• HOME
 • »
 • NEWS
 • »
 • world
 • »
 • Sri Lanka | ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ: 'ഗോ ഹോം ഗോട്ട' പ്രസിഡന്‍റിന്‍റെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധം

Sri Lanka | ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ: 'ഗോ ഹോം ഗോട്ട' പ്രസിഡന്‍റിന്‍റെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധം

പ്രതിസന്ധി നിയന്ത്രണാതീതമായതോടെയാണ്  വ്യാഴാഴ്ച വൈകുന്നേരത്തോടെ ജനങ്ങള്‍ പ്രസിഡന്റ് ഗോട്ടബയ രജപക്‌സെയുടെ ഔദ്യോഗിക വസതിക്ക്  സമീപമുള്ള റോഡിൽ പ്രക്ഷോഭവുമായി എത്തിയത്

 • Share this:
  ശ്രീലങ്കന്‍ രാജ്യ തലസ്ഥാനമായ കൊളംബോയില്‍ (Colombo) വന്‍ പ്രക്ഷോഭം. പ്രതിഷേധം നിയന്ത്രണാതീതമായതോടെ രാജ്യത്ത് അടിയന്തരാവസ്ഥ (Emergency) പ്രഖ്യാപിച്ചു. കൊളംബോയിലെ പ്രസിഡന്‍റിന്‍റെ വസതിക്ക് മുന്നില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധമാണ് അരങ്ങേറിയത്. അടിയന്തരാവസ്ഥ നിലവില്‍ വന്നതോടെ ലങ്കയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുക്കും. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവിലാക്കാനും കഴിയും.

  പ്രസിഡന്‍റ് ഗോട്ടബയ രജപക്സെക്കെതിരെ(Gotabaya Rajapaksa) 'ഗോ ഹോം ഗോട്ട'  എന്ന മുദ്രാവാക്യങ്ങളുമായി ജനം തെരുവിലിറങ്ങി. പ്രസിഡന്‍റ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭകാരികള്‍ പോലീസുമായി ഏറ്റുമുട്ടി. പ്രതിഷേധം അടിച്ചമർത്താൻ അർദ്ധസൈനിക വിഭാഗമായ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രംഗത്ത് ഇറങ്ങിയെന്നാണ് വിവരം. രാത്രി വൈകിയും പ്രതിഷേധം തുടര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

  പോലീസ് ബലപ്രയോഗം നടത്തിയതിനാൽ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. സമീപകാലത്തായി യുക്രെയ്നില്‍ നടക്കുന്ന യുദ്ധത്തിന് യൂറോപ്പ് സാക്ഷ്യം വഹിക്കുന്ന സമയത്താണ് ദക്ഷിണേഷ്യയില്‍ പുതിയ പ്രതിസന്ധി രൂപമെടുക്കുന്നത്.

  സ്വാതന്ത്ര്യം നേടിയ ശേഷം ശ്രീലങ്ക അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ സാമ്പത്തിക മാന്ദ്യമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ആഴ്ചകളായി ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ഇന്ധനത്തിനും വാതകത്തിനും ഗുരുതരമായ ക്ഷാമത്തിലാണ് രാജ്യം.

  വ്യാഴാഴ്ചയോടെ രാജ്യത്ത് ഡീസൽ ലഭ്യമല്ലാതായി, ലങ്കയിലെ 22 ദശലക്ഷം ആളുകള്‍ 13 മണിക്കൂർ പവര്‍ക്കട്ടിലാണ്. റോഡുകളിൽ ഗതാഗതം കുറഞ്ഞു. മരുന്നുകളുടെ ദൗർലഭ്യം കാരണം ശസ്ത്രക്രിയകൾ ഇതിനകം നിർത്തിയിരിക്കുകയാണ് സർക്കാർ ആശുപത്രികളിൽ. ഇതില്‍ പൊറുതിമുട്ടിയാണ് ജനം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

  പവര്‍ കട്ട് ഏര്‍പ്പെടുത്തിയത് മൊബൈൽ ഫോൺ ബേസ് സ്റ്റേഷനുകളെ ബാധിക്കുകയും കോളുകളുടെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. കൊളംബോ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് വ്യാപാരം ദിവസം വെറും രണ്ട് മണിക്കൂറായി ചുരുക്കി. ഓഫീസുകൾ അത്യാവശ്യമല്ലാത്ത ജീവനക്കാരോട് ഹാജറാകേണ്ട എന്നാണ് സര്‍ക്കാര്‍ ഉത്തരവ്. വൈദ്യുതി ലാഭിക്കുന്നതിനായി തെരുവ് വിളക്കുകൾ അണച്ചതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

  പ്രതിസന്ധി നിയന്ത്രണാതീതമായതോടെയാണ്  വ്യാഴാഴ്ച വൈകുന്നേരത്തോടെ ജനങ്ങള്‍ പ്രസിഡന്റ് ഗോട്ടബയ രജപക്‌സെയുടെ ഔദ്യോഗിക വസതിക്ക്  സമീപമുള്ള റോഡിൽ പ്രക്ഷോഭവുമായി എത്തിയത്. പ്രസിഡന്‍റും കുടുംബവും പ്രസിഡന്‍റ് വസതിയില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോകാന്‍ ജനക്കൂട്ടം മുദ്രവാക്യം വിളിച്ചു.

  പ്രസിഡന്റിന്റെ ജ്യേഷ്ഠൻ മഹിന്ദ രാജപക്‌സെ ഇപ്പോള്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയാണ്. ഇവരിലെ ഇളയ സഹോദരന്‍ ബേസിൽ രാജപക്‌സെയാണ് രാജ്യത്തെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത്. മൂത്ത സഹോദരൻ ചമൽ രാജപക്‌സെ കൃഷി മന്ത്രിയും അനന്തരവൻ നമൽ രാജപക്‌സെ കായിക മന്ത്രിയുമാണ്. ഇതിനാല്‍ തന്നെ രാജപക്സെ കുടുംബത്തിന് എതിരായ പ്രത്യക്ഷ പ്രക്ഷോഭം എന്ന നിലയിലേക്കും പ്രതിഷേധം മാറിയിട്ടുണ്ട്.

  പോസ്റ്ററുകൾ വീശിയും മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാര്‍ തമ്പടിച്ചതോടെ ഇവരെ പിരിച്ചുവിടാൻ പോലീസ് ശ്രമം ആരംഭിച്ചു. ഇതോടെ സംഘര്‍ഷം രൂക്ഷമായി . ജനക്കൂട്ടം പോലീസിന് നേരെ കുപ്പികളും കല്ലുകളും എറിഞ്ഞു, കണ്ണീർ വാതകവും ജലപീരങ്കിയും ഉപയോഗിച്ചാണ് പോലീസ് ഇതിനെ നേരിട്ടത്.

  പ്രതിഷേധസമയത്ത് രാജപക്‌സെ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയില്‍ ഇല്ലായിരുന്നുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തത്. നഗരത്തിലെ എല്ലാ പ്രധാന റോഡുകളും പ്രക്ഷോഭകാരികള്‍ ഉപരോധിക്കുകയാണ്.ഇന്നലെ മുതൽ പ്രാദേശിക ടെലിവിഷൻ ചാനലുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
  Published by:Arun krishna
  First published: