ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് കുപ്രസിദ്ധമായ ഏരിയ 51 (Area 51). എന്നാല്‍ ഇത്തവണ അന്യഗ്രഹജീവികളെ (Aliens) കണ്ടതു കൊണ്ടല്ല, മറിച്ച് കേവലം ഒരു മനുഷ്യനെ കണ്ടതിന്റെ പേരിലാണ് ഈ പ്രദേശം വാർത്തകളിൽ നിറയുന്നത്. ലാസ് വെഗാസിലെ (Las Vegas) മക്കാരന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (McCarran International Airport) അതീവ സുരക്ഷാ പാതയിലൂടെ കാര്‍ ഓടിച്ചുകൊണ്ട് ഒരാൾ സംരക്ഷിത മേഖലയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. 36 കാരനായ മാത്യു ഹാന്‍കോക്ക് എന്നയാളാണ് ഡിസംബര്‍ 8ന് ഈ മേഖലയിലേക്ക് അതിക്രമിച്ചു കടന്നത്. വിമാനത്താവളത്തിന്റെ അകത്തും പുറത്തുമുള്ള സുരക്ഷാ സംവിധാനങ്ങളെല്ലാം മറികടന്ന്ഹാന്കോക്ക് തന്റെ വാഹനം, പാര്‍ക്ക് ചെയ്ത വിമാനത്തിനു സമീപത്ത് കൊണ്ടുപോയി നിര്‍ത്തുകയായിരുന്നു.
ഈ കാഴ്ച കണ്ട് സ്ഥലത്തെത്തിയഅറ്റ്ലാന്റിക് ഏവിഷേയന്‍ ജീവനക്കാരനെ ഹാന്‍കോക്ക് ഭീഷണിപ്പെടുത്തി. തന്റെ കൈയില്‍ ബോംബ് ഉണ്ടെന്നും ഈ സ്ഥലം തകര്‍ക്കാന്‍ പോകുകയാണെന്നും അയാള്‍ പറഞ്ഞു. തുടർന്ന്ഒരു കോമാളിയുടെ മുഖംമൂടി ധരിച്ചുകൊണ്ട് അയാള്‍ കാര്‍ ഓടിച്ചുപോയി.
കാര്‍ നിരവധി വിമാനങ്ങളില്‍ കൊണ്ടു ചെന്നിടിക്കുകയും വിമാനഗതാഗതത്തെ സാരമായി തടസപ്പെടുത്തുകയും ചെയ്തതിന് ശേഷമാണ് അക്രമിയെ പോലീസ് പിടികൂടിയത്. ഒരു വിമാനം മോഷ്ടിക്കാനും അതിൽഅന്യഗ്രഹജീവികളെ കാണാന്‍ ഏരിയ 51ലേക്ക് പറക്കാനുമായിരുന്നു തന്റെ പദ്ധതി എന്നാണ് ഹാന്‍കോക്ക് പോലീസിനോട് വെളിപ്പെടുത്തിയത്. പോലീസ് ഇയാളുടെ കാര്‍ പരിശോധിച്ചപ്പോള്‍, ഒരു മരപ്പലകയ്ക്കൊപ്പം ഒരു ഹെവി-ഗേജ് വയറിംഗ് ഉപകരണവും കണ്ടെത്തിയിട്ടുണ്ട്.
അന്യഗ്രഹജീവികളെ കാണാൻ ഏരിയ 51 ലേക്ക് പറക്കണമെന്ന് ഹാന്‍കോക്ക് തന്നെ പിടികൂടിയ ഉദ്യോഗസ്ഥരോട് പറഞ്ഞതായി പൊലീസ് അറിയിച്ചു. അതേസമയം, സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം തകര്‍ന്ന സുരക്ഷാ വേലികള്‍ പൂർണമായും പഴയപടിയാക്കിയെന്ന് വിമാനത്താവളത്തിന്റെ പബ്ലിക് ഡാറ്റ അഡ്മിനിസ്റ്റര്‍ ജോ രാജ്ചെല് പറഞ്ഞു. ''സാഹചര്യത്തോട് ഉചിതമായി പ്രതികരിക്കുകയും വിമാനത്താവളത്തിലുണ്ടായിരുന്ന എല്ലാവരെയും സംരക്ഷിക്കുകയും ചെയ്ത ജീവനക്കാര്‍ക്ക് ഈ അവസരത്തിൽ നന്ദി പറയുന്നു'', ജോ കൂട്ടിച്ചേർത്തു.
ഏരിയ 51ലേക്ക് പോകാനും അന്യഗ്രഹജീവികളെ കാണാനുമുള്ള ഒരു തമാശ ഇവന്റ് രണ്ട് വര്‍ഷം മുമ്പാണ് ഫേസ്ബുക്കില്‍ വൈറലായത്. 2 ലക്ഷത്തിലധികം ആളുകളാണ് ആ ഇവന്റിന്റെ ഇൻവിറ്റേഷനോട് പ്രതികരിച്ചത്.
അതേസമയം, 10 ദിവസങ്ങള്‍ക്ക് മുമ്പ്, നെതര്‍ലാന്‍ഡ്സില്‍ നിന്നുള്ള ഒരു യൂട്യൂബറെയും മറ്റ് രണ്ട് പേരെയും ഏരിയ 51ൽ നിന്ന് ഏകദേശം 5 മൈല്‍ മാത്രം അകലെ നിയന്ത്രിത മേഖലയ്ക്കുള്ളില്‍ വെച്ച് അറസ്റ്റ് ചെയ്യുകയും അതിക്രമിച്ചു കടന്നതിന് കുറ്റം ചുമത്തുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.