നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ഇറാഖ് സന്ദർശനം: ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ സുരക്ഷയെക്കുറിച്ച് ചർച്ച നടത്തി മാർപാപ്പയും ഷിയ പുരോഹിതൻ അൽ സിസ്താനിയും

  ഇറാഖ് സന്ദർശനം: ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ സുരക്ഷയെക്കുറിച്ച് ചർച്ച നടത്തി മാർപാപ്പയും ഷിയ പുരോഹിതൻ അൽ സിസ്താനിയും

  ഇറാഖ് സന്ദർശനം നിരവധി മാർപാപ്പമാരുടെ സ്വപ്നമായിരുന്നു. അതുകൊണ്ട് തന്നെ ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനം ചരിത്രത്തിൽ ഇടം നേടി.

  Pope Francis, right, meets with Iraq's leading Shiite cleric, Grand Ayatollah Ali al-Sistani in Najaf, Iraq,

  Pope Francis, right, meets with Iraq's leading Shiite cleric, Grand Ayatollah Ali al-Sistani in Najaf, Iraq,

  • Share this:
   മാർപാപ്പയുടെ ഇറാഖ് സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ഫ്രാൻസിസ് മാർപാപ്പ ഷിയ ഇസ്ലാമിന്റെ ഏറ്റവും ശക്തനായ പുരോഹിതൻ അയത്തുള്ള അലി അൽ-സിസ്താനിയുമായി കൂടിക്കാഴ്ച നടത്തി. ഇറാഖിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ സുരക്ഷയെക്കുറിച്ച് പോപ്പ്, അൽ-സിസ്താനിയുമായി ചർച്ച നടത്തി.

   ഇറാഖിലെ പല സമുദായങ്ങളെയും പോലെ, ക്രിസ്ത്യൻ സമൂഹവും വർഷങ്ങളായി അക്രമത്തിന്റെ അലയൊലികൾ നേരിടുകയാണെന്നും ചർച്ചകൾ സമാധാനത്തിന് ഊന്നൽ നൽകിയതായിരുന്നുവെന്നും അയത്തുള്ള അലി അൽ-സിസ്താനിയുടെ ഓഫീസ് അറിയിച്ചു. വിശുദ്ധ നഗരമായ നജാഫിലെ സിസ്താനിയുടെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മഹാമാരി ആരംഭിച്ചതിനുശേഷം മാർപാപ്പ നടത്തുന്ന ആദ്യത്തെ അന്താരാഷ്ട്ര യാത്രയാണിത്.

   ചർച്ചാ വിഷയം

   2003ലെ യുഎസിന്റെ നേതൃത്വത്തിലുള്ള ഇറാഖ് അധിനിവേശത്തിനുശേഷം ഇറാഖിലെ ക്രിസ്ത്യൻ ന്യൂനപക്ഷം വലിയ ആക്രമണമാണ് നേരിട്ടിരുന്നത്. ക്രിസ്ത്യൻ പൗരന്മാർ എല്ലാ ഇറാഖികളെയും പോലെ സമാധാനത്തിലും സുരക്ഷിതത്വത്തിലും പൂർണ്ണമായ ഭരണഘടനാ അവകാശങ്ങളോടെയും ജീവിക്കണമെന്ന് സിസ്താനിയുമായുള്ള ചർച്ചയ്ക്കിടെ മാർപാപ്പ ആവശ്യപ്പെട്ടു. ഇറാഖിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ ചില സന്ദർഭങ്ങളിൽ ദുർബലരും പീഡിപ്പിക്കപ്പെടുന്നവരുമായ വിഭാഗത്തിന് വേണ്ടി ശബ്ദമുയർത്തിയതിന് ഫ്രാൻസിസ് മാർപാപ്പ അയത്തുള്ളയോട് നന്ദി പറഞ്ഞതായും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

   ഷിയാ നേതാവ് സമാധാന സന്ദേശത്തിൽ "മനുഷ്യജീവിതത്തിന്റെ പവിത്രതയും ഇറാഖ് ജനതയുടെ ഐക്യത്തിന്റെ പ്രാധാന്യവും" വിവരിച്ചു. വിശിഷ്ടാതിഥികളുമായി അപൂർവമായി മാത്രം കൂടിക്കാഴ്ച്ച നടത്താറുള്ള അയത്തുള്ള 50 മിനിറ്റോളം മാർപ്പാപ്പയുമായി സംസാരിച്ചു. മാസ്കുകൾ ധരിക്കാതെയാണ് ഇരുവരും സംസാരിച്ചത്.

   ഫ്രാൻസിസ് മാർപാപ്പ പിന്നീട് പുരാതന നഗരമായ ഊറിലേക്ക് പുറപ്പെട്ടു. എബ്രഹാമിന്റെ ജനന സ്ഥലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഊറിൽ വച്ച് നടക്കുന്ന സർവ്വമത സമ്മേളനത്തിൽ മാർപാപ്പ പങ്കെടുക്കും. പതിനായിരത്തോളം ഇറാഖി സുരക്ഷാ സേനയെയാണ് മാർപാപ്പയുടെ സന്ദർശനവേളയിൽ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ചില ഷിയ തീവ്രവാദ ഗ്രൂപ്പുകൾ സന്ദർശനത്തെ എതിർത്തതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

   ഇറാഖ് സന്ദർശനം നിരവധി മാർപാപ്പമാരുടെ സ്വപ്നമായിരുന്നു. അതുകൊണ്ട് തന്നെ ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനം ചരിത്രത്തിൽ ഇടം നേടി.

   Also Read- തീ തുപ്പി ഇറ്റലിയിലെ മൗണ്ട് എറ്റ്ന; ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവതത്തിന്റെ ചിത്രങ്ങൾ

   ഇറാഖിലെ ക്രിസ്ത്യൻ ന്യൂനപക്ഷം

   ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യൻ സമൂഹമാണ് ഇറാഖിലുള്ളത്. എന്നാൽ കഴിഞ്ഞ രണ്ട് ദശകങ്ങൾക്കിടെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ എണ്ണം 1.4 ദശലക്ഷത്തിൽ നിന്ന് 2,50,000 ആയി കുറഞ്ഞു. ഇത് രാജ്യത്തെ ജനസംഖ്യയുടെ 1% ൽ താഴെ മാത്രമാണ്. 2003 ലെ യുഎസ് ആക്രമണവും തുടർന്നുള്ള ഒരു ദശാബ്ദക്കാലത്തെ യുദ്ധവും 2014 മുതൽ 2017 വരെയുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരമായ പീഡനങ്ങളും ഇറാഖിലെ ക്രിസ്തുമത വിശ്വാസികൾക്ക് കനത്ത പ്രഹരമായിരുന്നു. രാജ്യത്ത് അവശേഷിക്കുന്ന ക്രിസ്ത്യാനികളിൽ ഭൂരിഭാഗവും വിവിധ രാജ്യങ്ങളിലേയ്ക്ക് കുടിയേറുകയും ചെയ്തു.

   മാർപ്പാപ്പയുടെ സന്ദർശന ക്രമീകരണങ്ങൾ

   സുരക്ഷാ ആശങ്കകൾക്കും കോവിഡ് -19 പ്രതിസന്ധികൾക്കുമിടയിൽ മാർപാപ്പ വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യില്ല. ജനുവരി ആദ്യവാരം തന്നെ മാർപാപ്പ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നു. ഞായറാഴ്ച്ച പോപ്പ് ഫ്രാൻസിസ് ഇറാഖിലെ കുർദിസ്ഥാനിലുള്ള സ്വയംഭരണ പ്രദേശമായ എർബിലിലേക്ക് യാത്ര തിരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ റോക്കറ്റ് ആക്രമണം നടന്ന സ്ഥലമാണിത്. അവിടെയുള്ള ഉദ്യോഗസ്ഥരെ കണ്ടുമുട്ടിയ ശേഷം മൊസൂളിലേക്ക് പുറപ്പെടും. നഗരത്തിലെ ചർച്ച് സ്ക്വയറിൽ പ്രാർത്ഥനകൾ നടത്തും. തുടർന്ന് അദ്ദേഹം ഇറാഖിലെ പ്രധാന ക്രിസ്ത്യൻ പട്ടണങ്ങളിലൊന്നായ ഖരാക്കോഷിലേക്ക് പോകും. ഖരാക്കോഷിലെ പള്ളിയിൽ പ്രസംഗം നടത്തുകയും തുടർന്ന് എർബിലിലേക്ക് മടങ്ങുകയും ചെയ്യും. അവിടെ ഫ്രാൻസോ ഹരിരി സോക്കർ സ്റ്റേഡിയത്തിൽ കുർബാനയിൽ പങ്കെടുക്കും. തിങ്കളാഴ്ച മാർപാപ്പ റോമിലേക്ക് മടങ്ങും.
   Published by:Rajesh V
   First published:
   )}