HOME » NEWS » World » QATAR PERFUME COMPANY S FRAGRANCE PROTEST IN SOLIDARITY WITH 1 LAKSHADWEEP PEOPLE JK

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യമായി ഖത്തർ പെർഫ്യൂം കമ്പനിയുടെ ‘സുഗന്ധ പ്രതിഷേധം’

മലയാളികളുടെ ഉടമസ്ഥതയിലുള്ള റബ്ബാനി എന്ന കമ്പനി അഞ്ച് പെര്‍ഫ്യൂം വേരിയന്റുകളാണ് ഇതുവരെ അന്താരാഷ്ട്ര വിപണിയില്‍ പുറത്തിറക്കിയിട്ടുള്ളത്. കമ്പനിയുടെ ആറാമത്തെ വേരിയന്റിനാണ് 'ലക്ഷദ്വീപ്' എന്ന പേര് നല്‍കിയിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: June 3, 2021, 5:37 PM IST
ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യമായി ഖത്തർ പെർഫ്യൂം കമ്പനിയുടെ ‘സുഗന്ധ പ്രതിഷേധം’
ലക്ഷദ്വീപ് പെർഫ്യൂം
  • Share this:


അഡ്മിനിട്രേറ്ററുടെ വിവേചനപരമായ ഭരണ പരിഷ്‌കാരങ്ങള്‍ക്ക് വിധേയരായി എന്ന് ആരോപിക്കപ്പെടുന്ന ദ്വീപസമൂഹത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഖത്തര്‍ ആസ്ഥാനമായുള്ള പെര്‍ഫ്യൂം നിര്‍മ്മാതാക്കള്‍ തങ്ങളുടെ പുതിയ ഉല്‍പ്പന്നത്തിന് 'ലക്ഷദ്വീപ്' എന്ന് പേരു നല്‍കി. മലയാളികളുടെ ഉടമസ്ഥതയിലുള്ള റബ്ബാനി എന്ന കമ്പനി അഞ്ച് പെര്‍ഫ്യൂം വേരിയന്റുകളാണ് ഇതുവരെ അന്താരാഷ്ട്ര വിപണിയില്‍ പുറത്തിറക്കിയിട്ടുള്ളത്. കമ്പനിയുടെ ആറാമത്തെ വേരിയന്റിനാണ് 'ലക്ഷദ്വീപ്' എന്ന പേര് നല്‍കിയിരിക്കുന്നത്. പെര്‍ഫ്യൂം ഉടന്‍ തന്നെ ദുബായില്‍ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'ഒരു സുഗന്ധ പ്രതിഷേധം' ('A fragrance protest') എന്ന ടാഗ്ലൈനുമായി പുതിയ ഉല്‍പ്പന്നത്തിന്റെ വാര്‍ത്ത കമ്പനി ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. 'ലക്ഷദ്വീപ്' അന്താരാഷ്ട്ര വിപണിയിലും ഇന്ത്യയിലും ഒരേസമയം പുറത്തിറക്കുമെന്ന് സംഗീതജ്ഞനും 'റബ്ബാനി'യുടെ പങ്കാളികളില്‍ ഒരാളുമായ നാസര്‍ മാലിക് പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ പിന്തുടര്‍ന്ന് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പെര്‍ഫ്യൂം പുറത്തിറക്കുമെന്നും അദ്ദേഹം നസര്‍ കൂട്ടിച്ചേര്‍ത്തു.

Also Read-ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ 500 ല്‍ താഴെ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.61 ശതമാനമായി കുറഞ്ഞു

കടലിന്റെ നീല നിറവും കടല്‍ കാറ്റിന്റെ പ്രത്യേക സുഗന്ധവുമുള്ള സ്‌പെഷ്യല്‍ പെര്‍ഫ്യൂമാണ് 'ലക്ഷദ്വീപ്' എന്ന് നാസര്‍ പറഞ്ഞു. ഉപ്പു കാറ്റും തെളിഞ്ഞ നീല നിറത്തിലുള്ള കടലുമാണ് ലക്ഷദ്വീപിന്റെ പ്രത്യേകത. പേരിനുപുറമെ, പെര്‍ഫ്യൂമിന്റെ രൂപവും സുഗന്ധവും ദ്വീപിന് സമാനമാണ്. ഉല്‍പ്പന്നത്തിന് വ്യത്യസ്തമായ പേര് നല്‍കാനുള്ള ആശയം തന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളിലൊരാളുടേതായിരുന്നുവെന്നും നാസര്‍ പറഞ്ഞു. തന്റെ ബിസിനസ്സ് പങ്കാളികളുമായി ഇത് ചര്‍ച്ച ചെയ്തപ്പോള്‍ എല്ലാവരും സമ്മതിക്കുകയായിരുന്നുവെന്നും നാസര്‍ പറഞ്ഞു.

വരുന്ന തലമുറ 'ലക്ഷദ്വീപില്‍' വരുമ്പോഴെല്ലാം അവര്‍ ദ്വീപിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട പ്രതിഷേധത്തെക്കുറിച്ചും ഓര്‍മ്മിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദ്വീപിന് വേണ്ടിയുള്ള മറ്റ് പ്രതിഷേധ രീതികള്‍ കാലക്രമേണ മറന്നേക്കാം. എന്നാല്‍ ദ്വീപിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനുള്ള ഒരു സവിശേഷ മാര്‍ഗമാണ് 'ലക്ഷദ്വീപ്' എന്ന പെര്‍ഫ്യൂം. ഇത് അനശ്വരമായി നിലനില്‍ക്കും. ഇത് സുഗന്ധത്തിന്റെ കാലാതീതമായ ചെറുത്തുനില്‍പ്പായിരിക്കും, അത് എന്നെന്നേക്കുമായി ഓര്‍മ്മിക്കപ്പെടുമെന്നും നാസര്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെ നിരവധി പേര്‍ തനിയ്ക്ക് ആശംസകള്‍ അയയ്ക്കുന്നുണ്ടെന്നും നാസര്‍ പറഞ്ഞു. പ്രത്യേകിച്ച് ദ്വീപുവാസികളില്‍ നിന്ന് നിരവധി പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്. ഈ വിഷമഘട്ടത്തില്‍ തങ്ങള്‍ക്ക് ഒപ്പം നിന്നതിന് അവര്‍ തനിയ്ക്ക് നന്ദി അറിയിക്കുന്നുണ്ടെന്നും നാസര്‍ പറഞ്ഞു.

Also Read-80:20 അനുപാതം റദ്ദാക്കിയ വിധി: 'എന്തുകൊണ്ട് ലീഗ് അടിയന്തര പ്രമേയം കൊണ്ട് വരുന്നില്ല?', ഇരട്ട നിലപാടെന്ന് കെ ടി ജലീല്‍

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരായ പ്രമേയം കേരള നിയമസഭ കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. പ്രഫുല്‍ പട്ടേലിനെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നുമാണ് പ്രമേയത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടത്തെ ജനങ്ങളുടെയും സവിശേഷതകള്‍ സംരക്ഷിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ടെന്ന് പ്രമേയത്തില്‍ പറയുന്നു. പൊതുവേ സമാധാനപരമായി ജീവിക്കുകയും അതിഥികളെ സ്നേഹവായ്പുകൊണ്ട് വീര്‍പ്പുമുട്ടിക്കുകയും ചെയ്യുന്ന രീതിയാണ് ലക്ഷദ്വീപിലെ ജനത സാധാരണ നിലയ്ക്ക് സ്വീകരിക്കുന്നത്.

Published by: Jayesh Krishnan
First published: June 3, 2021, 5:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories