സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്യൂസിനെ 3.2 ബില്യൺ ഡോളറിന് പ്രധാന എതിരാളികളായ യുബിഎസ് ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ ക്രെഡിറ്റ് സ്യൂസിന്റെ ഏറ്റവും വലിയ ഓഹരി നിക്ഷേപകരായ സൗദി നാഷണൽ ബാങ്കിന് നിക്ഷേപത്തിൽ ഏകദേശം 80 ശതമാനം നഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. ബാങ്ക് അധികൃതർ സിഎൻബിസിയ്ക്ക് നൽകിയ പ്രതികരണത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
റിയാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബാങ്കിന് ക്രെഡിറ്റ് സ്യൂസിൽ 9.9 ശതമാനം ഓഹരി നിക്ഷേപമുണ്ട്. കഴിഞ്ഞ നവംബറിൽ ഒരു ഷെയറിന് 3.82 എന്ന നിരക്കിൽ ആകെ 1.4 സ്വിസ് ഫ്രാങ്ക് (1.5 ബില്യൺ ഡോളർ) ആയിരുന്നു ബാങ്കിന്റെ ക്രെഡിറ്റ് സ്യൂസിലെ നിക്ഷേപം. അതേസമയം ക്രെഡിറ്റ് സ്യൂസിനെ യുബിഎസ് ഏറ്റെടുത്തതോടെ നിലവിലെ കരാർ പ്രകാരം ക്രഡിറ്റ് സ്യൂസിലെ നിക്ഷേപകർക്ക് ഓരോ ഷെയറിനും 0.76 ഫ്രാങ്ക് വെച്ചാണ് യുബിഎസ് നൽകി വരുന്നത്.
അതേസമയം യുഎസിലെ സിലിക്കൺ വാലി ബാങ്ക് തകർച്ച നേരിടുന്നുവെന്ന വാർത്തകൾ ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. തൊട്ടുപിന്നാലെയാണ് സൗദി നാഷണൽ ബാങ്കിന്റെ നിക്ഷേപ നഷ്ട വാർത്ത പുറത്തു വന്നിരിക്കുന്നത്. ക്രെഡിറ്റ് സ്യൂസിനെ ഏറ്റെടുത്തതിന് പിന്നാലെ സ്വിറ്റ്‌സർലാന്റിലെ ഏറ്റവും വലിയ ബാങ്കായ യുബിഎസിന്റെ ഓഹരികൾ കഴിഞ്ഞ ദിവസം 10.5 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
യൂറോപ്പിലെ ബാങ്കിംഗ് മേഖല മൊത്തത്തിൽ ഇടിവുകൾ രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ ക്രെഡിറ്റ് സ്യൂസിന്റെ ഓഹരികളിൽ 62 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം നഷ്ടമുണ്ടായെങ്കിലും തങ്ങളുടെ സ്ട്രാറ്റജിയിൽ മാറ്റമില്ലെന്നാണ് സൗദി നാഷണൽ ബാങ്കിന്റെ നിലപാട്. 2022 ഡിസംബറിലെ കണക്കനുസരിച്ച്, ക്രെഡിറ്റ് സ്യൂസിലെ എസ്എൻബിയുടെ നിക്ഷേപം എസ്എൻബിയുടെ മൊത്തം ആസ്തിയുടെ 0.5% ൽ താഴെയാണെന്ന് സൗദി നാഷണൽ ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Also read- പത്ത് കോടിയുടെ ഉടമ ആൽബർട്ട് ടിഗ; സമ്മർ ബമ്പർ ഭാഗ്യക്കുറി ഒന്നാം സമ്മാനം ആസാം സ്വദേശിക്ക്
ക്രെഡിറ്റ് സ്യൂസിന്റെ രണ്ടാമത്തെ വലിയ നിക്ഷേപകരാണ് ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി. ഇവർക്ക് ബാങ്കിൽ 6.8% ഓഹരിയാണുള്ളത്. യുബിഎസ് ഏറ്റെടുക്കലോടെ വൻ നഷ്ടമാണ് ഇവർക്കും നേരിടേണ്ടി വന്നത്. അതേസമയം ഈ വിഷയത്തിൽ ഔദ്യോഗികമായ പ്രതികരണത്തിന് ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി തയ്യാറായിട്ടില്ല.
2022 ഡിസംബറിൽ പ്രശസ്തമായ ഗൾഫ് ബാങ്കുകളായ സൗദി നാഷണൽ ബാങ്ക്, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, സൗദി ഒലയാൻ ഗ്രൂപ്പ് തുടങ്ങിയവയിൽ നിന്ന് സോവറിൻ വെൽത്ത് ഫണ്ടുകൾ ഉൾപ്പടെ ഏകദേശം 4 ബില്യൺ ഡോളർ ഫണ്ടിംഗ് ആണ് ക്രഡിറ്റ് സ്യൂസ് സമാഹരിച്ചത്. നോർവേയുടെ സോവറിൻ വെൽത്ത് ഫണ്ടായ നോർജസ് ബാങ്ക് ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റും ഇവരുടെ ഒരു പ്രധാന ഓഹരി ഉടമയാണ്. അതേസമയം ബാങ്കിംഗ് മേഖലയിലുടനീളമുള്ള പ്രതിസന്ധികൾ നിലവിലെ വിപണിയുടെ ആത്മവിശ്വാസം കെടുത്തുന്നതാണ്. ഒരു ആഗോള ബാങ്കിംഗ് പ്രതിസന്ധിയ്ക്കാണ് ഇത് തിരിതെളിയിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.