നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • സ്വകാര്യ ശൗചാലയം 2700 വർഷം പഴക്കം; നിർണായക കണ്ടെത്തലുമായി ഇസ്രായേൽ പുരാവസ്തു വകുപ്പ്

  സ്വകാര്യ ശൗചാലയം 2700 വർഷം പഴക്കം; നിർണായക കണ്ടെത്തലുമായി ഇസ്രായേൽ പുരാവസ്തു വകുപ്പ്

  രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പും മാനവ സംസ്‌കാരം മികവുറ്റ രീതിയില്‍ നിലനിന്നിരുന്നു എന്ന് പല സംസ്‌കാരങ്ങളുടെയും അവശിഷ്ടങ്ങള്‍ നമുക്ക് തെളിയിച്ചു തന്നിരുന്നു.

  • Share this:
   രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പും മാനവ സംസ്‌കാരം മികവുറ്റ രീതിയില്‍ നിലനിന്നിരുന്നു എന്ന് പല സംസ്‌കാരങ്ങളുടെയും അവശിഷ്ടങ്ങള്‍ നമുക്ക് തെളിയിച്ചു തന്നിരുന്നു. അതില്‍ ഇന്ത്യയുടെ സൈന്ധവ സംസ്‌കാരവും ഉള്‍പ്പെടുന്നു. ഇപ്പോള്‍ ഇസ്രയേലിലെ പുരാവസ്തു ഗവേഷകര്‍ വീണ്ടും അത്തരമൊരു കണ്ടത്തെല്‍ നടത്തിയിരിക്കുകയാണ്. 2700 വര്‍ഷങ്ങളോളം പഴക്കം വരുന്ന ഒരു അപൂര്‍വ്വ ശൗചാലയത്തിന്റെ അവശിഷ്ടങ്ങളാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ ശൗചാലയങ്ങള്‍ ഒരു ആഡംബരമായി കണക്കാക്കുന്ന പുണ്യ നഗരമായ ജെറുസലേമില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ചൊവ്വാഴ്ച അധികൃതര്‍ അറിയിച്ചു.

   ചുണ്ണാമ്പു കല്ലില്‍ നിര്‍മ്മിച്ച ശൗചാലയത്തിന്റെ അവശിഷ്ടങ്ങള്‍ വളരെ മിനുസമുള്ളതാണ് എന്ന് ഗവേഷകര്‍ പറയുന്നു. ഇന്നത്തെ ഓള്‍ഡ് സിറ്റിയ്ക്ക് അഭിമുഖമായി വിശാലമായ ഒരു മാളികയുടെ ഭാഗമായ ചതുരാകൃതിയിലുള്ള മുറിയിലാണ് ശൗചാലയ ഭാഗങ്ങള്‍ കണ്ടെത്തിയത്. സ്വസ്ഥമായി ഇരിക്കാന്‍ പാകത്തിലാണ് ഇത് പണി കഴിച്ചിരുന്നത്. അതിന്റെ അടിയില്‍ ഭൂമിയ്ക്ക് താഴെ ടോയ്ലറ്റിന്റെ സെപ്റ്റിക് ടാങ്കും പണിതിട്ടുള്ളതായി ഗവേഷകര്‍ കണ്ടെത്തി.

   ''പുരാതന കാലത്ത് ഒരു സ്വകാര്യ ശുചിമുറി എന്ന് പറയുന്നത് തന്നെ വളരെ വിരളമായിരുന്നു. അവയില്‍ വളരെ കുറച്ചു ശുചിമുറികള്‍ മാത്രമാണ് ഇതുവരെ നാം കണ്ടെത്തിയിട്ടുള്ളത്'', ഖനനത്തിന് ചുക്കാന്‍ പിടിച്ച യാകോവ് ബിലിഗ് പറഞ്ഞു. ''സമ്പന്നര്‍ക്ക് മാത്രമേ അക്കാലത്ത് ഒരു ശുചിമുറി നിര്‍മ്മിക്കാന്‍ സാധിച്ചിരുന്നുള്ളു,'' അദ്ദേഹം പറയുന്നു. ''തന്റെ മേശയുടെ അപ്പുറം ഒരു ശുചിമുറി ഉള്ളയാളാണ്'' ധനികന്‍ എന്ന് പ്രശസ്ത ജൂത പണ്ഡിതന്‍ റബ്ബി യോസ്സി ഒരിക്കല്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

   ടോയ്ലറ്റിന്റെ സെപ്റ്റിക്ക് ടാങ്കില്‍ നിന്നും മൃഗങ്ങളുടെ എല്ലുകളും മണ്‍പാത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. അത് അന്നത്തെ കാലത്ത് ജീവിച്ചിരുന്ന മനുഷ്യരുടെ ജീവിത ശൈലിയും ഭക്ഷണ ശൈലിയും മനസ്സിലാക്കാന്‍ സഹായകമാകുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. ഒപ്പം അന്നത്തെ കാലത്ത് മൃഗങ്ങള്‍ക്ക് വന്നിരുന്ന രോഗങ്ങളെക്കുറിച്ചും മനസിലാക്കാന്‍ ഇത് സഹായിക്കുമെന്ന് പുരാവസ്തു വകുപ്പ് അധികൃതര്‍ പറയുന്നു.

   'ഇന്ന് നമുക്ക് വളരെ സാധാരണമായ ടോയ്ലറ്റ് പുരാതന കാലത്ത് വളരെ അപൂര്‍വ്വമായി മാത്രമാണ് ഉണ്ടായിരുന്നത്. അത് യഹൂദ രാജാക്കന്മാരുടെ കാലത്ത് നിലനിന്നിരുന്നു എന്നത് ഇന്ന് ആലോചിക്കുമ്പോള്‍ തീര്‍ത്തും അത്ഭുതമായി തോന്നുന്നു. ജെറുസലേം നമ്മെ വിസ്മയിപ്പിക്കുകയാണ്', ഖനനത്തിന്റെ പുതിയ കണ്ടെത്തലുകളെക്കുറിച്ച് ഇസ്രയേലിലെ പുരാവസ്തു വകുപ്പിന്റെ (ഐ എ എ) അധ്യക്ഷനായ എലി എസ്‌കോസിഡോ പറഞ്ഞതായി ഡബ്ല്യു എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

   പുരാവസ്തു ഗവേഷകര്‍ ആ കാലഘട്ടത്തിലെ ശിലാ സ്ഥാപനങ്ങളും നിരകളും കണ്ടെത്തി. ശൗചാലയത്തിന്റെ സമീപം പൂന്തോട്ടങ്ങളും ജലസസ്യങ്ങളും നിലനിന്നിരുന്നതിന് തെളിവുകളുണ്ടെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു. അതോടൊപ്പം ശൗചാലയത്തിന് അടുത്ത് കണ്ടെത്തിയ ഉദ്യാനങ്ങളും മറ്റും അവിടെ താമസിച്ചിരുന്നവര്‍ സമ്പന്നരായിരുന്നു എന്നതിന്റെ തെളിവുകളാണ് എന്നാണ് പുരാവസ്തു സവേഷകര്‍ സൂചിപ്പിക്കുന്നത്. ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കുന്നതിനായി ഈ സ്ഥലം തുറന്നു കൊടുക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
   Published by:Jayashankar AV
   First published:
   )}