പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി ഇസ്ലാമാബാദ് പൊലീസ്. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനായി പൊലീസ് അദ്ദേഹത്തിന്റെ ലാഹോറിലുള്ള വസതിയിലെത്തി. എന്നാൽ പൊലീസിനെതിരെ പ്രതിഷേധവുമായി ഇമ്രാൻഖാന്റെ പാകിസ്ഥാൻ തെഹ് രീക്ക് ഇൻസാഫ് പാർട്ടി പ്രവർത്തകരും വീടിന് മുന്നിൽ തടിച്ചുകൂടി. 400-450 പ്രവർത്തകരാണ് ഇമ്രാൻ ഖാന്റെ സമൻ പാർക്കിലെ വസതിക്കു മുന്നിൽ പ്രതിരോധം തീർത്തത്. ഇതേതുടർന്ന് ഇമ്രാൻ അനുകൂലികൾ ലാഹോറിലേക്ക്
നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി..പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
രണ്ട് കേസുകളിലായി രണ്ട് ജാമ്യമില്ലാ വാറണ്ടുകളാണ് ഇമ്രാൻ ഖാനെതിരെയുള്ളത്. വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ കേസിൽ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടർന്നാണ് ജില്ലാ സെഷൻസ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
Also Read- ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച് ഇസ്രായേൽ; ജനരോഷത്തിന് കാരണമെന്ത്?
തോഷഖാന കേസിൽ നാലാം തവണയും സെഷൻസ് കോടതിയിൽ ഹാജരാകാത്തതിന് ഖാനെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് കഴിഞ്ഞ ആഴ്ച ഇസ്ലാമാബാദ് ഹൈക്കോടതി മാർച്ച് 13 വരെ സസ്പെൻഡ് ചെയ്തിരുന്നു. കേസിൽ കോടതിയിൽ ഹാജരാകാൻ നാലാഴ്ചത്തെ സമയം അനുവദിക്കണമെന്ന ഖാന്റെ അഭിഭാഷകന്റെ അപേക്ഷ നിരസിച്ച ഐഎച്ച്‌സി ചീഫ് ജസ്റ്റിസ് ആമർ ഫാറൂഖ്, താൻ മാറ്റിവെച്ച വിധി പ്രഖ്യാപിച്ച് മാർച്ച് 13 ന് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാകാൻ പിടിഐ മേധാവിയോട് നിർദ്ദേശിച്ചു.
ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരിക്കെ വിദേശ രാഷ്ട്രത്തലവന്മാരും നയതന്ത്രജ്ഞരും നൽകിയ വിലപിടിപ്പുള്ള സമ്മാനങ്ങൾ മറിച്ചുവിൽക്കുകയും ഇതിന്റെ യഥാർത്ഥ കണക്കുകൾ വെളിപ്പെടുത്താതെ നികുതി വെട്ടിക്കുകയും ചെയ്തെന്നതാണ് തോഷഖാന കേസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.