• HOME
 • »
 • NEWS
 • »
 • world
 • »
 • Saudi Arabia | 'സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്നു'; സൗദിഅറേബ്യയിൽ മഴവിൽ നിറമുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും പിടിച്ചെടുത്തു

Saudi Arabia | 'സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്നു'; സൗദിഅറേബ്യയിൽ മഴവിൽ നിറമുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും പിടിച്ചെടുത്തു

ഇത്തരം ഉത്പന്നങ്ങൾ ഇസ്‌ലാമിക മൂല്യങ്ങൾക്ക് വിരുദ്ധ൦, യുവതലമുറയെ ലക്ഷ്യമിട്ട് സ്വവർഗാനുരാഗ നിറങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ഇത്തരം വിപണികളുടെ ലക്ഷ്യമെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

 • Share this:
  കടകളിൽ നിന്ന് മഴവിൽ നിറമുള്ള കളിപ്പാട്ടങ്ങളും കുട്ടികൾക്കായുള്ള മഴവിൽ നിറമുള്ള വസ്ത്രങ്ങളും പിടിച്ചെടുത്ത് സൗദി അറേബ്യ (Saudi Arabia). സ്വവർഗരതിയെ (homosexuality) പ്രോത്സാഹിപ്പിക്കുന്നതിനാലാണ് നടപടിയെന്ന് സൗദിയിലെ സർക്കാർ ഉ​ദ്യോ​ഗസ്ഥരെ ഉദ്ധരിച്ചു കൊണ്ട് ദേശീയ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു. സൗദി തലസ്ഥാനമായ റിയാദിലെ കടകളിൽ നിന്ന് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ ഇത്തരത്തിലുള്ള നിരവധി സാധനങ്ങൾ നീക്കം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. ഹെയർ ക്ലിപ്പുകൾ, പോപ്പ്-ഇറ്റുകൾ, ടി-ഷർട്ടുകൾ, തൊപ്പികൾ, പെൻസിൽ കേസുകൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

  ഇത്തരം ഉത്പന്നങ്ങൾ ഇസ്‌ലാമിക വിശ്വാസത്തിനും ധാർമികതയ്ക്കും വിരുദ്ധമാണെന്നും യുവതലമുറയെ ലക്ഷ്യമിട്ട് സ്വവർഗാനുരാഗ നിറങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ഇത്തരം വിപണിയുടെ ലക്ഷ്യമെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സ്വവർഗരതിക്ക് ആഹ്വാനം ചെയ്യുന്നതും സാമാന്യബുദ്ധിക്ക് നിരക്കാത്തതുമായ ചിഹ്നങ്ങളും അടയാളങ്ങളും അടങ്ങിയ ഉൽപന്നങ്ങൾ ഉദ്യോ​ഗസ്ഥർ നീക്കം ചെയ്തതായി വാണിജ്യ മന്ത്രാലയവും ട്വീറ്റ് ചെയ്തു. അത്തരം ഉത്പന്നങ്ങൾ വിൽക്കുന്ന കടയുടമകൾ ശിക്ഷ നേരിടേണ്ടി വരുമെന്നും സൗദി വാണിജ്യ മന്ത്രാലയം ട്വീറ്റിൽ കൂട്ടിച്ചേർത്തു.


  ഡിസംബറിൽ, അയൽരാജ്യമായ ഖത്തറും സമാനമായ നടപടി സ്വീകരിച്ചിരുന്നു. ഇസ്‌ലാമിക മൂല്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ ആ​ഹ്വാനം ചെയ്യുന്നതിനാൽ കടകളിൽ നിന്ന് മഴവിൽ നിറമുള്ള പോപ്പ്-ഇറ്റുകളും മറ്റ് കളിപ്പാട്ടങ്ങളും കണ്ടുകെട്ടിയതായി ഖത്തർ പ്രഖ്യാപിച്ചിരുന്നു.

  സുന്നി മുസ്ലീം ഭരിക്കുന്ന സൗദി അറേബ്യയിൽ ലൈംഗിക ആഭിമുഖ്യം അല്ലെങ്കിൽ ലിംഗ വ്യക്തിത്വം സംബന്ധിച്ച് നിയമങ്ങളൊന്നുമില്ലെങ്കിലും, സ്വവർഗരതി ഉൾപ്പെടെയുള്ള, വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ട്. രാജ്യത്തെ നിയമം അനുസരിച്ച്, ഉഭയസമ്മതത്തോടെയുള്ള സ്വവർഗ ലൈംഗികതയിൽ ഏർപ്പെടുന്നവർക്ക് കേസിന്റെ ഗൗരവമനുസരിച്ച് മരണമോ ചാട്ടവാറടിയോ ശിക്ഷയായി ലഭിക്കും.

  പുരുഷന്മാർ സ്ത്രീകളെപ്പോലെ പെരുമാറുന്നതും സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കുന്നതും സ്ത്രീകൾ പുരുഷൻമാരെപ്പോലെ ആകുന്നതും പൊതു ചട്ടങ്ങൾ, മതപരമായ മൂല്യങ്ങൾ, പൊതു ധാർമികത, സ്വകാര്യത എന്നിവയെ തടസ്സപ്പെടുത്തുന്ന ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തുന്നതുമെല്ലാം സൗദി അറേബ്യയിൽ നിയമവിരുദ്ധമാണ്.

  LGBTQ റഫറൻസുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയും അത് നീക്കം ചെയ്യാനുള്ള സൗദി അധികാരികളുടെ അഭ്യർത്ഥന ഡിസ്നി നിരസിച്ചതിനെത്തുടർന്നും ഇക്കഴിഞ്ഞ ഏപ്രിലിൽ, രാജ്യത്തെ സിനിമാ തിയേറ്ററുകളിൽ 'ഡോക്ടർ സ്‌ട്രേഞ്ച് ഇൻ ദി മൾട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ്' (Doctor Strange in the Multiverse of Madness) എന്ന ചിത്രം പ്രദർശിപ്പിച്ചിരുന്നില്ല.

  സ്വവർഗ ചുംബനം അവതരിപ്പിക്കുന്ന പുതിയ ആനിമേറ്റഡ് ചിത്രമായ ലൈറ്റ്‌ഇയറിന്റെ (Lightyear) പ്രദർശനവും സൗദി അറേബ്യയിൽ നിരോധിച്ചതായി ഡിസ്നിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. സൗദി അധികൃതർ ഇതേക്കുറിച്ച് ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും രാജ്യത്തെ രണ്ട് പ്രധാന സിനിമാ ശൃംഖലകൾ ചിത്രം പ്രദർശിപ്പിക്കുന്നില്ല.

  മാധ്യമങ്ങൾക്കായുള്ള രാജ്യത്തെ മാനദണ്ഡങ്ങൾ ലംഘിച്ചതിനാൽ രാജ്യത്ത് ലൈറ്റ്‌ഇയർ നിരോധിച്ചതായി തിങ്കളാഴ്ച യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) സാംസ്കാരിക മന്ത്രാലയം അറിയിച്ചിരുന്നു.
  Published by:Naveen
  First published: