Ukraine | റഷ്യ - യുക്രെയ്ൻ യുദ്ധം; ചെർണോബിൽ ദുരന്തകാലത്ത് ആയിരങ്ങളെ രക്ഷിച്ച ധീരനായിക ഇന്ന് അഭയാർത്ഥി
Ukraine | റഷ്യ - യുക്രെയ്ൻ യുദ്ധം; ചെർണോബിൽ ദുരന്തകാലത്ത് ആയിരങ്ങളെ രക്ഷിച്ച ധീരനായിക ഇന്ന് അഭയാർത്ഥി
1986ലെ ചെർണോബിൽ ദുരന്തകാലത്ത് ആയിരക്കണക്കിന് മനുഷ്യരെ രക്ഷിച്ചിട്ടുള്ള ധീരവനിതയാണവർ. ഇന്ന് ക്രൂരമായ ഈ യുദ്ധം അവരെയും അഭയാർഥിയാക്കി മാറ്റിയിരിക്കുന്നു
റഷ്യ (Russia) യുക്രെയ്നിൽ (Ukraine) നടത്തിയ അധിനിവേശം വലിയ തോതിൽ അഭയാർഥികളെ (Refugees) സൃഷ്ടിച്ചിരിക്കുകയാണ്. 2022 മാർച്ച് 18 മുതൽ രാജ്യത്തിനകത്ത് 6.5 ദശലക്ഷം ജനങ്ങൾ അഭയാർഥികളായി പലായനം ചെയ്തതായി കണക്കുകൾ പറയുന്നു. എന്നാൽ ഇതിനിടയിലും പ്രതിസന്ധികളെ സധൈര്യം നേരിടുന്ന പൗരൻമാരുടെ ദൃഢനിശ്ചയത്തിൻെറ കഥകളും യുക്രെയ്നിൽ നിന്ന് പുറത്ത് വരുന്നുണ്ട്. ഇത് ലോകത്തിന് വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. 'യെസ് തിയറി' എന്ന യൂ ട്യൂബ് ചാനലിന്റെ അണിയറ പ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് അഭയാർഥികൾക്കായി പണം സമാഹരിക്കാൻ യുക്രെയ്ൻ - പോളണ്ട് അതിർത്തിയിൽ 96 മണിക്കൂർ ചെലവഴിച്ച് വീഡിയോ ചെയ്തിരുന്നു.
അതിർത്തിയിലെ അഭയാർഥികളുടെ കെട്ടിടത്തിൽ നിന്ന് മരിയ പ്രോട്ട്സെങ്കോയെന്ന, അറിയപ്പെടുന്ന വാസ്തുശിൽപിയെ ഇവർ കണ്ടെത്തുകയായി. യുക്രെയ്നിലെ പ്രിപ്യാറ്റ് നഗരത്തിൽ നിന്നുള്ള ഈ വനിത വെറുമൊരു ശിൽപി മാത്രമല്ല. 1986ലെ ചെർണോബിൽ ദുരന്തകാലത്ത് ആയിരക്കണക്കിന് മനുഷ്യരെ രക്ഷിച്ചിട്ടുള്ള ധീരവനിതയാണവർ. ഇന്ന് ക്രൂരമായ ഈ യുദ്ധം അവരെയും അഭയാർഥിയാക്കി മാറ്റിയിരിക്കുന്നു. ചെർണോബിൽ ദുരന്തസമയത്ത് മൂന്നര മണിക്കൂറിനുള്ളിൽ ഏകദേശം 28000 പേരെ രക്ഷിക്കാൻ നേതൃത്വം കൊടുത്തയാളാണ് പ്രോട്ട്സെങ്കോ. 36 വർഷങ്ങൾക്ക് ശേഷം ഇന്ന് അവർക്ക് സ്വന്തം വീട്ടിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നിരിക്കുകയാണ്. കീവിൽ ആദ്യത്തെ ബോംബ് പതിച്ച അതേ ദിവസം പ്രോട്ട്സെങ്കോയുടെ പിറന്നാളായിരുന്നു. മകളുടെ സഹായത്തോടെയാണ് അവർ നഗരത്തിൽ നിന്ന് രക്ഷപ്പെട്ടത്.
"ഞങ്ങൾ സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ഞങ്ങൾ യുദ്ധത്തിന് എതിരാണ്. ഞങ്ങൾ ആരെയും ആക്രമിച്ചിട്ടില്ല. ആക്രമിക്കാൻ ആഗ്രഹിക്കുന്നുമില്ല. എല്ലാവരും സമാധാനമായിരിക്കാനാണ് ആഗ്രഹിക്കുന്നത്," പ്രോട്ട്സെങ്കോ വീഡിയോയിൽ പറഞ്ഞു. "സമാധാനവും സൗഹാർദ്ദവുമാണ് നമുക്ക് വേണ്ടത്. ഈ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം," അവർ ആവശ്യപ്പെട്ടു.
പ്രോട്ട്സെങ്കോയുടെ ഹൃദയഭേദകമായ ജീവിതകഥ യെസ് തിയറി തങ്ങളുടെ യൂ ട്യൂബ് ചാനലിലൂടെ അവതരിപ്പിച്ചിരിക്കുകയാണ്. യുദ്ധത്താൽ പൊറുതിമുട്ടിയിരിക്കുന്ന ആയിരക്കണക്കിന് യുക്രെയിൻകാർക്ക് പറയാനുള്ളത് തന്നെയാണ് പ്രോട്ട്സെങ്കോയും പറയുന്നത്. തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ ഈ ധീരവനിതയുടെ ചിത്രവും യെസ് തിയറി പങ്കുവെച്ചിട്ടുണ്ട്.
മകളോടൊപ്പം സുരക്ഷിതയായി പ്രോട്ട്സെങ്കോ ജർമ്മനിയിലെത്തിയിട്ടുണ്ട്. അവരുടെ ജീവിതത്തിലെ ധീരതയെ പ്രകീർത്തിച്ച് നിരവധി കമൻറുകളാണ് വീഡിയോക്ക് താഴെ വരുന്നത്. “ഞാൻ ഒരു നഗരം പണിതു. എന്നെത്തന്നെ അവിടെ അടക്കം ചെയ്തു,” പ്രോട്ട്സെങ്കോയുടെ വാക്കുകൾ തന്നെ ചിലർ കമൻറായി എഴുതുന്നു. “ധീരയായ ഈ വനിത ജർമ്മനിയിൽ സുരക്ഷിതയായി ജീവിക്കും,” ഇങ്ങനെയാണ് മറ്റൊരാളുടെ കമൻറ്. ഈ യുദ്ധം അവസാനിപ്പിക്കാനായി ലോകത്തെ സമാധാനം കാംക്ഷിക്കുന്ന ഓരോരുത്തരും ഒന്നിച്ച് നിൽക്കണമെന്നും നിരവധി പേർ ആവശ്യപ്പെടുന്നു.
യുക്രെയിൻ പ്രസിഡൻറ് സെലൻസ്കി ഇപ്പോഴും സമാധാനത്തിന് വേണ്ടി വാദിക്കുകയാണ്. രാജ്യത്തെ ജനങ്ങളുടെ ചെറുത്തുനിൽപ്പിൻെറ കഥകൾ വലിയ പ്രതീക്ഷയായി മാറുകയാണ്. ബോംബ് ഷെൽട്ടറുകളിലിരുന്ന് ധീരമായി പാട്ട് പാടുന്ന കൊച്ചുപെൺകുട്ടികൾ, റൈഫിളുകൾ കയ്യിലെടുക്കുന്ന മുത്തശ്ശിമാർ, യുദ്ധത്തിൻെറ ഹൃദയഭേദകമായ കഥകൾ വിവരിക്കാനാവാതെ ടെലിവിഷനുകളിൽ പതറിപ്പോവുന്ന മാധ്യമപ്രവർത്തകർ... ഇവയെല്ലാം യുക്രെയ്നിൽ നിന്നുള്ള പുതിയ കാഴ്ചകളാണ്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.