• HOME
 • »
 • NEWS
 • »
 • world
 • »
 • അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടത് 4 കാറിലും ഹെലികോപ്റ്ററിലും നിറയെ പണവുമായെന്ന് റിപ്പോർട്ട്

അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടത് 4 കാറിലും ഹെലികോപ്റ്ററിലും നിറയെ പണവുമായെന്ന് റിപ്പോർട്ട്

എന്നാൽ അഷ്റഫ് ഗനി ഇപ്പോൾ എവിടെയുണ്ടെന്ന കാര്യം അജ്ഞാതമാണ്. ഗനിയുടെ വിമാനത്തിന് തജിക്കിസ്ഥാനിൽ ഇറങ്ങുന്നതിന് അനുമതി ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ അദ്ദേഹം ഒമാനിലേക്കു പോയതായാണ് റിപ്പോർട്ടുകൾ.

അഷ്റഫ് ഗനി

അഷ്റഫ് ഗനി

 • Last Updated :
 • Share this:
  കാബൂൾ: അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടത് നാലു കാറുകളും ഒരു ഹെലികോപ്റ്റർ നിറയെ പണവുമായാണെന്ന് റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് റഷ്യൻ വാർത്താ ഏജൻസിയെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 'നാലു കാറുകള്‍ മുഴുവനും പണമായിരുന്നു. ഒരു ഹെലികോപ്റ്ററിലും പണം നിറയ്ക്കാൻ ശ്രമിച്ചു. പണമെല്ലാം നിറയ്ക്കാൻ സാധിച്ചില്ല. കുറച്ചു പണം അവിടെ ബാക്കിയായി'- റഷ്യന്‍ എംബസിയിലെ വക്താവ് നികിത ഇഷ്ചെങ്കോ വ്യക്തമാക്കി. സംഭവത്തിന് സാക്ഷികളുണ്ടെന്നും നികിത ഇഷ്ചെങ്കോ അവകാശപ്പെട്ടു.

  എന്നാൽ അഷ്റഫ് ഗനി ഇപ്പോൾ എവിടെയുണ്ടെന്ന കാര്യം അജ്ഞാതമാണ്. ഗനിയുടെ വിമാനത്തിന് തജിക്കിസ്ഥാനിൽ ഇറങ്ങുന്നതിന് അനുമതി ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ അദ്ദേഹം ഒമാനിലേക്കു പോയതായാണ് റിപ്പോർട്ടുകൾ. ഗനി യു എസിലേക്ക് പോകാൻ ശ്രമിക്കുന്നതായും വിവരമുണ്ട്. രക്തച്ചൊരിച്ചിലൊഴിവാക്കാനാണ് അഫ്ഗാൻ വിടുന്നതെന്ന് രക്ഷപ്പെടുന്നതിന് മുൻപ് ഗനി സമൂഹമാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചിരുന്നു. യു എസ്, നാറ്റോ സേനകളുടെ പിന്മാറ്റത്തിന് പിന്നാലെ തുടങ്ങിയ താലിബാൻ ഞായറാഴ്ചയാണ് തലസ്ഥാനമായ കാബൂളിലെത്തിയത്.

  യുഎൻ രക്ഷാസമിതിയിൽ താലിബാനെതിരെ നിലപാട് പ്രഖ്യാപിച്ച് അമേരിക്കയും ബ്രിട്ടനും; കടുത്ത ആശങ്ക അറിയിച്ച് ഇന്ത്യയും

  താലിബാനെതിരെ യുഎൻ സുരക്ഷാ കൗൺസിലിൽ നിലപാട് പ്രഖ്യാപിച്ച് അമേരിക്കയും ബ്രിട്ടനും. മനുഷ്യാവകാശലംഘനം അനുവദിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അഫ്ഗാൻ ജനത അന്തസ്സോടെ ജീവിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും സ്ത്രീകളുടെ അവകാശം സംരക്ഷിക്കണമെന്നും അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടു. അഫ്ഗാന്റെ അയൽരാജ്യങ്ങൾ അഭയാർത്ഥികളെ സ്വീകരിക്കണമെന്നും അമേരിക്ക അഭ്യർത്ഥിക്കുന്നു. താലിബാൻ ദോഹ ധാരണ ലംഘിച്ചെന്ന് ബ്രിട്ടൻ കുറ്റപ്പെടുത്തി.

  അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയും കടുത്ത ആശങ്ക അറിയിച്ചു. സ്ത്രീകളും കുട്ടികളും വൻ ഭീതിയിൽ കഴിയുകയാണെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതി യോഗത്തിൽ ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി ചൂണ്ടികാട്ടി. താലിബാനെതിരെ കടുത്ത നിലപാട് സ്വീകരിച്ചില്ലെങ്കിലും അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ ഭയത്തോടെ കഴിയുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനെ വീണ്ടും ഭീകരപ്രവര്‍ത്തനത്തിന്‍റെ താവളമാക്കി മാറ്റാതിരിക്കാൻ ഇത് അവസരംകൂടി ആക്കണമെന്നും ഇന്ത്യ നിര്‍ദ്ദേശിച്ചു.

  അഫ്ഗാനിസ്ഥാൻ ഹമിദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ അമേരിക്ക താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. എയർപോർട്ട് നിയന്ത്രണം പൂ‌ർണമായും യുഎസ് സേന ഏറ്റെടുക്കും ഇതിന് ശേഷമായിരിക്കും പ്രവ‌‌ർത്തനം പുനരാരംഭിക്കുക. കാബൂൾ വിമാനത്താവളത്തിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുമെന്നാണ് അമേരിക്കയുടെ അറിയിപ്പ്.

  അഫ്ഗാൻ വ്യോമമേഖല പൂർണമായി അടച്ചിരിക്കുകയാണ്. എല്ലാ രാജ്യങ്ങളുടെയും വിമാനങ്ങൾ ഇപ്പോൾ അഫ്ഗാന്റെ ആകാശം ഒഴിവാക്കി പറക്കുന്നു. അമേരിക്ക അവരുടെ എല്ലാ ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചെങ്കിലും മറ്റ് അറുപതോളം രാഷ്ട്രങ്ങളുടെ പൗരന്മാർ ഇപ്പോഴും കാബൂളിൽ ഉണ്ട്. അഫ്ഗാനിൽ യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ച താലിബാൻ ഇനി ഇസ്‌ലാമിക ഭരണമായിരിക്കുമെന്നും വ്യക്തമാക്കി കഴിഞ്ഞു. വിദേശികളെ ആക്രമിക്കില്ലെന്നും പ്രതികാരം ആരോടുമില്ലെന്നുമാണ് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പറയുന്നത്.

  താലിബാൻ ഭരണത്തിലായ അഫ്ഗാനിൽ നിന്ന് കൂട്ടപലായനമാണ് നടക്കുന്നത്. കാബൂൾ വിമാനത്താവളത്തിലേക്ക് ജനം ഇരച്ചുകയറുകയായിരുന്നു. തിക്കിലും തിരക്കിലും വെടിവയ്പ്പിലും 5 മരണം റിപ്പോ‍‌ർട്ട് ചെയ്തിട്ടുണ്ട്. വിമാനങ്ങളുടെ യന്ത്രഭാഗങ്ങളിൽ പിടിച്ചിരുന്ന് യാത്രയ്ക്ക് ശ്രമിച്ച 3 പേർ വീണുമരിച്ചു.
  Published by:Rajesh V
  First published: