പാരീസ്: പാകിസ്ഥാനില്‍ മതനിന്ദ കുറ്റത്തിന് വധശിക്ഷ നേരിട്ട് ജയിൽ മോചിതയായ യുവതിക്ക് അഭയം നൽകാൻ ഫ്രാൻസ്. പൗരത്വത്തിനായി അപേക്ഷിച്ച അസിയ ബിബി സന്ദർശിക്കാൻ എത്തിയപ്പോഴാണ് ഫ്രാൻസിൽ ജീവിക്കാൻ പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ക്ഷണിച്ചത്. എന്നാൽ ഫ്രാൻസിൽ തീരുമാനിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അസിയ ബിബി വ്യക്തമാക്കി. ഇപ്പോൾ താമസിക്കുന്ന കാനഡയിൽ താൻ സംതൃപ്തയാണ്. അതുകൊണ്ടുതന്നെ ഭാവിയിൽ എവിടെ താമസിക്കണം എന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സമയം വേണമെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രവാചക നിന്ദ ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് എട്ട് വര്‍ഷത്തോളം പാകിസ്ഥാനിലെ ജയിലിലായിരുന്നു അസിയ ബിബി. 2018ലാണ് അവര്‍ ജയില്‍ മോചിതയായത്. കഴിഞ്ഞ വര്‍ഷം പാകിസ്താന്‍ മോചിപ്പിച്ച ശേഷം ബീബി കാനഡയിലാണ് താമസിച്ചിരുന്നത്. ഫ്രഞ്ച് റേഡിയോ ആര്‍ടിഎല്ലിന് നല്‍കിയ അഭിമുഖത്തിലാണ് ഫ്രാന്‍സില്‍ താമസിക്കാനുള്ള ആഗ്രഹം അവര്‍ ആദ്യമായി പ്രകടിപ്പിച്ചത്. അസിയ ബീബിയെയും കുടുംബത്തെയും ഫ്രാന്‍സിലേക്ക് സ്വാഗതം ചെയ്യാന്‍ തയ്യാറാണെന്ന് മാക്രോണിന്റെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു.
Read Also- പാകിസ്ഥാനിൽ മതനിന്ദ കുറ്റം നേരിട്ടു; ക്രിസ്ത്യൻ യുവതി ഫ്രാൻസിൽ അഭയം തേടി
2009 ജൂണ്‍ 14നാണ് അസിയ ബിബിയുടെ ജീവിതം മാറ്റിമറിച്ച സംഭവവികാസങ്ങള്‍ ഉണ്ടായത്. ക്രിസ്ത്യന്‍ യുവതിയായ അസിയ, മുസ്ലീം വിഭാഗക്കാര്‍ ഉപയോഗിച്ചിരുന്ന കിണറ്റില്‍നിന്ന് വെള്ളം കോരി കുടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഈ വിഷയത്തില്‍ മൂന്നു മുസ്ലീം സ്ത്രീകളുമായി അസിയ ബിബി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ പ്രവാചകനെ നിന്ദിക്കുന്നതരത്തിലുള്ള വാക്കുകള്‍ ഇവര്‍ ഉപയോഗിച്ചതായാണ് ആരോപണം.
വെള്ളം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനിടെ ഒരു പുരോഹിതന്റെ സാന്നിദ്ധ്യത്തിലാണ് അസിയ ബിബി പ്രവാചനകനെതിരെ സംസാരിച്ചത്. വിഷയം കേസായതോടെയാണ് പ്രാദേശിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2010ല്‍ ലാഹോര്‍ ഹൈക്കോടതി വധശിക്ഷ ശരിവെക്കുകയും ചെയ്തു. എട്ടുവര്‍ഷത്തോളം അസിയ ബിബിയെ അധികൃതര്‍ ജയിലിലടച്ചു. 2018 ഒക്ടോബറിലാണ് പാകിസ്ഥാന്‍ സുപ്രീം കോടതി ഇവരെ കുറ്റവിമുക്തയാക്കിയത്.
ഇതിനിടെ 2011ല്‍ അസിയയെ അനുകൂലിച്ച് രംഗത്തെത്തിയ പഞ്ചാബ് പ്രവിശ്യ ഗവര്‍ണറായിരുന്ന സല്‍മാന്‍ തസീറിനെ സുരക്ഷാജീവനക്കാരന്‍ വെടിവെച്ചുകൊന്നത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് അസിയ ബിബിയുടെ മോചനത്തിന് വഴിയൊരുങ്ങിയത്. അസിയ ബിബിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിടണമെന്നുമാണ് അഭിഭാഷകന്‍ വാദിച്ചത്.
അസിയയെ വെറുതെവിട്ട വിധിന്യായത്തിൽ, അനീതിയും അടിച്ചമർത്തലുമല്ല സഹിഷ്ണുതയാണ് ഇസ്ലാമിന്‍റെ അടിസ്ഥാന തത്വമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കോടതി വെറുതെവിട്ടെങ്കിലും അസിയ ബിബിയെ വധിക്കുമെന്ന ഭീഷണിയുമായി പാകിസ്ഥാനിലെ തീവ്രവാദി ഗ്രൂപ്പുകൾ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് പാകിസ്ഥാൻ വിട്ട അസിയ ബിബിയും കുടുംബവും കഴിഞ്ഞ വർഷം ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചിരുന്നു. കാനഡയിൽ താമസമാക്കിയ അസിയ ബിബിയും കുടുംബവും ഇപ്പോൾ ഫ്രാൻസിലേക്ക് മാറുന്നതിനുള്ള ശ്രമത്തിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Asia bibi accused, Asylum in France, Blasphemy, Emmanual Macron, Pakistan christian woman asia bibi