ഇറാനിൽ സ്കൂൾ വിദ്യാർത്ഥിനികൾക്കു നേരെ വിഷവാതക പ്രയോഗം നടക്കുന്നതായി സംശയം. അൻപതിലധിതം സ്കൂളുകളിലെ വിദ്യാർത്ഥിനികൾ ഇതിന് ഇരകളായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബിബിസി റിപ്പോർട്ട് അനുസരിച്ച്, നവംബർ മുതൽ ഇറാനിൽ 700 ഓളം പെൺകുട്ടികൾ വിഷവാതകം ശ്വസിച്ചിട്ടുണ്ട്. ഇത് പെൺകുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം തടയാനുള്ള ബോധപൂർവമായ ശ്രമമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വിഷവാതകം ശ്വസിച്ച പെൺകുട്ടികൾ ആരും മരിച്ചതായി റിപ്പോർട്ടുകളില്ല. പക്ഷേ, നിരവധിയാളുകളിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ഓക്കാനം, തലകറക്കം, ക്ഷീണം എന്നിവ അനുഭവപ്പെടുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ സംഭവങ്ങൾക്ക് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇറാനിലെ 30 പ്രവിശ്യകളിൽ 21 എണ്ണത്തിലും സംശയാസ്പദമായ കേസുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. സ്‌കൂളിൽ പോകുന്നതിന്റെ പേരിൽ കൂടുതൽ പെൺകുട്ടികളിൽ വിഷവാതക പ്രയോഗം നടത്തിയേക്കുമോ എന്ന ആശങ്കയിലാണ് രാജ്യം.
Also Read-പാകിസ്ഥാനിൽ വീണ്ടും ചാവേർ ആക്രമണം; ഒമ്പത് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
പെൺകുട്ടികൾക്ക് ചീഞ്ഞ നാരങ്ങ, ക്ലോറിൻ, ക്ലീനിംഗ് ഏജന്റുകൾ എന്നിവയുടെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് തലവേദന, തലകറക്കം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ഓക്കാനം എന്നിവയും അനുഭവപ്പെട്ടു. ചിലർക്ക് കൈകാലുകൾക്ക് തളർച്ചയും അനുഭവപ്പെട്ടു. കാലുകൾക്ക് വേദന, വയറുവേദന, തലകറക്കം എന്നിവ അനുഭവപ്പെട്ടതായി ഇറാനിലെ പെൺകുട്ടികൾ പരാതിപ്പെടുന്നതിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അത്യാഹിത വിഭാഗത്തിൽ കഴിയുന്ന മാതാപിതാക്കളുടെയും സ്കൂൾ വിദ്യാർത്ഥിനികളുടെയും വീഡിയോകളും പുറത്തു വന്നിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യമായ സാമ്പിളുകൾ ശേഖരിച്ചതായി ഇറാൻ ആഭ്യന്തര മന്ത്രി അഹ്മദ് വാഹിദി പറഞ്ഞു. ജനങ്ങൾ ശാന്തരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ ക്രിമിനൽ അന്വേഷണം ആരംഭിക്കുമെന്ന് പ്രോസിക്യൂട്ടർ ജനറലും പ്രഖ്യാപിച്ചു. വിഷയം അന്താരാഷ്ട്ര ശ്രദ്ധ നേടിയതിനു പിന്നാലെ, സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും അറിയിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ ഉത്കണ്ഠ സൃഷ്ടിച്ച ഈ സംഭവത്തെ ‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം’ എന്നാണ് ഇറാൻ പ്രസിഡന്റ് വിശേഷിപ്പിച്ചത്.
Also Read-ആ 1000 ദിനങ്ങൾക്ക് വിട; ഹോങ്കോംഗിൽ ഇനി മാസ്‌ക് നിര്‍ബന്ധമല്ല
അതിനിടെ, ഫാത്തിമ റിസായ് എന്ന 11 വയസുകാരി വിഷബാധയേറ്റ് മരിച്ചതായും ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഫാത്തിമ മരിച്ചത് ഗുരുതരമായ അണുബാധ മൂലമാണെന്ന് കുടുംബാംഗങ്ങളും പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടറും അറിയിച്ചു.
1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം നാൽപതു വർഷത്തിലേറെയായി ഇറാനിൽ പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നതിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. പെൺകുട്ടികൾക്കും സ്‌ത്രീകൾക്കും സ്‌കൂളിലും സർവ്വകലാശാലകളിലും പോയി പഠിക്കാൻ അനുമതി നൽകണമെന്ന് ഇറാൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.