മാൽമോ: ഇസ്ലാം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ ഒരു വിഭാഗം ജനങ്ങൾ തെക്കൻ സ്വീഡൻ നഗരത്തിൽ നടത്തിയ പ്രതിഷേധം വൻ കലാപത്തിലേയ്ക്ക് വഴിവെച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. ചില വലതുപക്ഷ തീവ്രവാദികള്‍ വിശുദ്ധ ഖുറാൻ പരസ്യമായി കത്തിച്ചതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്. മുന്നൂറോളം പ്രതിഷേധക്കാര്‍ ചേർന്ന് പോലീസിനു നേരെ സാധനങ്ങള്‍ വലിച്ചെറിയുകയും കാര്‍ ടയറുകള്‍ കത്തിക്കുകയും ചെയ്തതായി പോലീസ് വക്താവ് അറിയിച്ചു.
തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ ഹാർഡ് ലൈനിന്റെ നേതാവ് റാസ്മസ് പലുദന് മാൽമോയിൽ ഒരു യോഗം നടത്താൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന കാരണത്താലാണ് റാലിക്ക് അധികൃതര്‍ അനുമതി നിഷേധിച്ചത്. വലതുപക്ഷ നേതാവ് റാസ്മസ് പലുദന് മല്‍മോയ്ക്ക് അടുത്തുവച്ച് തടഞ്ഞ് കസ്റ്റഡിയിലും എടുത്തു. ഇതില്‍ പ്രതിഷേധിച്ചാണ് ചില തീവ്രവലതുപക്ഷക്കാര്‍ നഗരത്തില്‍ വിശുദ്ധ ഗ്രന്ഥം അഗ്നിക്കിരയാക്കിയത്.
ഖുറാൻ കത്തിച്ച സ്ഥലത്തു തന്നെയാണ് ഇന്നലെ പ്രതിഷേധ പ്രകടനങ്ങളും ആരംഭിച്ചത്. കലാപം നിയന്ത്രണ വിധേയമായിട്ടില്ലെന്നും എന്നാൽ സ്ഥിതിഗതികള്‍ ശാന്തമാക്കാൻ ശ്രമിക്കുകയാണെന്നും പോലീസ് വക്താവ് അറിയിച്ചു. മുൻപ് നടന്ന സംഭവങ്ങളുമായി പ്രതിഷേധത്തിന് ബന്ധമുണ്ടോയെന്ന കാര്യം പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.