• HOME
  • »
  • NEWS
  • »
  • world
  • »
  • Boris Johnson | ഇനി മാസ്കും വാക്‌സിൻ പാസും വേണ്ട; കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് യുകെ

Boris Johnson | ഇനി മാസ്കും വാക്‌സിൻ പാസും വേണ്ട; കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് യുകെ

ഇംഗ്ലണ്ടിൽ മാസ്കുകൾ നിർബന്ധമായി ധരിക്കുന്നതും വാക്സിൻ പാസും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ അവസാനിപ്പിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

  • Share this:
    ഇംഗ്ലണ്ടിൽ (England) മാസ്കുകൾ (Masks) നിർബന്ധമായി ധരിക്കുന്നതും വാക്സിൻ പാസും ഉൾപ്പെടെയുള്ള കോവിഡ് -19 (Covid 19) നിയന്ത്രണങ്ങൾ അവസാനിപ്പിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ (Boris Johnson) ബുധനാഴ്ച പ്രഖ്യാപിച്ചു.

    "ഇപ്പോൾ ദേശീയതലത്തിൽ ഒമിക്രോൺ തരംഗം മൂർദ്ധന്യാവസ്ഥയിലെത്തിയിരിക്കാനാണ് സാധ്യതയെന്ന് നമ്മുടെ ശാസ്ത്രജ്ഞർ പറയുന്നു. ഇനി മുതൽ വർക്ക് ഫ്രം ഹോം സംവിധാനത്തിൽ ജോലി ചെയ്യാനും സർക്കാർ ആവശ്യപ്പെടില്ല" അദ്ദേഹം പറഞ്ഞു.

    ലോകത്ത് വാക്സിൻ നൽകിയ ആദ്യ രാജ്യമാണ് യുകെയെന്നും യൂറോപ്പിൽ ഏറ്റവും വേഗത്തിൽ വാക്സിൻ നൽകിയ രാജ്യങ്ങളിലൊന്നാണ് യുകെയെന്നും ജോൺസൺ പറഞ്ഞു.

    "കഴിഞ്ഞ വേനൽക്കാലത്ത് രാജ്യം തുറക്കരുതെന്ന് മറ്റുള്ളവർ പറഞ്ഞപ്പോഴും ഞങ്ങൾ കഠിനമായ തീരുമാനമെടുത്തു, മറ്റുള്ളവർ ലോക്ക്ഡൗൺ ചെയ്തപ്പോൾ ഈ ശൈത്യകാലത്തും രാജ്യം അടച്ചുപൂട്ടിയില്ല. അതുകൊണ്ട് തന്നെ യൂറോപ്പിലെ ഏറ്റവും തുറന്ന സമ്പദ്‌വ്യവസ്ഥയും സമൂഹവും ഞങ്ങൾക്കുണ്ട്, ജി 7ലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയും യുകെയാണ് ”ജോൺസൺ കൂട്ടിച്ചേർത്തു.

    യൂറോപ്പിലെ ഏറ്റവും വേഗമേറിയ ബൂസ്റ്റർ കാമ്പെയ്‌ൻ നൽകുന്നതിൽ എൻഎച്ച്എസ് (NHS) ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ഒമിക്രോൺ തരംഗത്തിൽ നിന്ന് ഉയർന്നുവരുന്ന ആദ്യത്തെ രാഷ്ട്രമാണ് യുകെയെന്നും പ്രധാനമന്ത്രി പറഞ്ഞു.

    "ബൂസ്റ്റർ കാമ്പെയ്‌നോടും പ്ലാൻ ബി നടപടികളോടും പൊതുജനങ്ങൾ പ്രതികരിച്ച രീതി ഇംഗ്ലണ്ടിനെ പ്ലാൻ എയിലേക്ക് മടങ്ങാനും പ്ലാൻ ബി നിയന്ത്രണങ്ങൾ പിൻവലിക്കാനും സഹായിച്ചു" ജോൺസൺ കൂട്ടിച്ചേർത്തു.

    നിർബന്ധിതമായ മാസ്ക് ധരിക്കൽ, നിർബന്ധിത കോവിഡ് പാസുകൾ, വർക്ക് ഫ്രം ഹോം എന്നിവയാണ് പ്ലാൻ ബി നിയന്ത്രണങ്ങൾ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്.

    "രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും 1918ന് ശേഷമുള്ള ഏറ്റവും വലിയ മഹാമാരിയെയുമാണ് രാജ്യം അഭിമുഖീകരിച്ചതെന്നും ഈ സാഹചര്യത്തിൽ ഏതൊരു ഗവൺമെന്റിനും ചില തെറ്റുകൾ സംഭവിക്കുമെന്നും" അദ്ദേഹം പറഞ്ഞു.

    ഔദ്യോഗിക വസതിയില്‍ വിരുന്നൊരുക്കി ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന ആരോപണത്തില്‍ വലിയ വിമര്‍ശനങ്ങൾ നേരിടുന്നതിനിടെയാണ് ബോറിസ് ജോൺസൺ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

    “ജനുവരി 18 ന് യുകെയിൽ 94,432 പുതിയ കോവിഡ് കേസുകളും 28 ദിവസത്തിനുള്ളിൽ 438 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി” യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ട്വീറ്റ് ചെയ്തു.

    ആകെ 52,133,611 ആളുകൾക്ക് ഇപ്പോൾ വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചിട്ടുണ്ട്. അതേസമയം 47,989,635 ആളുകൾക്ക് ഇപ്പോൾ വാക്‌സിന്റെ രണ്ടാം ഡോസ് ലഭിച്ചു. അതേസമയം, 36,546,583 പേർക്ക് ബൂസ്റ്റർ ഡോസ് ലഭിച്ചതായും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി കൂട്ടിച്ചേർത്തു.

    പുതിയ കോവിഡ് -19 മ്യൂട്ടേഷനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ആദ്യത്തെ രാജ്യമാണ് യുകെ. ഒമിക്രോൺ വേരിയന്റിനെ തുടർന്ന് അന്താരാഷ്ട്ര യാത്രകൾ പരിമിതപ്പെടുത്തിയതും ഡിസംബറിൽ വർക്ക് ഫ്രം ഹോം, മാസ്‌ക് ധരിക്കൽ, വാക്‌സിൻ പാസുകൾ എന്നിവ നിർബന്ധമാക്കിയതും യുകെയിൽ കോവിഡ് വ്യാപനം മന്ദഗതിയിലാകാൻ കാരണമായി.
    Published by:Sarath Mohanan
    First published: