യുക്രൈനിലെ (Ukrain) റഷ്യൻ (Russian)അധിനിവേശം തുടരുന്നതിനിടെ റഷ്യയുടെ (Russia) യുഎൻ മനുഷ്യാവകാശ കൗൺസിലിലെ അംഗത്വം റദ്ദാക്കി. യുക്രെയ്നിലെ ബുച്ച പട്ടണത്തിൽ നടന്ന കൂട്ടക്കുരുതി ഉൾപ്പെടെയുള്ള ക്രൂരതകളുടെ പേരിലാണ് റഷ്യയെ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിലിൽ നിന്നും പുറത്താക്കിയത്. ബുച്ചയിലെ കൊടുംക്രൂരത അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ വിവാദമായിരുന്നു. കൂട്ടക്കൊല സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ റഷ്യക്ക് മേല്‍ പുതിയ ഉപരോധത്തിനുള്ള ആഹ്വാനങ്ങൾ ഉയരാനും ഇടയാക്കിയിരുന്നു.
193 അംഗരാജ്യങ്ങളുള്ള പൊതുസഭയിലെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ ഉൾപ്പെടെ 58 രാജ്യങ്ങൾ വിട്ടുനിന്നപ്പോൾ 93 രാജ്യങ്ങളാണ് അനുകൂലമായി വോട്ടു ചെയ്തത്. 24 രാജ്യങ്ങൾ എതിർത്തു. അമേരിക്ക ആണ് റഷ്യയെ പുറത്താക്കാനുള്ള ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്.
എന്നാൽ യുൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് പുറത്താക്കപ്പെടുന്ന ആദ്യത്തെ രാജ്യമല്ല റഷ്യ. കൗൺസിലിൽ നിന്ന് അംഗരാജ്യങ്ങളെ സസ്‌പെൻഡ് ചെയ്യുന്നത് അപൂർവ നടപടിയാണ്. എങ്ങനെയാണ് യുഎൻ മനുഷ്യാവകാശ കൗൺസിൽ പ്രവർത്തിക്കുന്നതെന്നു നോക്കാം.
എന്താണ് യുഎൻ മനുഷ്യാവകാശ കൗൺസിൽ? എങ്ങനെ പ്രവർത്തിക്കും?
ലോകമെമ്പാടും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കാൻ 2006 ലാണ് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിൽ രൂപം കൊണ്ടത്. 47 അംഗങ്ങളാണ് സമിതിയിൽ ഉള്ളത്. ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനമായ സ്വിറ്റ്‍സർലണ്ടിലെ ജനീവയിലാണ് സമിതി യോഗങ്ങൾ ചേരാറുള്ളത്. അടിയന്തിരഘട്ടങ്ങളിൽ പ്രത്യേക യോഗങ്ങളും ചേരാറുണ്ട്. വര്‍ഷത്തില്‍ മൂന്ന് തവണയാണ് മനുഷ്യാവകാശ കൗൺസില്‍ കൂടുന്നത്. മാർച്ച്, ജൂൺ, സെപ്റ്റംബർ മാസങ്ങളിലായാകും ഈ യോഗങ്ങൾ. 18 അംഗങ്ങൾ അടങ്ങുന്ന ഒരു ഉപദേശക സമിതിയും കൗൺസിലിന്റെ ഭാഗമായുണ്ട്.
Also Read- യുക്രെയ്നിൽ റെയിൽവേ സ്റ്റേഷനിൽ റഷ്യൻ റോക്കറ്റ് ആക്രമണം; 35 മരണം, നൂറിലധികംപേർക്ക് പരിക്ക്
മനുഷ്യാവകാശങ്ങൾ സംബന്ധിച്ച അംഗരാജ്യങ്ങളുടെ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനായുള്ള യൂണിവേള്സൽ പീരിയോഡിക് റിവ്യൂ ആണ് സമിതിയുടെ പ്രധാന പ്രവർത്തനങ്ങളിലൊന്ന്.
യുഎൻ ജനറൽ അസംബ്ലിയിലാണ് സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. രഹസ്യ ബാലറ്റ് സ്വഭാവത്തിലാണ് തെരഞ്ഞെടുപ്പ്. കൗൺസിൽ അംഗത്വം ലഭിക്കാൻ കുറഞ്ഞത് 97 വോട്ടുകളാണ് രാജ്യങ്ങൾക്കു വേണ്ടത്. എല്ലാ അംഗരാജ്യങ്ങൾക്കും മനുഷ്യാവകാശങ്ങളും മൗലിക സ്വാതന്ത്ര്യങ്ങളും പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും ബാധ്യതയുണ്ടെന്ന് കൗൺസിൽ വ്യക്തമാക്കുന്നു.
ഇതിനു മുൻപ് പുറത്താക്കപ്പെട്ടിട്ടുള്ള രാജ്യങ്ങൾ
അംഗരാജ്യമായിരിക്കെത്തന്നെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നുണ്ടെന്ന് കണ്ടെത്തിയാൽ ആ രാജ്യത്തിന്റെ അംഗത്വം സമിതിക്ക് റദ്ദു ചെയ്യാം. പൊതുസഭയിൽ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയാലാണ് നടപടിയിലേക്ക് നീങ്ങാനാകുക.
മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് പുറത്താക്കപ്പെടുന്ന രണ്ടാമത്തെ രാജ്യമാണ് റഷ്യ. 2011ൽ ലിബിയ സമാന നടപടി നേരിട്ടിട്ടുണ്ട്. ആഭ്യന്തര യുദ്ധകാലത്ത് രാജ്യത്തെ സമരക്കാരെ അടിച്ചമർത്തിയതിനായിരുന്നു നടപടി.
അതേസമയം, റഷ്യയെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് പുറത്താക്കിയ നടപടിയെ മഹത്തരമെന്നാണ് യുക്രൈന്‍ വിശേഷിപ്പിച്ചത്. യുഎന്‍ സമിതികളില്‍ യുദ്ധക്കുറ്റവാളികള്‍ക്ക് ഇടമില്ലെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രി കുലേബ പറഞ്ഞു. യുഎന്‍ജിഎ പ്രമേയത്തെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എന്നാല്‍ തങ്ങൾക്കെതിരാ ആരോപണങ്ങള്‍ റഷ്യ നിഷേധിക്കുകയാണുണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.