന്ത്യ

കഴിഞ്ഞ വർഷങ്ങളിൽ പാകിസ്ഥാൻ കൈക്കൊണ്ട ഉറച്ച തീരുമാനങ്ങളും സ്ഥിര പ്രയത്നവും ശരിയാണെന്ന് തെളിയിക്കുന്നതാണ് നടപടിയെന്ന് പാക് പ്രധാനമന്ത്രി ഷഹബാദ് ഷെരീഫ് ട്വീറ്റ് ചെയ്തു.

 • Last Updated :
 • Share this:
  തീവ്രവാദത്തിനുള്ള ധനസഹായത്തെ കുറിച്ച് നിരീക്ഷിക്കുന്ന, പാരീസ് ആസ്ഥാനമായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക്ക് ഫോഴ്സിൻ്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റിൽ നിന്ന് പാക്കിസ്ഥാൻ പുറത്തു കടന്നു. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിനുള്ള ധനസഹായം എന്നിവയ്ക്ക് എതിരെ നടപടിയെടുക്കുന്ന കാര്യങ്ങളിൽ രാജ്യം മികച്ച പുരോഗതി കൈവരിച്ചെന്ന് എഫ്എടിഎഫ് നിരീക്ഷിച്ചു.

  പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തു, എന്നാൽ, അവർ ഇനിയും കൂടുതൽ നടപടികൾ എടുക്കേണ്ടതുണ്ട് എന്ന് എഫ്എടിഎഫ് പ്രസിഡൻ്റ് ടി രാജ കുമാർ പത്ര സമ്മേളനത്തിൽ പറഞ്ഞു. തീവ്രവാദ ധനസഹായത്തിന് എതിരെ പോരാടാൻ ഏഷ്യാ-പസഫിക് ഗ്രൂപ്പിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ പാക്കിസ്ഥാനോട് ആഹ്വാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

  കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദ ധനസഹായത്തിനും എതിരെ പാകിസ്ഥാൻ കൈക്കൊണ്ട നടപടികളിലെ പുരോഗതിയെ സ്വാഗതം ചെയ്യുന്നതായി എഫ്എടിഎഫ് പ്രസ്താവനയിൽ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദ ധനസഹായത്തിനും എതിരായ നടപടികളുടെ ഫലപ്രാപ്തി പാക്കിസ്ഥാൻ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും 2018 ജൂണിലും 2021 ജൂണിലും എഫ്എടിഎഫ് ചൂണ്ടിക്കാണിച്ച തന്ത്രപരമായ കുറവുകൾ നികത്താനുള്ള പ്രവർത്തന പദ്ധതിയുടെ ഭാഗമായുള്ള ചുമതലകൾ പാലിക്കുന്നതിൽ വന്ന സാങ്കേതിക കുറവുകൾ പരിഹരിക്കാനുള്ള ശ്രമവും രാജ്യം നടത്തിയതായി സംഘടന വ്യക്തമാക്കി. ആകെ 34 നടപടികൾ ഉണ്ടായിരുന്നതിൽ അവസാനത്തെ നടപടികൾ നിർദ്ദിഷ്ട സമയത്തിനു മുൻപ് തന്നെ പാക്കിസ്ഥാൻ പൂർത്തിയാക്കിയിരുന്നു.

  ഇക്കാരണത്താൽ, പാകിസ്ഥാൻ ഇനി എഫ്എടിഎഫിൻ്റെ കൂടുതൽ ശക്തമായ നിരീക്ഷണത്തിന് വിധേയമാകില്ലെന്നും കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ഫണ്ടിങ്ങും ഇല്ലാതാക്കാൻ, ഏഷ്യ പസഫിക് ഗ്രൂപ്പ് ഓൺ മണി ലോണ്ടറിംഗ് (എപിജി) എന്ന സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും എഫ്എടിഎഫ് പറഞ്ഞു.

  ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ട് നാല് വർഷത്തിന് ശേഷമാണ് പാകിസ്ഥാൻ അതിൽ നിന്ന് പുറത്തുകടക്കുന്നത്. അഴിമതിയും തീവ്രവാദ ഫണ്ടിങ്ങും നിയന്ത്രിക്കുന്നതിൽ വീഴ്ച വരുത്തിയതോടെയായിരുന്നു രാജ്യം ഈ ലിസ്റ്റിൽ ഉൾപ്പെട്ടത്. അന്താരാഷ്ട്ര വ്യാപാരത്തിലും സാമ്പത്തിക സംവിധാനത്തിലും ഇടപെട്ട് പ്രവർത്തിക്കുന്നത് ബുദ്ധിമുട്ടാക്കുന്നതാണ് ഗ്രേ ലിസ്റ്റിലെ അംഗത്വം.

  കഴിഞ്ഞ വർഷങ്ങളിൽ പാകിസ്ഥാൻ കൈക്കൊണ്ട ഉറച്ച തീരുമാനങ്ങളും സ്ഥിര പ്രയത്നവും ശരിയാണെന്ന് തെളിയിക്കുന്നതാണ് നടപടിയെന്ന് പാക് പ്രധാനമന്ത്രി ഷഹബാദ് ഷെരീഫ് ട്വീറ്റ് ചെയ്തു. വിദേശ ധനസഹായം നേടാനും തകർന്ന സാമ്പത്തിക വ്യവസ്ഥ നവീകരിക്കാനും ഇനി പാക്കിസ്ഥാന് കഴിയും.

  2018-ൽ നൽകിയ നിർദ്ദേശങ്ങളിൽ മിക്കവയും ഈ വർഷം ജൂൺ വരെ പാകിസ്ഥാൻ പാലിച്ചിട്ടുണ്ടെങ്കിലും ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ, ലഷ്കർ ഇ തയ്ബ സ്ഥാപകൻ ഹാഫിസ് സയീദ്, സഹായി സാക്കിയൂർ റഹ്മാൻ ലഖ്വി തുടങ്ങിയ തീവ്രവാദികൾക്ക് എതിരായ നടപടിയെടുക്കുന്നതിലും മറ്റും വീഴ്ച വരുത്തിയിട്ടുണ്ട്. ഇവർ ഇന്ത്യയിൽ വിവിധ തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരാണ്.

  പാകിസ്ഥാനോടൊപ്പം നിക്കാരഗ്വയും ലിസ്റ്റിൽ നിന്ന് പുറത്തായിട്ടുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ടാൻസാനിയ, മൊസാംബിക് എന്നിവയെ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഏറ്റവും കടുത്ത നടപടികൾ ഉൾക്കൊള്ളുന്ന കരിമ്പട്ടികയിലാണ് മ്യാൻമാറിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

  Also read : ഭീകരർക്ക് സാമ്പത്തിക സഹായം; 8500ൽ അധികം ഇടപാടുകൾ സംശയകരം; പാകിസ്ഥാന് മുന്നറിയിപ്പുമായി എഫ്എടിഎഫ്

  കള്ളപ്പണം വെളുപ്പിക്കലിന് എതിരെ ശക്തമായ നടപടികൾ എടുക്കുന്നതിനായി 1989 ജൂലൈയിൽ പാരീസിൽ ചേർന്ന ജി-7 ഉച്ചകോടിയാണ് എഫ്എടിഎഫിന് രൂപം നൽകിയത്. അമേരിക്കയിലെ വേൾഡ് ട്രേഡ് സെൻ്റർ ആക്രമണത്തിന് ശേഷം തീവ്രവാദം തടയാനുള്ള നടപടികളും ഇതിൻ്റെ ഭാഗമാക്കി മാറ്റി.

  Also read : തീവ്രവാദത്തിനെതിരെ പാകിസ്ഥാൻ കർശന നടപടിയെടുക്കണം: ആവർത്തിച്ച് ഇന്ത്യ

  എഫ്എടിഎഫിൻ്റെ തീരുമാനത്തോട് പ്രതികരിച്ച ഇന്ത്യ, തീവ്രവാദത്തിനെതിരെ പാകിസ്ഥാൻ വിശ്വസ്തവും സുസ്ഥിരവുമായ നടപടികൾ തുടരണമെന്ന് ആവശ്യപ്പെട്ടു. എഫ്എടിഎഫിൻ്റെ നടപടികളെ തുടർന്ന് മുംബൈ ആക്രമണം ഉൾപ്പെടെയുള്ള തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് എതിരെ പാകിസ്ഥാന് നടപടി എടുക്കേണ്ടി വന്നുവെന്നും തീവ്രവാദത്തിനും തീവ്രവാദ ഫണ്ടിങ്ങിനും എതിരെ വിശ്വസ്തവും സുസ്ഥിരവുമായ നടപടികൾ എടുക്കുന്നത് പാകിസ്ഥാൻ തുടരണമെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
  Published by:Amal Surendran
  First published: