• HOME
  • »
  • NEWS
  • »
  • world
  • »
  • Thich Nhat Hanh | പ്രമുഖ ബുദ്ധസന്യാസിയും സെൻ ഗുരുവുമായ തിക് നാറ്റ് ഹാൻ അന്തരിച്ചു

Thich Nhat Hanh | പ്രമുഖ ബുദ്ധസന്യാസിയും സെൻ ഗുരുവുമായ തിക് നാറ്റ് ഹാൻ അന്തരിച്ചു

എഴുത്തുകാരൻ, വാഗ്മി, അദ്ധ്യാപകൻ, സമാധാന പ്രവർത്തകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ വ്യക്തിത്വമാണ് തിക് നാറ്റ് ഹാൻ

  • Share this:
    വിയറ്റ്നാമീസ് ബുദ്ധസന്യാസിയും (Buddhist Monk) ലോകത്തെ പ്രമുഖ സെൻ ഗുരുക്കന്മാരിൽ (Zen Master) ഒരാളുമായ തിക് നാറ്റ് ഹാൻ ശനിയാഴ്ച വിയറ്റ്നാമിലെ (Vietnam) ഹ്യൂയിലെ ടു ഹിയു ക്ഷേത്രത്തിലെ വസതിയിൽ വെച്ച് അന്തരിച്ചു. 95 വയസായിരുന്നു. 2014ൽ അദ്ദേഹത്തിന് ഗുരുതരമായ ബ്രെയിൻ ഹെമറേജ് സംഭവിച്ചിരുന്നു. അതിനുശേഷം സംസാരശേഷി നഷ്ടപ്പെട്ട അദ്ദേഹം ആംഗ്യങ്ങളിലൂടെയാണ് ആശയവിനിമയം നടത്തിപ്പോന്നിരുന്നത്.

    എഴുത്തുകാരൻ, വാഗ്മി, അദ്ധ്യാപകൻ, സമാധാന പ്രവർത്തകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ വ്യക്തിത്വമാണ് തിക് നാറ്റ് ഹാൻ. 1960കളിൽ വിയറ്റ്നാം യുദ്ധത്തെ ശക്തമായി എതിർത്തതിനെ തുടർന്ന് നാടു കടത്തപ്പെട്ട അദ്ദേഹം പിന്നീട് 'എൻഗെയ്‌ജ്ഡ് ബുദ്ധിസം' എന്ന പ്രസ്ഥാനത്തിന്റെ ശബ്ദമായിമാറി. ബുദ്ധിസ്റ്റ് തത്വങ്ങളുടെ പ്രയോഗത്തിലൂടെ സാമൂഹ്യ പരിഷ്കരണം നടത്തുക എന്നതായിരുന്നു പ്രസ്ഥാനത്തിന്റെ ലക്ഷ്യം.

    ഇംഗ്ലീഷിലും ഫ്രഞ്ചിലും നല്ല പരിജ്ഞാനം ഉണ്ടായിരുന്ന അദ്ദേഹം അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഇടയ്ക്കിടെ സന്ദർശിക്കുകയും പാശ്ചാത്യ ലോകത്ത് ബുദ്ധിസത്തിന്റെ സ്വാധീനം വർധിപ്പിക്കുന്നതിൽ നിർണായകമായ പങ്ക് വഹിക്കുകയും ചെയ്തു. പടിഞ്ഞാറൻ രാജ്യങ്ങളിൽ 'മൈൻഡ്ഫുൾനെസ്' എന്ന ആശയത്തിന് പ്രചാരം നൽകിയതും അദ്ദേഹമാണ്.

    ലോകമെമ്പാടുമായി നിരവധി ആശ്രമങ്ങളും പരിശീലന കേന്ദ്രങ്ങളും സ്ഥാപിച്ചതോടെ അദ്ദേഹത്തിന് അനുയായികൾ വർദ്ധിച്ചു. തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ബോർഡോക്സിന് സമീപമുള്ള പ്ലം വില്ലേജാണ് അദ്ദേഹത്തിന്റെ ആശ്രമങ്ങളിൽ ഏറ്റവും വലുത്. പ്രതിവർഷം ആയിരക്കണക്കിന് ആളുകളാണ് ഇവിടെ സന്ദർശനത്തിനായി എത്താറുള്ളത്. 2018ൽ മധ്യ വിയറ്റ്നാമിലെ ഹ്യൂയിലേക്ക് അദ്ദേഹം മടങ്ങി. കൗമാരപ്രായത്തിൽ കഴിഞ്ഞ ടു ഹ്യൂ ക്ഷേത്രത്തിൽ തന്നെ അന്ത്യനാളുകൾ ചെലവഴിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

    വിയറ്റ്നാമിൽ നിന്ന് നാടുകടത്തപ്പെട്ടതിന് ശേഷം പതിറ്റാണ്ടുകളോളം അദ്ദേഹം ഫ്രാൻസിലാണ് കഴിഞ്ഞത്. അവിടെ നിന്നാണ് പ്ലം വില്ലേജ് ട്രഡിഷൻ എന്ന പേരിൽ ലോകം മുഴുവൻ ആശ്രമങ്ങളും പരിശീലന കേന്ദ്രങ്ങളും സ്ഥാപിക്കാനുള്ള ഉദ്യമത്തിന് അദ്ദേഹം തുടക്കമിട്ടത്. എന്നാൽ, അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന് വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ എതിർപ്പുകൾ നേരിടേണ്ടി വന്നു. അതിന്റെ ഭാഗമായി ലാം ഡോങിലെ സെൻ കേന്ദ്രം 2009ൽ അടച്ചുപൂട്ടാൻ അദ്ദേഹം നിർബന്ധിതനായി.

    ബുദ്ധതത്വങ്ങൾ പ്രചരിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമായിരുന്നു. മരണം എന്ന ആശയത്തെ അദ്ദേഹം എതിർത്തു. ജനനവും മരണവും കേവലം ആശയങ്ങളാണെന്നും അവ യഥാർത്ഥമല്ലെന്നും അദ്ദേഹം എഴുതി. ഇക്കാര്യം ബോധ്യപ്പെടുന്നതിലൂടെ ഭയത്തിൽ നിന്ന് നമുക്ക് മോചനം നേടാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തെ പുതിയ രീതിയിൽ നോക്കിക്കാണാനും ആസ്വദിക്കാനും അതിലൂടെ കഴിയുമെന്നും അദ്ദേഹം വിശ്വസിച്ചു.

    തന്റെ ജീവിതകാലത്തിനിടയ്ക്ക് അദ്ദേഹം 100ലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്, അവ 40ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഒടുവിലത്തെ പുസ്തകം 2021 ഒക്ടോബറിലാണ് പ്രസിദ്ധീകരിച്ചത്.
    Published by:Jayesh Krishnan
    First published: