• HOME
 • »
 • NEWS
 • »
 • world
 • »
 • Russia-Ukraine Conflict | സാമ്പത്തിക ഉപരോധത്തിലൂടെ യുക്രെയ്ൻ അധിനിവേശത്തിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാൻ കഴിഞ്ഞേക്കില്ലെന്ന് വിദഗ്ധർ

Russia-Ukraine Conflict | സാമ്പത്തിക ഉപരോധത്തിലൂടെ യുക്രെയ്ൻ അധിനിവേശത്തിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാൻ കഴിഞ്ഞേക്കില്ലെന്ന് വിദഗ്ധർ

പാശ്ചാത്യ ബാങ്കുകളില്‍ നിന്ന് പുതിയ ഇടപാടുകളിലൂടെ പണം സ്വരൂപിക്കുന്നതില്‍ നിന്ന് റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രണ്ട് ബാങ്കുകളെ തടഞ്ഞുകൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉപരോധം പ്രഖ്യാപിച്ചു

 • Share this:
  ലോകം മുഴുവന്‍ റഷ്യ-യുക്രെയ്ൻ സംഘര്‍ഷത്തെ (Russia-Ukraine Conflict) ഗൗരവത്തോടെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. യുക്രെയ്‌നിലേക്കുള്ള റഷ്യയുടെ ആക്രമണോത്സുക നീക്കങ്ങളോട് പ്രതികരിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി, യുക്രെയ്‌നിൽ ഒരു സമ്പൂര്‍ണ്ണ അധിനിവേശം നടത്തുന്നതില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാന്‍ ചൊവ്വാഴ്ച രാത്രിയോടെ പാശ്ചാത്യ ശക്തികള്‍ സാമ്പത്തിക ഉപരോധം (Economic Sanction) ഏർപ്പെടുത്തി. പക്ഷെ ഈ സാമ്പത്തിക ഉപരോധം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെ (Vladimir Putin) പിന്തിരിപ്പിക്കുമോ എന്ന കാര്യത്തിൽ വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുകയാണ്.

  പാശ്ചാത്യ ബാങ്കുകളില്‍ നിന്ന് പുതിയ ഇടപാടുകളിലൂടെ പണം സ്വരൂപിക്കുന്നതില്‍ നിന്ന് റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രണ്ട് ബാങ്കുകളെ തടഞ്ഞുകൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉപരോധം പ്രഖ്യാപിച്ചു. റഷ്യയുടെ സ്റ്റേറ്റ് ഡെവലപ്മെന്റ് ബാങ്കായ Vnesheconombank (VBE), സര്‍ക്കാര്‍ പിന്തുണയുള്ള ധനകാര്യസ്ഥാപനമായ Promsvyazbank (PSB) എന്നിവയെയാണ് ഈ ഉപരോധം ബാധിക്കുക. മാര്‍ച്ച് 1 മുതല്‍ റഷ്യന്‍ വായ്പയില്‍ വ്യാപാരം ചെയ്യാൻ ഈ ബാങ്കുകൾക്ക് കഴിയില്ല.

  പുടിനുമായി അടുപ്പമുള്ള, സ്വാധീനശക്തിയുള്ള റഷ്യക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തുകയാണെന്ന് യുഎസ് ട്രഷറി പ്രസ്താവനയില്‍ പറഞ്ഞു. ''ഇന്നത്തെ നടപടി (സാമ്പത്തിക ഉപരോധം), പ്രതിരോധവുമായി ബന്ധപ്പെട്ട കരാറുകള്‍ക്കും ഉക്രെയ്നിനെതിരായ പ്രചാരണത്തിനും ധനസഹായം നല്‍കാൻ പുതിയ ഫണ്ട് ശേഖരിക്കാനുള്ള റഷ്യയുടെ കഴിവിനെ പരിമിതപ്പെടുത്തുന്നതാണ്. പിഎസ്ബി ചെയര്‍മാനും സിഇഒയും ഉള്‍പ്പെടെ റഷ്യന്‍ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്ന് വിശ്വസിക്കപ്പെടുന്ന സ്വാധീനശേഷിയുള്ള റഷ്യക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ട്രഷറി ഇതിലുള്‍പ്പെടുത്തുന്നു,'' യുഎസ് ട്രഷറി വകുപ്പ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

  ''ഇതിനകം പ്രഖ്യാപിച്ച ഉപരോധങ്ങള്‍ 2014ല്‍ ഞങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തെ മറികടക്കുന്നതാണ്. റഷ്യയിലെ ഏറ്റവും വലിയ രണ്ട് ധനകാര്യ സ്ഥാപനങ്ങളായ വിഇബി, മിലിട്ടറി ബാങ്ക് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഉപരോധം പൂര്‍ണ്ണമായും തടയുന്നു. ഈ സ്ഥാപനങ്ങള്‍ക്ക് 80 ബില്യണ്‍ ഡോളറിലധികം ആസ്തിയുണ്ട്. റഷ്യന്‍ ഭരണകൂടത്തിനും സൈന്യത്തിനും ധനസഹായം നല്‍കുന്നതില്‍ നിര്‍ണായകമായ പ്രധാന സേവനങ്ങള്‍ ഈ ബാങ്കുകള്‍ നല്‍കുന്നുണ്ട്.'', ഉക്രേനിയന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ കൂട്ടിച്ചേര്‍ത്തു.

  യുഎസിന്റെ അയല്‍ രാജ്യമായ കാനഡയും സമാനമായ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യന്‍ പരമാധികാര വായ്പ വാങ്ങുന്നതില്‍ നിന്ന് കനേഡിയന്‍മാരെ വിലക്കുകയും സര്‍ക്കാര്‍ പിന്തുണയുള്ള റഷ്യന്‍ ബാങ്കുകളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ നിര്‍ത്തുകയാണെന്ന് കാനഡ അറിയിക്കുകയും ചെയ്തു.

  എന്നിരുന്നാലും, ഉപരോധങ്ങള്‍ വളരെ ശക്തമല്ലെന്നും നിലവിലെ കാര്യങ്ങള്‍ വ്ളാഡിമിര്‍ പുടിന് കൂടുതല്‍ ധൈര്യവും ആത്മവിശ്വാസം നല്‍കുമെന്നുമാണ് അന്താരാഷ്ട്ര രംഗത്തെ ചില വിദഗ്ദ്ധര്‍ വിശ്വസിക്കുന്നത്. റഷ്യന്‍ പ്രഭുക്കന്മാരുടെയും വ്യക്തികളുടെയും ആസ്തി മരവിപ്പിക്കുന്നത് പരിമിതമായ സ്വാധീനം മാത്രമാണ് ചെലുത്തുകയെന്നാണ് അഷൂര്‍സ്റ്റ് നിയമ സ്ഥാപനത്തിലെ അഭിഭാഷകനും സാമ്പത്തിക ഉപരോധങ്ങളില്‍ വിദഗ്ദ്ധനുമായ ഒലിവിയര്‍ ഡോര്‍ഗന്‍സ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞത്.

  ''ഉപരോധം ഇതുവരെ റഷ്യയെ വേദനിപ്പിക്കുന്ന നിലയിലേക്ക് എത്തിയിട്ടില്ല. യൂറോപ്യന്‍ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നടപടിയാണ് ഈ ഉപരോധ നീക്കം'', ഡോര്‍ഗന്‍സിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഈ ഉപരോധം റഷ്യയെ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതരാക്കില്ലെന്നാണ് വാഷിംഗ്ടണിലെ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ റഷ്യൻ വിദഗ്ദ്ധനായ ആന്‍ഡ്രൂ ലോഹ്‌സെന്‍ എഎഫ്പിയോട് സംസാരിക്കവെ പ്രതികരിച്ചത്.

  യുഎസും കാനഡയും കൂടാതെ, യുകെയും റഷ്യയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു. റോസിയ, പിഎസ്ബി എന്നിവ ഉള്‍പ്പെടെ അഞ്ച് റഷ്യന്‍ ബാങ്കുകള്‍ക്കാണ് യുകെ ഉപരോധം ഏര്‍പ്പെടുത്തിയത്. ജര്‍മ്മനി തങ്ങളുടെ രാജ്യത്ത് റഷ്യന്‍ കമ്പനി നടപ്പാക്കാനുദ്ദേശിക്കുന്ന നോര്‍ഡ് സ്ട്രീം 2 എന്ന ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതിയ്ക്കും ഉപരോധം ഏര്‍പ്പെടുത്തി. ജര്‍മ്മന്‍ റെഗുലേറ്റര്‍മാരുടെ അനുമതിക്കായി കാത്തിരിക്കുന്നതിനാല്‍ ആ പദ്ധതി ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലായിരുന്നു. ജര്‍മ്മനിയ്ക്ക് ആവശ്യമായ ഗ്യാസിന്റെ 50 മുതല്‍ 75 ശതമാനം വരെ റഷ്യയില്‍ നിന്നാണ് ലഭിക്കുന്നത്.

  റഷ്യയുടെ ഇടപെടല്‍ കാരണം കഴിഞ്ഞ അഞ്ച് മാസമായി ജര്‍മ്മനിയുള്‍പ്പടെയുള്ള യൂറോപ്പ് രാജ്യങ്ങളില്‍ രൂക്ഷമായ ഊര്‍ജ്ജ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗാസ്പ്രോമിന് യൂറോപ്പിലെ ഊര്‍ജ്ജ വിതരണത്തില്‍ കാര്യമായ സ്വാധീനമുണ്ട്. റഷ്യയില്‍ നിന്നുള്ള വിതരണം കുറഞ്ഞതോടെ യൂറോപ്പില്‍ ഗ്യാസ് വില കുതിച്ചുയരുകയാണ്. റഷ്യയ്ക്ക് യൂറോപ്പ്യന്‍ ഭൂഖണ്ഡത്തില്‍ നിര്‍ണായകമായ സ്വാധീനമുണ്ടെന്നും അത് സമ്മര്‍ദ്ദ തന്ത്രമായോ ശിക്ഷാനടപടിയായോ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ അതിന് മടിക്കില്ലെന്നും പുടിന്‍ യൂറോപ്പിന് നല്‍കുന്ന സന്ദേശമാണ് ഈ ഊര്‍ജ്ജ പ്രതിസന്ധി.

  ഗാസ്‌പ്രോമിന്റെ ഉടമസ്ഥതയിലുള്ള നോര്‍ഡ് സ്ട്രീം 2 പൈപ്പ്‌ലൈന്‍ പ്രതിവര്‍ഷം 110 ബില്യണ്‍ ക്യുബിക് മീറ്റര്‍ റഷ്യന്‍ ഗ്യാസ് യൂറോപ്പിലേക്ക് പമ്പ് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. നിലവില്‍ നോര്‍ഡ് സ്ട്രീം 1 പമ്പ് ചെയ്യുന്ന ഗ്യാസിന്റെ ഇരട്ടി അളവാണിത്. ഫിന്‍ലാന്‍ഡ് ഉള്‍ക്കടലിലൂടെയും ബാള്‍ട്ടിക് കടലിലൂടെയുമാണ് ജര്‍മ്മനിയിലേക്കുള്ള നോര്‍ഡ് സ്ട്രീം 2 പൈപ്പ്‌ലൈന്‍ കടന്നുപോകുന്നത്. മധ്യേഷ്യയിലൂടെയും കിഴക്കന്‍ യൂറോപ്പിലൂടെയും കടന്നുപോകുന്ന നിലവിലുള്ള പൈപ്പ്‌ലൈനുകളെ മറികടന്ന് യൂറോപ്പിന്റെ ഊര്‍ജ മേഖലയില്‍ റഷ്യയുടെ സ്വാധീനം ഒന്നുകൂടി ഉയര്‍ത്തുന്ന ബൃഹത്തായ പദ്ധതിയാണിത്.
  Published by:user_57
  First published: