സ്പെയ്നിൽ എമർജൻസി ലാൻഡിംഗ് നടത്തിയ വിമാനത്തിൽ നിന്ന് 20 ഓളം യാത്രക്കാർ ഓടി രക്ഷപ്പെട്ടു. സ്‌പെയിനിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ പാൽമ ഡി മല്ലോർക്കയിലാണ് സംഭവം. ഇതിനെ തുടർന്ന് നാല് മണിക്കൂറോളം വിമാനത്താവളം അടച്ചിട്ടു.
വെള്ളിയാഴ്ച മൊറോക്കോയ്ക്കും തുർക്കിക്കും ഇടയിൽ പറന്ന വിമാനത്തിലെ യാത്രക്കാരന് മെഡിക്കൽ എമർജൻസി ആവശ്യമായതിനെ തുടർന്നാണ് വിമാനം മെഡിറ്ററേനിയൻ ദ്വീപായ മല്ലോർക്കയിലേക്ക് വഴിതിരിച്ചുവിട്ടത് എന്ന് സിവിൽ ഗാർഡ് പോലീസ് സേന എ എഫ് പിയോട് പറഞ്ഞു.
അസുഖ ബാധിതനായ യാത്രക്കാരനെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനിടയിലാണ് വിമാനത്തിലുണ്ടായിരുന്ന 20 ഓളം യാത്രക്കാർ രക്ഷപ്പെടാൻ ശ്രമിച്ചത്. ഇവരിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
നിയമവിരുദ്ധമായി സ്‌പെയിനിലേക്ക് കടക്കാനാണ് ഇത്തരത്തിൽ ഒരു അടിയന്തര സാഹചര്യം സൃഷ്ടിച്ചതെന്ന അനുമാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ എത്തിച്ചേർന്നിരിക്കുന്നതെന്ന് എൽ പൈസ് പത്രം റിപ്പോർട്ട് ചെയ്തു.
മെഡിക്കൽ എമർജൻസി വേണ്ടിയിരുന്ന യാത്രക്കാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ഇയാൾ പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇയാളെ മറ്റുള്ളവരെ "അനധികൃത കുടിയേറ്റത്തിൽ സഹായിച്ചതിന്" അറസ്റ്റ് ചെയ്തുവെന്നും ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഇയാൾക്കൊപ്പം ആശുപത്രിയിലെത്തിയ ഒരു യാത്രക്കാരനും അപ്രത്യക്ഷനായി. വ്യാജ അസുഖക്കാരനെ കൂടാതെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
എയർക്രാഫ്റ്റ് ട്രാക്കർ ഫ്ലൈറ്റ് റഡാർ 24 അനുസരിച്ച്, കാസബ്ലാങ്കയ്ക്കും ഇസ്താംബൂളിനും ഇടയിൽ പറന്ന എയർ അറേബ്യ മറോക്ക് എയർബസ് എ 320 വിമാനമാണ് വ്യാജ മെഡിക്കൽ എമർജൻസിയെ തുടർന്ന് വഴിതിരിച്ചുവിട്ടത്.
ഈ സംഭവ ശേഷം സുരക്ഷാ പ്രശ്‌നങ്ങൾ കാരണം, പാൽമയിലേക്കുള്ള 13 വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. പുറപ്പെടാൻ തയ്യാറായ 16 വിമാനങ്ങൾക്ക് കാലതാമസം നേരിട്ടതായും എയർപോർട്ട് അധികൃതർ അറിയിച്ചു.
നാല് മണിക്കൂറോളം അടച്ചിട്ട വിമാനത്താവളം വെള്ളിയാഴ്ച അർധരാത്രിയോടെയാണ് വീണ്ടും തുറന്നത്.
Read also:
Travel | കോവിഡിനെ മറന്ന് ഉത്സവ സീസണിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്യാത്രക്കാരുടെ മെഡിക്കൽ എമർജൻസി പരിഗണിച്ച് വിമാനം അടിയന്തരമായി തിരിച്ചിറക്കൽ സാധാരണമാണ്. അടുത്തിടെ ഷാര്‍ജയില്‍ നിന്ന് ലക്‌നൗവിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം പാകിസ്ഥാനില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയിരുന്നു. വിമാനത്തിലെ യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കറാച്ചി വിമാനത്താവളത്തില്‍ ഇറക്കിയത്. എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുമ്പു തന്നെ 67 വയസുകാരനായ യാത്രക്കാരന്‍ മരിച്ചിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം. മാനുഷിക പരിഗണന നല്‍കിയാണ് വിമാനം ലാന്‍ഡിംഗിന് അനുവദിച്ചതെന്ന് കറാച്ചി വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് അഹമ്മദാബാദിലേക്ക് പുറപ്പെട്ട വിമാനം ഇവിടെയെത്തി മരിച്ച യാത്രക്കാരൻ ഇരുന്ന സീറ്റ് ശുചിയാക്കിയ ശേഷമാണ് ലക്‌നൗവിലേക്ക് പുറപ്പെട്ടതെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
ഈ സൗകര്യമാണ് സ്പെയ്നിൽ മുതലെടുക്കാൻ ശ്രമിച്ചത്. പക്ഷേ അത് നിയമപരമായി വലിയ കുറ്റമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.