• HOME
  • »
  • NEWS
  • »
  • world
  • »
  • War in Ukraine | യുക്രെയ്ൻ അധിനിവേശത്തിനെതിരായ യുഎൻ പ്രമേയം വീറ്റോ ചെയ്ത് റഷ്യ; ഇന്ത്യയും ചൈനയും വിട്ടുനിന്നു

War in Ukraine | യുക്രെയ്ൻ അധിനിവേശത്തിനെതിരായ യുഎൻ പ്രമേയം വീറ്റോ ചെയ്ത് റഷ്യ; ഇന്ത്യയും ചൈനയും വിട്ടുനിന്നു

പൊതുസഭയില്‍ വലിയ ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെങ്കിലും യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗമായ റഷ്യയ്ക്ക് ഇത് കണക്കിലെടുക്കേണ്ടി വരില്ല.

  • Share this:
    ന്യൂയോർക്ക്: യുക്രെയ്നിലെ അധിനിവേശത്തിനെതിരെ അമേരിക്ക യു.എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. യുക്രെയ്നിൽനിന്ന് സൈന്യത്തെ ഉടനടി റഷ്യ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയും അൽബേനിയയും ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്. 15 രക്ഷാസമിതി അംഗങ്ങളില്‍ 11 പേരും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ ഇന്ത്യയും ചൈനയും യു.എ.ഇയും വിട്ടുനിന്നു. എന്നാൽ രക്ഷാസമിതിയിലെ സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസാക്കാനായില്ല.

    പ്രമേയം പാസാക്കാനായില്ലെങ്കിലും റഷ്യയ്ക്കെതിരെ കടുത്ത നിലപാടിലാണ് അമേരിക്കയും സഖ്യകക്ഷികളും. ''നിങ്ങള്‍ക്ക് ഈ പ്രമേയത്തെ വീറ്റോ ചെയ്യാനാകും. എന്നാല്‍, ഞങ്ങളുടെ ശബ്ദത്തെയും സത്യത്തെയും വീറ്റോ ചെയ്യാനാകില്ല. ഞങ്ങളുടെ തത്വങ്ങളെയും യുക്രൈന്‍ ജനതയെയുമൊന്നും നിങ്ങള്‍ക്ക് വീറ്റോ ചെയ്യാനാകില്ല..''- അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു. റഷ്യ ഒറ്റപ്പെട്ടിരിക്കുകയാണെന്നും അബദ്ധങ്ങള്‍ ചെയ്യാന്‍ നില്‍ക്കരുതെന്നും ബ്രിട്ടീഷ് അംബാസഡര്‍ ബര്‍ബറ വുഡ്‌വാര്‍ഡ് പറഞ്ഞു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് ഒരു പിന്തുണയുമില്ലെന്നും ബര്‍ബറ കൂട്ടിച്ചേര്‍ത്തു.

    നിലവില്‍ രക്ഷാസമിതി അധ്യക്ഷന്‍ റഷ്യന്‍ പ്രതിനിധിയാണ്. രക്ഷാസമിതിയില്‍ പ്രമേയം പാസായില്ലെങ്കിലും ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലും സമാനമായ പ്രമേയം അമേരിക്കയും കൂട്ടരും അവതരിപ്പിക്കും. പൊതുസഭയില്‍ വലിയ ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെങ്കിലും യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗമായ റഷ്യയ്ക്ക് ഇത് കണക്കിലെടുക്കേണ്ടി വരില്ല.

    Also Read- War in Ukraine | യുക്രെയ്നിൽനിന്ന് രക്ഷാദൗത്യം തുടങ്ങി; ആദ്യസംഘം ഇന്ന് ഇന്ത്യയിലെത്തും; 17 മലയാളികളും

    അതേസമയം പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കിയില്‍ നിന്ന് ഉടൻ അധികാരം പിടിച്ചെടുക്കാന്‍ യുക്രെയ്ന്‍ സൈന്യത്തോട് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 'നിങ്ങളുടെ കുട്ടികളെയും ഭാര്യമാരെയും മുതിര്‍ന്നവരെയും മനുഷ്യ കവചങ്ങളായി ഉപയോഗിക്കാന്‍ നവ നാസികളെയും ലഹരിമരുന്ന് ഉപയോഗിക്കുന്നവരെയും യുക്രൈന്‍ തീവ്ര ദേശീയവാദികളെയും അനുവദിക്കരുതെന്ന് ഒരിക്കല്‍ കൂടി യുക്രൈന്‍ സൈന്യത്തോട് അഭ്യര്‍ഥിക്കുന്നു'- റഷ്യയുടെ സുരക്ഷാ സമിതിയുമായി നടത്തിയ യോഗത്തിന് ശേഷം ടെലിവിഷനിലൂടെ യുക്രെയ്ൻ സൈന്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പുടിന്‍ പറഞ്ഞു.

    'നിങ്ങള്‍ അധികാരം ഏറ്റെടുത്താല്‍ ഉടമ്പടിയിലെത്താന്‍ ഞങ്ങള്‍ക്ക് എളുപ്പമാണ്'- പുടിന്‍ പറഞ്ഞു. റഷ്യയെ ശക്തമായി ചെറുക്കാന്‍ സൈന്യത്തോട് സെലന്‍സ്‌കി നിര്‍ദേശിച്ച്‌ മണിക്കൂറുകള്‍ക്കകമാണ് പുടിന്റെ നിലപാട്. ആയുധമേന്തി സൈന്യത്തോടൊപ്പം ചേരാന്‍ സാധാരണക്കാരോടും സെലന്‍സ്‌കി ആഹ്വാനം ചെയ്തിട്ടുണ്ട്.

    Summary- Russia vetoes US resolution against occupation of Ukraine The United States and Albania have called for Russia's immediate withdrawal of troops from Ukraine. Eleven of the 15 Security Council members voted in favor of the resolution, while India, China and the UAE abstained. However, the resolution could not be passed after Russia's permanent veto on the Security Council.
    Published by:Anuraj GR
    First published: