ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) കോൺക്ലേവിൽ പങ്കെടുക്കാൻ ഗോവയിലെത്തിയ ബിലാവൽ ഭൂട്ടോ സർദാരി 12 വർഷത്തിനിടെ ഇന്ത്യ സന്ദർശിക്കുന്ന ആദ്യത്തെ പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയാണ്. അയൽരാജ്യമെന്ന നിലയ്ക്ക് പാക് അധീന കശ്മീരിലെ (പിഒകെ) സ്ഥിതിഗതികളിലും അയൽരാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ചും ചില ആശങ്കൾ ഉയരുന്നുണ്ട്. ഈ അടുത്ത കാലത്ത് നടന്ന അത്തരത്തിലുള്ള നാല് സംഭവങ്ങൾ ഒന്ന് നോക്കാം.
ആദ്യത്തേത് സിന്ധിലെ മിർപൂർ ഖാസിൽ തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി) അനുകൂലികളുടെ സാന്നിധ്യത്തിൽ അഹമ്മദിയ മുസ്ലീങ്ങളുടെ പള്ളി തകർത്തതാണ്.
ഗിൽജിത്-ബാൾട്ടിസ്ഥാനിലെ ആസ്റ്റോർ ജില്ലയിലെ പ്രതിഷേധമാണ് മറ്റൊന്ന്. സംശയാസ്പദമായ സാഹചര്യത്തിൽ യുവാവ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് അസ്റ്റോറിലും ഗിൽഗിറ്റിലും നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡോയാൻ ഗ്രാമത്തിൽ നിന്നുള്ള രണ്ട് യുവാക്കളെ ദുരൂഹമായി കാണാതായതായി റിപ്പോർട്ടുകൾ പറയുന്നു. ഇവരിൽ ഒരാളുടെ മൃതദേഹം ജോടിയലിൽ മെയ് 2 ന് കണ്ടെത്തി. മറ്റേയാളെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. പ്രതിഷേധക്കാർ അസ്റ്റോർ വാലി റോഡ് ഉപരോധിക്കുകയും അധികൃതരോട് അടിയന്തര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം വ്യാജ കേസുകൾ ഫയൽ ചെയ്യുന്നതിനും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്നതിന് എതിരെയും മതനിന്ദ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെയും ഏപ്രിൽ 26 ന് പാകിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള ധാരാളം ആളുകൾ ലാഹോർ പ്രസ് ക്ലബ്ബിന് പുറത്ത് തടിച്ചുകൂടിയിരുന്നു. രാജ്യത്ത് ക്ഷേത്രങ്ങളും പള്ളികളും കത്തിക്കുകയും മതനിന്ദ ആരോപിച്ച് ആളുകളെ കൊലപ്പെടുത്തുകയും ചെയ്യുകയാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്ത് ന്യൂനപക്ഷ നേതാക്കൾ പറഞ്ഞു. റിപ്പോർട്ടുകൾ അനുസരിച്ച് ന്യൂനപക്ഷ സമുദായത്തിലെ മൂന്ന്-നാല് അംഗങ്ങളെ ബോധപൂർവം കൊല്ലുകയും അഹമ്മദിയ പള്ളികൾ തകർക്കുകയും ചെയ്യുന്ന ഇത്തരം സംഭവങ്ങളിൽ അടുത്ത കാലത്തായി വർദ്ധനവുണ്ടായിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.
മറ്റൊരു സംഭവത്തിൽ മുസാഫറാബാദിൽ നിന്നുള്ള ഒരാളെ ഏപ്രിൽ 23 ന് ഇസ്ലാമാബാദിൽ വെച്ച് “മത നേതാക്കളോട്” അനാദരവ് കാണിച്ചതിന് പാക്കിസ്ഥാനികൾ മർദിച്ചു. പതിനൊന്നാം നൂറ്റാണ്ടിലെ മതപണ്ഡിതൻ ഷെയ്ഖ് അബ്ദുൾ ഖാദിർ ജിലാനിയുടെ പേരിൽ പാകിസ്ഥാൻ സമ്പദ്‌വ്യവസ്ഥയെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടെയാണ് പാക് അധീന കശ്മീരിലെ മുസാഫറാബാദ് സ്വദേശിയായ റഹ്മാനെ ചായക്കടയിൽ വച്ച് ആളുകൾ ക്രൂരമായി മർദ്ദിച്ചത്. റഹ്മാനെ ജനക്കൂട്ടത്തിൽ നിന്ന് സിറ്റി പോലീസാണ് രക്ഷപ്പെടുത്തിയത്. നെറ്റി പൊട്ടുകയും ഇടുപ്പിലെ എല്ലുകൾ ഒടിഞ്ഞ നിലയിലുമാണ് ഇയാളെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആളുകളുടെ മതവികാരം വ്രണപ്പെടുത്തിയതിന് റഹ്മാനെതിരെ കേസെടുത്തു.
സമ്മർദ്ദത്തിനിടയിലെ സന്ദർശനം
ജമ്മു കശ്മീരിലെ അതിർത്തി കടന്നുള്ള ഭീകരവാദത്തിന് ഇസ്ലാമാബാദിന്റെ സഹായം ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം തുടരുന്നതിനിടയിലാണ് എസ്‌സിഒ കൗൺസിൽ ഓഫ് ഫോറിൻ മിനിസ്റ്റേഴ്‌സ് (സിഎഫ്എം) യോഗത്തിൽ പങ്കെടുക്കാൻ ഭൂട്ടോ സർദാരി ഇന്ത്യയിലെത്തിയത്.“എസ്‌സിഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പാകിസ്ഥാൻ പ്രതിനിധി സംഘത്തെ നയിക്കാൻ ഗോവയിൽ എത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. SCO CFM മീറ്റിംഗ് വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ഭൂട്ടോ സർദാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“അസ്സലാമുഅലൈക്കും, ഞങ്ങൾ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) മീറ്റിംഗിനായി ഗോവയിലെത്തി. “ഞാൻ ആദ്യം റഷ്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ഉസ്ബെക്കിസ്ഥാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. എല്ലാ വിദേശകാര്യ മന്ത്രിമാർക്കുമായി സംഘടിപ്പിക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും” ‘സലാം, ഗോവ’ എന്ന അടിക്കുറിപ്പോടെയുള്ള ട്വീറ്റിൽ ഭൂട്ടോ സർദാരി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Conversion, Murder, Pakistan