യുക്രെയിന് സൈനിക സഹായം നല്‍കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്. അമേരിക്ക വാഗ്ദാനം ചെയ്ത എയര്‍ ഡിഫന്‍സ് സിസ്റ്റത്തെ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ ശേഷിയുള്ള സംവിധാനങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്നായിരുന്നു പുടിന്റെ വെളിപ്പെടുത്തല്‍. ഇക്കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പുടിന്റെ മുന്നറിയിപ്പ്.
‘ഉറപ്പായും ഞങ്ങള്‍ അവയെ നശിപ്പിച്ചിരിക്കും’ പുടിന് പറഞ്ഞു. പാട്രിയോട്ട് മിസൈല്‍ സംവിധാനത്തെ ചൂണ്ടിക്കാട്ടിയായിരുന്നു പുടിന്റെ വിമര്‍ശനം. പാട്രിയോട്ട് മിസൈലുകള്‍ ഉള്‍പ്പടെ 1.8 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം യുക്രെയിന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുടിന്റെ മുന്നറിയിപ്പ്.
ഇതോടെ ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുകയാണ് പാട്രിയോട്ട് മിസൈലുകള്‍. ഇവ എന്താണെന്നും എങ്ങനെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും നോക്കാം.
യുണൈറ്റൈഡ് സ്റ്റേറ്റ്സിനും സഖ്യകക്ഷികള്‍ക്കും സംരക്ഷണം നല്കാന് ശേഷിയുള്ള ഭൂതല-വ്യോമ മിസൈലുകളാണ് പാട്രിയോട്ട് മിസൈലുകള്‍. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, പസഫിക് മേഖലകളെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ് ഇവയുടെ ലക്ഷ്യം. പ്രധാനമായും ഇറാന്, സൊമാലിയ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളുടെ ഭീഷണിയില്‍ നിന്നും ഈ പ്രദേശങ്ങളെ സംരക്ഷിക്കാനാണ് പാട്രിയോട്ട് മിസൈലുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍, കാര്യക്ഷമതക്കുറവുള്ള സംവിധാനമാണ് പാട്രിയോട്ട് മിസൈലുകളെന്നും അവ യുദ്ധത്തില്‍ ഒരു പ്രധാനസ്ഥാനം വഹിക്കുമെന്ന പ്രതീക്ഷ വേണ്ട എന്നുമാണ് പറയപ്പെടുന്നത്.
Also read: ലണ്ടനില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ വീല്‍ബേയില്‍ മൃതദേഹം കണ്ടെത്തി
എന്താണ് പാട്രിയോട്ട് മിസൈല്‍ സിസ്റ്റം?
ഭൂതല-വ്യോമ മിസൈല്‍ സംവിധാനമാണ് പാട്രിയോട്ട് മിസൈലുകള്‍. 1980കളിലാണ് ഇവ ധാരാളമായി വിന്യസിച്ചിരുന്നത്. ക്രൂയിസ് മിസൈലുകള്‍, ഹൃസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയ്ക്കെതിരെ ഉപയോഗിക്കാനാണ് ഇവ ഉപയോഗിച്ചിരുന്നത്.
നാല് മിസൈല്‍ ഇന്റര്‍സെപ്റ്ററുകള്‍, ഒരു ഗ്രൗണ്ട് റഡാര്‍, ഒരു കണ്ട്രോള് സ്റ്റേഷന്, ജനറേറ്റര്‍ എന്നിവ വഹിക്കാന്‍ കഴിവുള്ള എട്ട് ലോഞ്ചറുകളുള്ള ട്രക്കിലെ ലോഞ്ചിംഗ് സിസ്റ്റം ഉപയോഗിച്ചാണ് ഓരോ പാട്രിയോട്ട് മിസൈലുകളും നിര്‍മ്മിച്ചിരിക്കുന്നത്. കരസേന പുറത്തുവിട്ട കണക്കനുസരിച്ച് നിലവില്‍ 16 പാട്രിയോട്ട് ബറ്റാലിയനുകളാണ് ഉള്ളത്.
അമേരിക്കയെ കൂടാതെ ജര്‍മ്മനി, ജപ്പാന്, ദക്ഷിണ കൊറിയ, സൗദി അറേബ്യ, കുവൈറ്റ്, സ്പെയിന്, ഗ്രീസ് തുടങ്ങി നിരവധി രാജ്യങ്ങളും പാട്രിയോട്ട് മിസൈലുകള്‍ ഉപയോഗിച്ച് വരുന്നുണ്ട്.
ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ ഉപയോഗിക്കുന്ന മിസൈല്‍ സിസ്റ്റമാണിതെന്ന് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്റ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ മിസൈല്‍ ഡിഫന്‍സ് പ്രോജക്ട് ഡയറക്ടര്‍ ആയ ടോം കുറാകോ പറയുന്നു. വിശ്വസനീയമായതും പ്രവര്‍ത്തനശേഷി കൂടിയതുമായ മിസൈലുകളാണ് ഇവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാട്രിയോട്ട് മിസൈല്‍ സംവിധാനം ചെലവേറിയതാണോ?
വര്‍ഷങ്ങള്‍ക്ക് കഴിയുന്തോറും പുതിയ മാറ്റങ്ങളോടെയാണ് ഈ മിസൈലുകള്‍ വിപണിയിലെത്തുന്നത്. സിഎസ്ഐഎസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പാട്രിയോട്ട് മിസൈലിന് ആവശ്യമായ ഒരു ഇന്റര്‍സെപ്റ്റര്‍ മിസൈലിന്റെ വില ഏകദേശം 4 മില്യണ്‍ ആണ്. ഒരു ലോഞ്ചറിന് ഏകദേശം 10 മില്യണ്‍ വരെ ചെലവാകും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാട്രിയോട്ട് മിസൈലുകളുടെ വിന്യാസം
ഏകദേശം 90 ഓളം സൈനികരുടെ സഹായത്തോടെ മാത്രമേ ഒരു പാട്രിയോട്ട് മിസൈല്‍ പ്രവര്‍ത്തിപ്പിക്കാനും വിന്യസിപ്പിക്കാനും കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ നിലവില്‍ യുക്രെയിനിലേക്ക് സേനയെ അയയ്ക്കുക എന്ന് പറയുന്നത് അമേരിക്കയെ ബുദ്ധിമുട്ടിലാക്കും എന്ന് തന്നെ പറയേണ്ടിവരും.
എന്നാല്‍ യുക്രെയിനില്‍ അമേരിക്ക ഇത്തരത്തില്‍ പ്രതിരോധ മിസൈലുകള്‍ വിന്യസിക്കുന്നത് റഷ്യയെ പ്രകോപിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത് റഷ്യ-യുക്രെയിന് സംഘര്‍ഷം വഷളാക്കുകയും ചെയ്യും. യുക്രെയിനിന് സൈനിക സഹായങ്ങള്‍ നല്‍കാനുള്ള യുഎസിന്റെ നടപടി പ്രകോപനപരമാണെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിരീക്ഷണം.
അതേസമയം, പാട്രിയോട്ട് മിസൈലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ പരിശീലനം യുക്രെയിന് സൈനികര്‍ക്ക് നൽകുക എന്നതാണ് അമേരിക്കയുടെ മുന്നിലെ അടുത്ത കടമ്പ. മറ്റ് ചില മിസൈലുകളായ ഹിമാര്‍സ് (ഹൈ മൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റംസ്) പോലെയുള്ളവയുടെ പരിശീലനം യുക്രെയിന് സൈനികര്‍ക്ക് നേരത്തെ നല്‍കിയിട്ടുണ്ട്. എന്നാല്‍ പാട്രിയോട്ട് മിസൈലുകളുടെ പരിശീലനം എപ്പോള്‍ തുടങ്ങുമെന്നോ, എവിടെ വെച്ച് നല്‍കുമെന്നോ ഉള്ള കാര്യം ഇരു രാജ്യങ്ങളും വ്യക്തമാക്കിയിട്ടില്ല.
പാട്രിയോട്ട് മിസൈലുകള്‍ യുക്രൈനിനെ രക്ഷിക്കുമോ?
റഷ്യയില്‍ നിന്ന് നിരവധി ഭീഷണികള്‍ യുക്രെയിന് നേരിടുന്നുണ്ട്. അവയില്‍ ചിലതിനെതിരെ ഉപയോഗിക്കാന്‍ പാട്രിയോട്ട് മിസൈലുകള്‍ സഹായിക്കും. എന്നാല്‍ എല്ലാ ഭീഷണികളെയും നേരിടാന്‍ പാട്രിയോട്ട് മിസൈലുകളെ കൊണ്ടുമാത്രം സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകൾ. ലഘുദൂര ബാലിസ്റ്റിക് മിസൈലുകള്‍ക്കെതിരെ പോരാടാന്‍ മികച്ചതാണ് പാട്രിയോട്ട് മിസൈലുകള്‍. എന്നാല്‍ ഇവ കൊണ്ട് മാത്രം യുദ്ധത്തില്‍ ഒരു മേല്‍ക്കൈ നേടാന്‍ കഴിയില്ലെന്നാണ് ഒരു സൈനിക വക്താവ് അസോസിയേറ്റഡ് പ്രസ്സിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
ഒരു ചെറിയ പ്രദേശത്തെ സംരക്ഷിക്കാന്‍ മാത്രം ശേഷിയുള്ളതാണ് പാട്രിയോട്ട് മിസൈലുകള്‍. കീവ് പോലെയുള്ള ഒരു വലിയ നഗരത്തെ സംരക്ഷിക്കാന്‍ പാട്രിയോട്ട് മിസൈലുകള്‍ക്ക് കഴിയില്ലെന്ന് മറ്റൊരു സൈനിക ഉദ്യോഗസ്ഥന് പറയുന്നു.
അതേസമയം, വളരെ മികച്ച ഒരു റഡാര്‍ സംവിധാനമാണ് പാട്രിയോട്ട് മിസൈലിനുള്ളത്. യുക്രെയിന് സൈന്യം ഉപയോഗിക്കുന്ന സോവിയറ്റ് കാലത്തെ എസ്-300 നെക്കാള്‍ കാര്യക്ഷമതയുണ്ട് ഈ റഡാറുകള്‍ക്ക് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അവയ്ക്കും ചില പരിമിതികളുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
റെയ്ത്തിയോണ്‍ എന്ന പ്രമുഖ കമ്പനിയാണ് പാട്രിയോട്ട് മിസൈലുകള്‍ നിര്‍മ്മിക്കുന്നത്. 2015 മുതല്‍ ഏകദേശം 150 ബാലിസ്റ്റിക് മിസൈല്‍ ഇന്റര്സെപ്റ്റ്സ് പാട്രിയോട്ട് മിസൈല്‍ നടത്തിയിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. അതേസമയം, വിജയശതമാനത്തില്‍ പാട്രിയോട്ട് മിസൈലുകള്‍ വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. 1992ലെ ഗവണ്മെന്റ് അക്കൗണ്ടബ്ലിറ്റി ഓഫീസ് റിപ്പോര്‍ട്ട് അനുസരിച്ച്, ഗള്‍ഫ് യുദ്ധത്തില്‍ 70 ശതമാനം പാട്രിയോട്ട് മിസൈലുകളും വിജയകരമായി പ്രവര്ത്തിച്ചവെന്നാണ് പറയപ്പെട്ടിരുന്നത്. എന്നാല്‍ ഉതിന് യാതൊരു തെളിവുമില്ലെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഈ സംവിധാനം കാര്യക്ഷമമല്ലെന്ന് തെളിയിക്കുന്ന വീഡിയോകള്‍ 2018ല്‍ പുറത്തുവന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.