• HOME
 • »
 • NEWS
 • »
 • world
 • »
 • Sri Lanka | പാചകവാതക വില സഹിക്കാനാവാതെ ശ്രീലങ്കക്കാർ വിറക് അടുപ്പിലേക്ക്

Sri Lanka | പാചകവാതക വില സഹിക്കാനാവാതെ ശ്രീലങ്കക്കാർ വിറക് അടുപ്പിലേക്ക്

സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ, ഗ്യാസ് പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ വര്‍ധിച്ചതും വിറക് തിരഞ്ഞെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ

 • Last Updated :
 • Share this:
  ഒരു കാലത്ത് താരതമ്യേന സമ്പന്നമായിരുന്ന രാജ്യമായിരുന്നു ശ്രീലങ്ക (Srilanka). എന്നാല്‍ ഇന്ന് മരുന്നുകള്‍ മുതല്‍ പാകചവാതകം (Gas cylinder) വരെയുള്ള എല്ലാത്തിനും ക്ഷാമം നേരിടുന്ന, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് (Economic crisis) രാജ്യം കടന്നു പോകുന്നത്. ശ്രീലങ്കയിലെ അടുക്കളകള്‍ ഗ്യാസ് അടുപ്പ് ഉപേക്ഷിച്ച് വിറകിലേക്ക് (Fire wood) മാറുന്ന അവസ്ഥയിലേക്ക് വരെ എത്തിയിരിക്കുകയാണ്.

  എന്നാല്‍ സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ, ഗ്യാസ് പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ വര്‍ധിച്ചതും വിറക് തിരഞ്ഞെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ രാജ്യത്തുടനീളം 1,000-ലധികം ഗ്യാസ് പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ ഉണ്ടാകുകയും ഏഴ് പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

  ചെലവ് ചുരുക്കാനായി വിതരണക്കാര്‍ പ്രൊപ്പെയ്നിന്റെ അനുപാതം വര്‍ധിപ്പിച്ചത് ഗ്യാസ് സിലണ്ടറിന്റെ സമ്മര്‍ദ്ദം ഉയരാന്‍ കാരണമാകുകയും, ഇത് അപകത്തിലേക്ക് നയിച്ചെന്നുമാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.

  നിലവില്‍ 22 ദശലക്ഷം ജനങ്ങളുള്ള ശ്രീലങ്കക്ക് ഇന്ന് ആവശ്യത്തിന് ഗ്യാസ് ലഭിക്കുന്നില്ല. അതേസമയം, ലഭ്യമാകുന്ന ഗ്യാസ് സിലണ്ടിന് നല്‍കേണ്ടി വരുന്നത് ഭീമമായ തുകയാണ്. ഈ പ്രതിസന്ധിയെ തുടര്‍ന്ന് ചിലര്‍ മണ്ണെണ്ണ ​ഗ്യാസുകളിലേക്ക് മാറാന്‍ ശ്രമിച്ചു. എന്നാല്‍ പെട്രോളിനും ഡീസലിനുമൊപ്പം മണ്ണെണ്ണയും ഇറക്കുമതി ചെയ്യാനുള്ള സാമ്പത്തിക സ്ഥിതി നിലവിലെ സര്‍ക്കാരിന് ഇല്ലാത്തിനാല്‍ രാജ്യത്ത് മണ്ണെണ്ണക്കും ക്ഷാമം നേരിടുകയാണ്. ഇതിനിടെ ചിലര്‍ ഇലക്ട്രിക് കുക്കറുകളിലേക്ക് മാറിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ദീര്‍ഘ നേരം പവര്‍ കട്ട് ഏര്‍പ്പെടുത്തിയത് ഇലക്ട്രിക് കുക്കറുകള്‍ വാങ്ങിയവരെയും പ്രതിസന്ധിയിലാക്കി.

  ഇപ്പോള്‍ വിറക് അടുപ്പാണ് ഉപയോഗിക്കുന്നതെന്നാണ് ഗ്യാസ് അടുപ്പ് പൊട്ടിത്തെറിച്ച് നിസാര പരുക്കളോടെ രക്ഷപ്പെട്ട 41 കാരിയായ നിലുക ഹപ്പുആരാച്ചി പറയുന്നത്. ''ഭാഗ്യവശാല്‍, ആ സമയത്ത് ആരും അവിടെ ഉണ്ടായിരുന്നില്ല. സ്റ്റൗ പൊട്ടിത്തെറിച്ച് തറയിലാകെ ഗ്ലാസ് കഷണങ്ങൾ വീണിരുന്നു. ഇനി ഒരിക്കലും ഞാന്‍ പാചകത്തിന് ഗ്യാസ് ഉപയോഗിക്കില്ല, അത് സുരക്ഷിതമല്ല. ഇപ്പോള്‍ പാചകത്തിന് വിറകാണ് ഉപയോഗിക്കുന്നതെന്ന്'',നിലുക ഹപ്പുആരാച്ചി പറഞ്ഞു.

  വഴിയോര ഭക്ഷണശാല നടത്തുന്ന 67 കാരിയായ എം.ജി. കരുണാവതിയും താൻ വിറകാണ് പാചകത്തിന് ഉപയോഗിക്കുന്നതെന്ന് പറയുന്നു. ''ഒന്നുകില്‍ തന്റെ ജോലി അവസാനിപ്പിക്കുക അല്ലെങ്കില്‍ പുകയും പൊടിയും സഹിക്കാന്‍ തയാറാകുക എന്നതായിരുന്നു എന്റെ മുമ്പിലുണ്ടായിരുന്ന രണ്ടു വഴികൾ'', കരുണാവതി കൂട്ടിച്ചേർത്തു. വിറക് ഉപയോഗിച്ച് പാചകം ചെയ്യുമ്പോള്‍ ശ്വസിക്കാന്‍ കഷ്ടപ്പെടുകയാണ്, പക്ഷേ മറ്റ് മാര്‍ഗമില്ല. വിറക് കണ്ടെത്തുക എന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇപ്പോൾ വിറകിനും വില വര്‍ധിക്കുകയാണെന്ന് കരുണാവതി പറഞ്ഞു. രാജ്യത്ത് വിറകിന് ആവശ്യക്കാര്‍ ഏറിവരികയാണെന്ന് മരവെട്ടുകാരനായ രാജയും പറയുന്നു.

  2023ലും തങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും എന്ന് പ്രധാനമന്ത്രി റനില്‍ വിക്രമംസിംഗെ ചൊവ്വാഴ്ച പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. പണപ്പെരുപ്പത്തില്‍ സിംബാബെ കഴിഞ്ഞാല്‍ ശ്രീലങ്കയാണ് രണ്ടാം സ്ഥാനത്തെന്നാണ് സ്ഥിതികരീക്കാത്ത റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 80 ശതമാനം ആളുകളും പ്രതിസന്ധിയെ തുടര്‍ന്ന് ഉച്ച ഭക്ഷണം ഒഴിവാക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

  പാമ്പുകളും മറ്റ് ജന്തുക്കളും ഉള്ള കാടുകളില്‍ വിറകുതേടാന്‍ പോകുന്നതും അപകടകരമാണ്. കഴിഞ്ഞയാഴ്ച, മധ്യ ശ്രീലങ്കയില്‍ മൂന്ന് കുട്ടികളുടെ പിതാവ് കടന്നലിന്റെ കുത്തേറ്റ് മരിക്കുകയും മറ്റ് നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
  Published by:Anuraj GR
  First published: