എന്താണ് ഉപരോധം?
ഒരു രാജ്യം മറ്റൊരു രാജ്യത്തിനെതിരെ സ്വീകരിക്കുന്ന ശിക്ഷാനടപടിയാണ് ഉപരോധം (Sanction). പലപ്പോഴും ആക്രമണാത്മകമായി പ്രവര്‍ത്തിക്കുകയോ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുകയോ ചെയ്യുന്നത് തടയാനാണ് ഉപരോധം ഏര്‍പ്പെടുത്തുന്നത്. ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ (Economy) പ്രതിസന്ധിയിലാക്കുകയോ മുന്‍നിര രാഷ്ട്രീയക്കാരെപ്പോലുള്ള വ്യക്തിഗത പൗരന്മാരുടെ സാമ്പത്തിക ശേഷിയെ തകര്‍ക്കുകയോ ചെയ്യുക എന്നതാണ് ഉപരോധത്തിലൂടെ ലക്ഷ്യമിടുന്നത്. യാത്രാ നിരോധനവും (Travel Ban) ആയുധ ഉപരോധവും അവയില്‍ ഉൾപ്പെടുന്നു. രാജ്യങ്ങള്‍ക്ക് സ്വീകരിക്കാൻ കഴിയുന്ന ഏറ്റവും കഠിനമായ നടപടികളില്‍ ഒന്നാണിത്.
റഷ്യയ്‌ക്കെതിരെ എന്തെല്ലാം ഉപരോധങ്ങളാണ് ഇതുവരെ ഏര്‍പ്പെടുത്തിയിട്ടുള്ളത്?
- പാശ്ചാത്യ ബാങ്കുകളില്‍ നിന്ന് പുതിയ ഇടപാടുകളിലൂടെ പണം സ്വരൂപിക്കുന്നതില്‍ നിന്ന് റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രണ്ട് ബാങ്കുകളെ തടഞ്ഞുകൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉപരോധം പ്രഖ്യാപിച്ചു. റഷ്യയുടെ സ്റ്റേറ്റ് ഡെവലപ്‌മെന്റ് ബാങ്കായ Vnesheconombank (VBE), സര്‍ക്കാര്‍ പിന്തുണയുള്ള ധനകാര്യസ്ഥാപനമായ Promsvyazbank (PSB) എന്നിവയെയാണ് ഈ ഉപരോധം ബാധിക്കുക.
- പുടിനുമായി അടുപ്പമുള്ള, സ്വാധീനശക്തിയുള്ള റഷ്യക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
- റഷ്യയുടെ ദേശീയ കടം ഉള്‍പ്പെടെയുള്ള യുഎസ് ഇടപാടുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്
- ലുഹാന്‍സ്‌കിലും ഡൊനെറ്റ്സ്‌കിലും ബിസിനസ്സ് നടത്തുന്നതിൽ അമേരിക്കക്കാര്‍ക്ക് ഇപ്പോള്‍ വിലക്കുണ്ട്
റഷ്യ ഇനിയും യുക്രെയ്‌നിനെ ആക്രമിക്കുകയാണെങ്കില്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ 27 റഷ്യന്‍ വ്യക്തികള്‍ക്കും ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് യൂറോപ്യന്‍ മൂലധന വിപണികളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുന്നു. കൂടാതെ, യുറോപ്യന്‍ യൂണിയനിലെ ബാങ്കുകളില്‍ നിന്ന് ഫണ്ട് സ്വീകരിക്കാനും റഷ്യയ്ക്ക് കഴിയില്ല. യൂറോപ്യന്‍ യൂണിയനും വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളും തമ്മിലുള്ള വ്യാപാരവും ഇതിന്റെ ഭാഗമായി നിരോധിച്ചിട്ടുണ്ട്. റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭയായ ഡുമയിലെ 351 അംഗങ്ങളും ഉപരോധം നേരിടുകയാണ്.
ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് റഷ്യയില്‍ നിന്ന് ജര്‍മ്മനിയിലേക്കുള്ള നോര്‍ഡ് സ്ട്രീം 2 ഗ്യാസ് പൈപ്പ്‌ലൈന്‍ തുറക്കുന്നതിനുള്ള അനുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അഞ്ച് റഷ്യന്‍ ബാങ്കുകള്‍ക്കും മൂന്ന് സമ്പന്നരായ റഷ്യന്‍ ബിസിനസുകാര്‍ക്കുമെതിരെ ഉപരോധം പ്രഖ്യാപിക്കുകയും തുടര്‍ നീക്കങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ, കൂടുതല്‍ ബാങ്കുകളെയും വ്യക്തികളെയും ഉപരോധിച്ചുകൊണ്ട് സര്‍ക്കാര്‍ കൂടുതല്‍ കര്‍ക്കശമായ നിലപാട് സ്വീകരിക്കണമെന്ന് ചില എംപിമാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
റഷ്യയ്ക്ക് നേരിടേണ്ടി വന്നേക്കാവുന്ന മറ്റ് ഉപരോധങ്ങള്‍ എന്തൊക്കെ?
യുക്രെയ്നിന് നേരെ ആക്രമണം തുടര്‍ന്നാല്‍ കൂടുതല്‍ കടുത്ത ഉപരോധങ്ങൾ ഏര്‍പ്പെടുത്തുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്വിഫ്റ്റില്‍ (Swift) നിന്ന് റഷ്യയെ ഒഴിവാക്കുക
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ധനകാര്യ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന ഗ്ലോബൽ ഫിനാൻഷ്യൽ മെസേജിങ് സർവീസായ സ്വിഫ്റ്റില്‍ നിന്ന് റഷ്യയെ ഒഴിവാക്കുക എന്നതാണ് സാധ്യമായ ഒരു നടപടി. ഇത് റഷ്യന്‍ ബാങ്കുകള്‍ക്ക് വിദേശത്ത് ബിസിനസ്സ് നടത്തുന്നതിൽ പ്രയാസം സൃഷ്ടിക്കും. എന്നാല്‍ റഷ്യയുമായി അടുത്ത ബന്ധമുള്ള യുഎസ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കുകള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാനും ഈ നീക്കം കാരണമായേക്കും.
യുഎസ് ഡോളര്‍ ഉപയോഗിക്കുന്നതില്‍ നിന്നുള്ളവിലക്ക്
യുഎസ് ഡോളറുകള്‍ ഉള്‍പ്പെടുന്ന സാമ്പത്തിക ഇടപാടുകളില്‍ നിന്ന് റഷ്യയെ നിരോധിക്കാന്‍ അമേരിക്കയ്ക്ക് കഴിയും. റഷ്യയുടെ സമ്പദ്‌വ്യവസ്ഥയില്‍ ഇത് വലിയ ആഘാതം സൃഷ്ടിക്കും. കാരണം റഷ്യയുടെ എണ്ണ, വാതക വില്‍പ്പനയുടെ ഭൂരിഭാഗം ഇടപാടുകളും ഡോളറിലാണ് നടത്തുന്നത്. ഇത് മറ്റ് മേഖലകളിലെ റഷ്യയുടെ വിദേശ വ്യാപാരത്തെ തടസ്സപ്പെടുത്തും. മറുവശത്ത്, റഷ്യയുടെ എണ്ണ, വാതക കയറ്റുമതി കുറയുന്നത് റഷ്യന്‍ വാതകത്തെ ആശ്രയിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെയും ബാധിക്കും.
ബാങ്കുകൾക്ക് വിലക്ക്
റഷ്യയിലെ ബാങ്കുകളെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ യുഎസിന് കഴിയും. ഇത് അവര്‍ക്ക് അന്താരാഷ്ട്ര ഇടപാടുകള്‍ നടത്തുന്നതിന് തടസം സൃഷ്ടിക്കും. എന്നിരുന്നാലും, ഈ ബാങ്കുകളിൽ നിക്ഷേപമുള്ള പാശ്ചാത്യ നിക്ഷേപകരെ ഇത് ദോഷകരമായി ബാധിക്കും. മാത്രമല്ല, അത്തരം സാമ്പത്തിക ആഘാതങ്ങളില്‍ നിന്ന് രക്ഷനേടാന്‍ റഷ്യയുടെ സെന്‍ട്രല്‍ ബാങ്കില്‍ 630bn ഡോളര്‍ (£464bn) കരുതല്‍ ശേഖരമുണ്ട്.
റഷ്യയിലേക്കുള്ള ഹൈടെക് വസ്തുക്കളുടെ കയറ്റുമതി തടയൽ
റഷ്യയിലേക്കുള്ള പ്രധാന ഹൈടെക് ചരക്കുകളുടെ കയറ്റുമതി യുഎസിന് നിയന്ത്രിക്കാം. ഉദാഹരണത്തിന്, അര്‍ദ്ധചാലക മൈക്രോചിപ്പുകള്‍ പോലുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കമ്പനികളെ യുഎസിന് തടയാനാകും. കാറുകള്‍ മുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വരെയുള്ള ഉത്പ്പന്നങ്ങളിൽ ഉപയോഗിക്കുന്ന ചിപ്പുകളാണ് ഇവ. ഇത് റഷ്യയുടെ പ്രതിരോധ, എയ്റോസ്പേസ് മേഖലകളെ മാത്രമല്ല, സമ്പദ്‌വ്യവസ്ഥയെ മൊത്തത്തില്‍ ബാധിക്കും. എന്നിരുന്നാലും ഇത് ടെക്‌നോളജി വില്‍ക്കുന്ന പാശ്ചാത്യ കമ്പനികളെയും ദോഷകരമായി ബാധിക്കും.
ഊര്‍ജ്ജ നിയന്ത്രണങ്ങള്‍
ഗാസ്പ്രോം അല്ലെങ്കില്‍ റോസ്നെഫ്റ്റ് പോലുള്ള വലിയ റഷ്യന്‍ ഊര്‍ജ്ജ ഭീമന്മാരില്‍ നിന്ന് എണ്ണയും വാതകവും വാങ്ങാതിരിക്കാൻ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് കഴിയും. എന്നാൽ, ഇത് യൂറോപ്പിൽ ഉയര്‍ന്ന വാതക വിലയ്ക്കും ഇന്ധനക്ഷാമത്തിനും കാരണമാകും. ഉദാഹരണത്തിന്, ജര്‍മ്മനിയിൽ വാതക വിതരണത്തിന്റെ മൂന്നിലൊന്ന് റഷ്യയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.
ഗാസ്പ്രോമിന്റെ ഉടമസ്ഥതയിലുള്ള നോര്‍ഡ് സ്ട്രീം 2 പൈപ്പ്ലൈന്‍ പ്രതിവര്‍ഷം 110 ബില്യണ്‍ ക്യുബിക് മീറ്റര്‍ റഷ്യന്‍ ഗ്യാസ് യൂറോപ്പിലേക്ക് പമ്പ് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. നിലവില്‍ നോര്‍ഡ് സ്ട്രീം 1 പമ്പ് ചെയ്യുന്ന ഗ്യാസിന്റെ ഇരട്ടി അളവാണിത്. ഫിന്‍ലാന്‍ഡ് ഉള്‍ക്കടലിലൂടെയും ബാള്‍ട്ടിക് കടലിലൂടെയുമാണ് ജര്‍മ്മനിയിലേക്കുള്ള നോര്‍ഡ് സ്ട്രീം 2 പൈപ്പ്ലൈന്‍ കടന്നുപോകുന്നത്. മധ്യേഷ്യയിലൂടെയും കിഴക്കന്‍ യൂറോപ്പിലൂടെയും കടന്നുപോകുന്ന നിലവിലുള്ള പൈപ്പ്ലൈനുകളെ മറികടന്ന് യൂറോപ്പിന്റെ ഊര്‍ജ മേഖലയില്‍ റഷ്യയുടെ സ്വാധീനം ഒന്നുകൂടി ഉയര്‍ത്തുന്ന ബൃഹത്തായ പദ്ധതിയാണിത്.
ലണ്ടനിലെ ധനകാര്യ സ്ഥാപനങ്ങളിൽ റഷ്യയുടെ ഇടപെടൽ പരിമിതപ്പെടുത്താം
യുകെയിലെ ബാങ്കുകളിലും മറ്റു സ്വത്തുക്കളിലും ധാരാളമായി റഷ്യൻ പണം ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ തലസ്ഥാനം 'ലണ്ടന്‍ഗ്രാഡ്' എന്നും അറിയപ്പെടുന്നു. അതിനാൽ, ലണ്ടനിലെ ധനകാര്യസ്ഥാനങ്ങളിലുള്ള റഷ്യന്‍ ഇടപെടൽ പരിമിതപ്പെടുത്താൻ യുകെയ്ക്ക് കഴിയും. റോസിയ, പിഎസ്ബി എന്നിവ ഉള്‍പ്പെടെ അഞ്ച് റഷ്യന്‍ ബാങ്കുകള്‍ക്ക് ഇതിനകം യുകെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
Also Read-രണ്ട് യുക്രെയ്ൻ നഗരങ്ങളിൽ റഷ്യയുടെ മിസൈലാക്രണം; പുടിനെ തടയണമെന്ന് ലോകരാജ്യങ്ങളോട് യുക്രെയ്ൻ
എന്നിരുന്നാലും, ഉപരോധങ്ങള്‍ വളരെ ശക്തമല്ലെന്നും നിലവിലെ കാര്യങ്ങള്‍ വ്‌ളാഡിമിര്‍ പുടിന് കൂടുതല്‍ ധൈര്യവും ആത്മവിശ്വാസം നല്‍കുമെന്നുമാണ് അന്താരാഷ്ട്ര രംഗത്തെ ചില വിദഗ്ദ്ധര്‍ വിശ്വസിക്കുന്നത്. റഷ്യന്‍ പ്രഭുക്കന്മാരുടെയും വ്യക്തികളുടെയും ആസ്തി മരവിപ്പിക്കുന്നത് പരിമിതമായ സ്വാധീനം മാത്രമാണ് ചെലുത്തുകയെന്നാണ് അഷൂര്‍സ്റ്റ് നിയമ സ്ഥാപനത്തിലെ അഭിഭാഷകനും സാമ്പത്തിക ഉപരോധങ്ങളില്‍ വിദഗ്ദ്ധനുമായ ഒലിവിയര്‍ ഡോര്‍ഗന്‍സ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Russia, Russia-Ukraine war, Ukraine