യൂട്യൂബറായ മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഇറാഖിൽ പ്രതിഷേധം ശക്തമാകുന്നു. ജനുവരി 31 ന് ഇറാഖിന്റെ തെക്കൻ പ്രവിശ്യയായ ദിവാനിയയിൽ വെച്ചാണ് 22 കാരിയായ ടിബ അൽ അലിയെ പിതാവ് കൊലപ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് സാദ് മാൻ വെള്ളിയാഴ്ച ട്വിറ്ററിലൂടെ പറഞ്ഞു.അതേസമയം രാജ്യത്ത് ഗാർഹികപീഡന നിയമം വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ശക്തമായ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്.
ടിബയും ബന്ധുക്കളും തമ്മിൽ നിലനിന്നിരുന്ന ചില തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയായിരുന്നു എന്നും സാദ് മാൻ വെളിപ്പെടുത്തി. മകളെ കൊലചെയ്തശേഷം പിതാവ് പോലീസിൽ കീഴടങ്ങുകയും കൊലപാതക കുറ്റം സമ്മതിക്കുകയും ചെയ്തു.
ഞായറാഴ്ച സുപ്രീം ജുഡീഷ്യൽ കൗൺസിലിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്താനുള്ള ശ്രമം സുരക്ഷാസേന തടഞ്ഞിരുന്നു. സമരത്തില്‍ പങ്കെടുത്ത ഇരുപതോളം പേരെ അറസ്റ്റ് ചെയ്തു നീക്കി. പിന്നീട് കൗൺസിൽ കെട്ടിടത്തിലേക്കുള്ള റോഡിൽ പ്രതിഷേധക്കാർ ഒത്തുകൂടി പ്രതിഷേധം രേഖപ്പെടുത്തിയതായി വാർത്ത ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു.
Also Read-തുർക്കിയിലും സിറിയയിലും മരണസംഖ്യ 250 കടന്നു; വന്‍ ഭൂചലനത്തിൽ 600ൽ അധികം ആളുകൾക്ക് പരിക്ക്
“സ്ത്രീകളെ കൊല്ലുന്നത് നിർത്തുക”, “ടിബയുടെ കൊലയാളിയെ ശിക്ഷിക്കുക” എന്നീ മുദ്രാവാക്യങ്ങള്‍ ഉയർത്തിയായിരുന്നു പ്രതിഷേധം. “സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ ഞങ്ങൾക്ക് വേണം, പ്രത്യേകിച്ച് ഗാർഹിക പീഡനത്തിനെതിരായ നിയമങ്ങൾ,” 22 കാരിയായ പ്രതിഷേധക്കാരി റോസ് ഹമീദ് എഎഫ്‌പിയോട് പറഞ്ഞു.
“ടിബയുടെ കൊലപാതകത്തിനെതിരെ പ്രതിഷേധിക്കാനാണ് ഞങ്ങൾ ഇവിടെ വന്നത്. അടുത്ത ഇര ആരായിരിക്കും?”. “വളരുന്ന ഗാർഹിക പീഡനങ്ങൾക്കും സ്ത്രീകളുടെ കൊലപാതകങ്ങൾക്കും എതിരെ ഞങ്ങൾ അണിനിരക്കുക തന്നെ ചെയ്യും” മറ്റൊരു പ്രതിഷേധക്കാരി ലിന അലി പറഞ്ഞു.
ഞായറാഴ്ചത്തെ പ്രകടനത്തിന് ശേഷം മനുഷ്യാവകാശ പ്രവർത്തക ഹനാ എഡ്വാറിനെ സുപ്രീം ജുഡീഷ്യൽ കൗൺസിലിൽ നിന്നുള്ള ഒരു മജിസ്‌ട്രേറ്റ് കാണാൻ അനുവദിക്കുകയും പ്രതിഷേധക്കാരുടെ പരാതികൾ കേൾക്കുകയും ചെയ്തു.
ടിബ അൽ-അലി 2017 മുതൽ തുർക്കിയിൽ ആയിരുന്നുവെന്നും ഇറാഖിൽ ബന്ധുക്കളെ സന്ദർശിക്കാൻ വന്ന സമയത്താണ് കൊല്ലപ്പെട്ടതെന്നും ദിവാനിയയിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. തന്റെ ഭാവി വരനോടൊപ്പമുള്ളത് ഉൾപ്പെടെ തന്റെ ദൈനംദിന ജീവിതവും കാഴ്ച്ചകളും എല്ലാ ദിവസവും യൂട്യൂബിൽ അപ്ലോഡ് ചെയ്യുമായിരുന്ന ടിബയ്ക്ക് നിരവധി ഫോളോവേഴ്സുണ്ടായിരുന്നു.
അതിനിടെ കൊല്ലപ്പെട്ട യൂട്യൂബര്‍ ടിബ അൽ അലിയുടെ ചില സുഹൃത്തുക്കൾ പുറത്ത് വിട്ട ശബ്ദരേഖ പ്രതിഷേധക്കാർ പ്രചരിപ്പിക്കുന്നുണ്ട്. അതിൽ ടിബ തുർക്കിയിൽ താമസിക്കുന്നതിൽ അവര്‍ കടുത്ത എതിർപ്പ് പ്രകടിപ്പിക്കുന്നതായാണ് കേൾക്കാൻ കഴിയുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു. അലിയും ടിബയുമായുള്ള സംഭാഷണമാണ് അതിലുള്ളത്. ശബ്ദരേഖയിൽ തന്റെ സഹോദരൻ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായും ടിബ ആരോപിക്കുന്നുണ്ട്. എന്നാൽ ആ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല.
മതനിയമങ്ങൾ നിലനിൽക്കുന്ന തികച്ചും യാഥാസ്ഥിതിക രാജ്യമായ ഇറാഖിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധം സ്ത്രീകളുടെ അവകാശത്തിനും സുരക്ഷയ്ക്കും വേണ്ടിയാണെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.