ശ്രീലങ്കൻ (Srilanka)പ്രധാനമന്ത്രി മഹീന്ദ രജപക്സെ (Mahinda Rajapaksa)രാജിവാർത്തകൾ നിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. രാജിവെക്കാനുള്ള യാതൊരു പദ്ധതിയും തനിക്കില്ലെന്നും ഇത്തരം വാർത്തകളെല്ലാം വ്യാജമാണെന്നും രജപക്സെ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ നിലവിലെ സർക്കാരിനെ രക്ഷിക്കാൻ രജപക്സെ രാജിവെച്ചേക്കുമെന്നായിരുന്നു വാർത്തകൾ. ഇടക്കാല സർക്കാർ രൂപീകരണം ലക്ഷ്യമിട്ട്. വിവിധ രാഷ്ട്രീയ കക്ഷികളുടെ യോഗം പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വാർത്ത നിഷേധിച്ച് രംഗത്തെത്തിയത്. സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടയിൽ പ്രധാനമന്ത്രി പ്രസിഡന്റ് ഗോതബായ രജപക്സെയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മഹീന്ദ രജപക്സെയുടെ രാജിവാർത്ത പ്രചരിച്ചത്.
അതേസമയം, പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച്ചയിൽ നിരവധി സുപ്രധാന തീരുമാനങ്ങൾ എടുത്തതായും സൂചനകളുണ്ട്. നിർണായക മീറ്റിങ്ങിനു ശേഷം മന്ത്രിമാരും രാജിവെച്ചേക്കുമെന്ന് വാർത്തകൾ വന്നിരുന്നു.
ശ്രീലങ്കൻ മുൻ മന്ത്രി വിമൽ വീരവൻസയും രാഷ്ട്രപതിയെ കണ്ട് രാജ്യത്തെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സർവകക്ഷി ചേർന്ന് ഇടക്കാല സർക്കാരിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Also Read-
അടിയന്തരാവസ്ഥക്ക് പിന്നാലെ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക
അതിനിടയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏർപ്പെടുത്തിയിരുന്ന നിരോധനം ഇന്ന് ഉച്ചയ്ക്ക് ശേഷം സർക്കാർ എടുത്തുകളഞ്ഞു. ട്വിറ്റർ, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം എന്നിവയിലേക്കുള്ള പ്രവേശനം രാജ്യവ്യാപകമായി തടഞ്ഞതായി ഇന്റർനെറ്റ് മോണിറ്ററിംഗ് ഓർഗനൈസേഷൻ നെറ്റ്ബ്ലോക്ക്സ് പറഞ്ഞു. "സോഷ്യൽ മീഡിയ തടയുന്നതിനെ താൻ ഒരിക്കലും ക്ഷമിക്കില്ല" എന്ന് പ്രസിഡന്റിന്റെ അനന്തരവൻ യുവ കായിക മന്ത്രി നമൽ രാജപക്സെ ഒരു ട്വീറ്റിൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.