ഇസ്ലാമബാദ്: വിദേശരാജ്യങ്ങളിൽ സന്ദർശനത്തിന് പോകുമ്പോൾ വിശിഷ്ട വ്യക്തികൾ ഉപഹാരങ്ങൾ സ്വീകരിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. അത് ചിലപ്പോൾ ശിൽപങ്ങളാകാം, ആ രാജ്യത്തെ ഓർമപ്പെടുത്തുന്ന എന്തെങ്കിലുമാകാം. ചില സാഹചര്യങ്ങളിലത് ക്യൂബൻ സിഗരറ്റോ ഒരു കുപ്പി ഫ്രഞ്ച് വൈൻ വരെയോ ആകാം.
എന്നാൽ, അതിനെയെല്ലാം മറികടന്നാണ് രാജ്യത്ത് രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ സൗദി രാജകുമാരന് പാകിസ്ഥാൻ സമ്മാനം നൽകിയത്. സ്വർണം പൂശിയ യന്ത്രത്തോക്ക് ആയിരുന്നു പാകസ്ഥാൻ സൗദി രാജകുമാരന് സമ്മാനമായി നൽകിയത്.
ജർമ്മൻ എഞ്ചിനീയർമാർ രൂപകൽപന ചെയ്ത The Heckler & Koch MP5 എന്ന യന്ത്രത്തോക്കിന്റെ പരിഷ്കരിച്ച, സ്വർണം പൂശിയ പതിപ്പാണ് സൗദി രാജകുമാരന് 'സ്നേഹ'സമ്മാനമായി പാകിസ്ഥാൻ നൽകിയത്. പാകിസ്ഥാനി പ്രസിഡന്റ് ആരിഫ് അൽവിയുമായി ഫെബ്രുവരി 18ന് ആയിരുന്നു സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ കൂടിക്കാഴ്ച നടത്തിയത്. കൂടാതെ, രാജകുമാരന് അദ്ദേഹത്തിന്റെ തന്നെ ഒരു പോർട്രയിറ്റും സമ്മാനമായി നൽകിയിരുന്നു.
കിരീടാവകാശിയെത്തി; സൗദി ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ടുലക്ഷമാക്കി
ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സന്ദർശനങ്ങളുടെ ഭാഗമായി കഴിഞ്ഞദിവസം പാകിസ്ഥാനിൽ എത്തിയ മുഹമ്മദ് ബിൻ സൽമാൻ 20 ബില്യൺ ഡോളറിന്റെ നിക്ഷേപം പാകിസ്ഥാനിൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാൻ സന്ദർശനത്തിനു ശേഷം ഇന്ത്യയിൽ എത്തിയ അദ്ദേഹം കഴിഞ്ഞദിവസം രാത്രി ചൈനയിലേക്ക് പോയിരുന്നു.
സൗദിയിലെ മാധ്യമപ്രവത്തകനായ ജമാൽ ഖഷോഖിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സൗദി രാജകുമാരന്റെ പേരും വലിച്ചിഴയ്ക്കപ്പെട്ടിരുന്നു. കഴിഞ്ഞവർഷം ഒക്ടോബറിൽ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വെച്ചായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്. സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ അറിവില്ലാതെ ഈ കൊലപാതകം നടക്കില്ലെന്ന് യു എസ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. എന്നാൽ, മുഹമ്മദ് ബിൻ സൽമാന് ഇക്കാര്യത്തിൽ ഒരു അറിവുമില്ലെന്ന് സൗദി വൃത്തങ്ങൾ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.