സിഖ് വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ റിപുധമന്‍ സിംഗ് മാലിക് (Ripudaman Singh Malik) കാനഡയില്‍ വെടിയേറ്റു മരിച്ചു. 75 വയസായിരുന്നു. സുറിയില്‍ ഉണ്ടായ ആക്രമണത്തിലാണ് റിപുധമന്‍ സിംഗ് മാലിക് കൊല്ലപ്പെട്ടത്. 329 പേര്‍ കൊല്ലപ്പെട്ട 1985ലെ എയര്‍ ഇന്ത്യ ബോംബ് സ്‌ഫോടനക്കേസില്‍ ആരോപണ വിധേയനായിരുന്നു. 2005ല്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പ്രാദേശിക സമയം രാവിലെ 9.30 ഓടെയായിരുന്നു സംഭവം.
ഓഫീസിലേക്ക് പോകുന്ന വഴി അജ്ഞാതര്‍ വെടിയുതിര്‍ക്കുകായിരുന്നു. വിവരമറിഞ്ഞ് കനേഡിയന്‍ മൗണ്ടഡ് പൊലീസ് ഉടന്‍ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
എയര്‍ ഇന്ത്യയുടെ 182 കനിഷ്‌ക വിമാനത്തില്‍ ബോംബ് സ്‌ഫോടനം നടത്തിയതില്‍ നിര്‍ണായക പങ്കുവഹിച്ചതായി ആരോപിക്കപ്പെട്ടവരില്‍ ഒരാളാണ് മാലിക്. 1985 ജൂണ്‍ 23ന് മോണ്‍ട്രിയല്‍- ലണ്ടന്‍- ഡല്‍ഹി- മുംബൈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫ്‌ലൈറ്റ് ഐറിഷ് തീരപ്രദേശത്തിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 329 പേരും മരിച്ചു. പഞ്ചാബിലെ കലാപം മൂർധന്യാവസ്ഥയിലായിരുന്ന സമയത്തായിരുന്നു സംഭവം. 2005ല്‍ കുറ്റവിമുക്തനാക്കപ്പെട്ട അദ്ദേഹം 2019 ഡിസംബറില്‍ തന്റെ പേര് ബ്ലാക്ക് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തതിന് ശേഷം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
സിഖ് സമുദായത്തിന് വേണ്ടി സർക്കാർ സ്വീകരിച്ച അഭൂതപൂർവമായ അനുകൂല നടപടികൾക്ക് “ഹൃദയംഗമമായ നന്ദി” പ്രകടിപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതുകൊണ്ടാകാം മാലിക്കിനെ ലക്ഷ്യമിട്ടതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദ വോയ്‌സ് റിപ്പോർട്ട് ചെയ്യുന്നു. കത്തിനശിച്ച വാഹനവും സമീപ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൊലപാതവുമായി ഈ സംഭവത്തിന് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.
English Summary: Businessman Ripudaman Singh Malik, 75, who had been acquitted in the 1985 Air India bombing case in 2005, was shot dead in Surrey, Canada on Thursday morning. The Integrated Homicide Investigation Team (IHIT) that was called in by Surrey RCMP issued a statement just before 5 p.m. on Thursday, identifying the victim as Malik and asking the public to help further its investigation into the homicide.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anti sikh riot, Canada, Shot dead