യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമായി തുടരുകയാണ്. റഷ്യക്കും പുടിനുമെതിരെ പ്രതികരിക്കാന്‍ വ്യത്യസ്തമായ പരിപാടികളാണ് വിവിധ സംഘനകള്‍ നടത്തുന്നത്. ഇതിനിടെയാണ് വേറിട്ട പ്രതിഷേധവുമായി എപാരിസിലെ ഫെമിനിസ്റ്റ് സംഘമായ ഫെമെൻ രംഗത്തെത്തിയത് . നഗ്ന ശരീരത്തിൽ യുക്രെയ്ൻ പതാക പെയിന്റ് ചെയ്തായിരുന്നു സ്ത്രീകളുടെ പ്രതിഷേധം. 50ലേറെ സ്ത്രീകളാണ് ഫ്രാൻസിലെ ഇഫേൽ ടവറിനു മുന്നിൽ വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചത്.
പുട്ടിന്റെ യുദ്ധം ക്രൂരം , പുട്ടിന്റെ യുദ്ധം അവസാനിപ്പിക്കുക, എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു വനിതകളുടെ പ്രതിഷേധം. മാധ്യമ സ്ഥാപനമായ വിസ്ഗ്രേഡ് 24ആണ് പ്രതിഷേധത്തിന്റെ വിഡിയോ ട്വീറ്റ് ചെയ്തത്. ‘ വ്‌ളാദിമിര്‍ പുടിന്‍ യുക്രെയ്ൻ ജനതയെ മുഴുവൻ ബന്ദികളാക്കിയിരിക്കുകയാണ്. ജനങ്ങൾ നിരന്തരം ഭീഷണികൾക്ക് ഇരകളാകുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. അവർക്ക് എങ്ങോട്ടും ഓടിപ്പോകാനില്ല. ലോക ഭൂപടത്തിൽ നിന്ന് പുട്ടിൻ ഒരു രാജ്യത്തെ തന്നെ ഇല്ലാതാക്കുന്നു.’ എന്ന് ഫെമെൻ സംഘടന അവരുടെ വെബ്സൈറ്റിൽ കുറിച്ചു.
Ukraine | റഷ്യ-യുക്രെയ്ൻ യുദ്ധം; ഇന്ത്യയുടെ മാനുഷിക പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് യുക്രൈനിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി
യുക്രെയ്‌നിനെതിരായ (Ukraine) റഷ്യന്‍ സൈനിക നടപടിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഇന്ത്യ സ്വീകരിച്ച മാനുഷിക നടപടികളെ പ്രശംസിച്ച് യുക്രെയ്‌നിലെ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ലമെന്റ് അംഗം (MP) സ്വിയാറ്റോസ്ലാവ് യുറാഷ്. കൂടാതെ, രാജ്യത്തിന്റെ നിലവിലെ സാഹചര്യത്തെക്കുറിച്ച്, യുക്രെയ്ന്‍ പ്രസിഡന്റ് വ്ലോദിമിർ സെലെന്‍സ്‌കിയുമായി സംസാരിച്ചതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് (Narendra Modi) യുറാഷ് നന്ദി അറിയിക്കുകയും ചെയ്യുന്നു.
''ഈ നൂറ്റാണ്ടിന്റെ ഭാഗധേയം നിർണയിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞങ്ങളുടെ പ്രസിഡന്റിനെ വിളിച്ചതിന് നന്ദി. ഇന്ത്യയുടെ മാനുഷിക നടപടികള്‍ക്ക് ഞങ്ങള്‍ നന്ദിയുള്ളവരാണ്.'', എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യുക്രേനിയന്‍ എംപി പറഞ്ഞു. റഷ്യയുമായി ഇന്ത്യക്ക് തന്ത്രപരമായ പങ്കാളിത്തമുണ്ടെന്നും എന്നാല്‍, യുക്രെയ്‌നില്‍ റഷ്യന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ആ നിലപാട് പുനഃപരിശോധിക്കണമെന്നും യുക്രേനിയന്‍ എംപി അഭിപ്രായപ്പെട്ടു.
"റഷ്യയുമായി നിങ്ങള്‍ക്ക് തന്ത്രപരമായ സൗഹൃദത്തിനും പങ്കാളിത്തത്തിനും ഒരു ഉടമ്പടിയുണ്ട്. യുക്രെയ്ന്‍ വിഷയത്തില്‍ മാത്രമല്ല, കഴിഞ്ഞ 20 വര്‍ഷമായി പുടിന്റെ ഭരണകൂടം ചെയ്തുവരുന്ന എല്ലാ ദുഷ്പ്രവൃത്തികളുടെയും വെളിച്ചത്തില്‍ അത് പുനര്‍വിചിന്തനം ചെയ്യേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. റഷ്യയെ ഇന്ത്യ ശിക്ഷിക്കണം", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രെയ്നില്‍ സമാധാനം ഉടന്‍ വീണ്ടെടുക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് മറുപടിയായി എംപി പറഞ്ഞത്, "അത് ക്രെംലിനിനെ ആശ്രയിച്ചിരിക്കുന്നു. ക്രെംലിന്‍ സമ്മര്‍ദ്ദം തുടരാന്‍ തീരുമാനിച്ചാല്‍ ഞങ്ങള്‍ പോരാട്ടം തുടരും. മൗലികാവകാശങ്ങള്‍ സംരക്ഷിക്കാൻ ഞങ്ങൾ പോരാട്ടം തുടരും. ഞങ്ങള്‍ നേടിയതൊന്നും ഉപേക്ഷിക്കാന്‍ തയ്യാറല്ല," എന്നാണ്.
യുക്രേനിയന്‍ എംപി യുറാഷ് റഷ്യന്‍ സൈന്യത്തിനെതിരെ പോരാടുന്നതിനായി തോക്കുമായി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ വലിയ തോതിൽ പ്രചരിച്ചിരുന്നു. ''യുക്രെയ്‌നിലേക്കുളള റഷ്യന്‍ അധിനിവേശത്തിനെതിരെ പ്രതിരോധം തീർക്കേണ്ട സാഹചര്യത്തിൽ എല്ലാ യുക്രെയ്ൻ പൗരന്മാരും ഇപ്പോള്‍ സൈനികരാണ്. എല്ലാവരും അവരവരുടെ സ്ഥാനം കണ്ടെത്തേണ്ടതുണ്ട്" എന്നായിരുന്നു ആ ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.