നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • New Galaxies | കോസ്മിക് ധൂളികളാല്‍ മറഞ്ഞിരുന്ന രണ്ട് പുതിയ ഗാലക്‌സികള്‍ കൂടി കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

  New Galaxies | കോസ്മിക് ധൂളികളാല്‍ മറഞ്ഞിരുന്ന രണ്ട് പുതിയ ഗാലക്‌സികള്‍ കൂടി കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

  ഏകദേശം 13 ബില്യൺ വർഷങ്ങൾക്ക് മുമ്പുള്ള ആദ്യകാല ഗാലക്‌സികളിൽ 10 മുതൽ 20 ശതമാനം വരെ ഇപ്പോഴും കോസ്മിക് ധൂളിയിൽ മറഞ്ഞിരിക്കാമെന്നാണ് ഗവേഷകർ കണക്കാക്കുന്നത്.

  Representative Image

  Representative Image

  • Share this:
   കോസ്മിക് ധൂളി പടലങ്ങളാൽ മറഞ്ഞിരുന്ന രണ്ട് പുതിയ ക്ഷീരപഥങ്ങൾ (Galaxy) കൂടി കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. കോപ്പൻഹേഗൻ സർവകലാശാലയിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് മുമ്പ് കോസ്മിക് ധൂളികളാൽ മറഞ്ഞിരുന്ന രണ്ട് ഗാലക്‌സികൾ കൂടി കണ്ടെത്തിയത്. രണ്ട് ഗാലക്സികളും ഭൂമിയിൽ നിന്ന് കോടിക്കണക്കിന് പ്രകാശവർഷം അകലെയാണെങ്കിലും, മഹാവിസ്‌ഫോടനത്തിന് (Big Bang) ശേഷം പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ മാറ്റിമറിക്കുന്ന ഒന്നായിരിക്കും ഇതെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. ശാസ്ത്ര ജേണലായ നേച്ചറിന്റെ തിങ്കളാഴ്ചത്തെ പതിപ്പിലാണ് ഇത് സംബന്ധിച്ച പഠനത്തിന്റെ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.

   ഗവേഷണത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞരുടെ ഒരു അന്താരാഷ്ട്ര സംഘം ഭൂമിയിൽ നിന്ന് ഏതാണ്ട് 29 ബില്യൺ പ്രകാശവർഷം അകലെയുള്ള മുമ്പ് അദൃശ്യമായി കിടന്നിരുന്ന രണ്ട് ഗാലക്‌സികൾ കണ്ടെത്തി എന്നാണ് നേച്ചറിൽ പറയുന്നത്. ഈ ഗാലക്‌സികളെ ഇതുവരെ അദൃശ്യമാക്കിയത് അവയ്ക്ക് ചുറ്റുമുള്ള കോസ്മിക് ധൂളികളുടെ കട്ടിയുള്ള പാളിയാണെന്ന് ഗവേഷണത്തിൽ സൂചിപ്പിക്കുന്നു. ചിലിയിലെ അറ്റകാമ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന 'അറ്റകാമ ലാർജ് മില്ലിമീറ്റർ അറേ' / എ എൽ എം എ (ALMA - Atacama Large Millimeter Array) റേഡിയോ ടെലിസ്‌കോപ്പുകളുടെ സഹായത്തോടെയായിരുന്നു ഈ കണ്ടെത്തൽ സാധ്യമായത്.

   ഈ ടെലിസ്‌കോപ്പുകൾ, പ്രപഞ്ചത്തിലെ ഏറ്റവും തണുത്തതും ഇരുണ്ടതുമായ ആഴങ്ങളിൽ നിന്ന് പുറപ്പെടുവിക്കുന്ന റേഡിയോ തരംഗങ്ങൾ പിടിച്ചെടുക്കുന്നതിൽ അതിനൂതനമായ സവിശേഷതകൾ ഉൾക്കൊള്ളുന്നവയാണ്. പുതിയ കണ്ടുപിടിത്തം മുമ്പ് അനുമാനിച്ചതിനേക്കാൾ കൂടുതൽ ഗാലക്‌സികൾ നിലവിലുണ്ടാകാം എന്നാണ് സൂചിപ്പിക്കുന്നതെന്ന് ഗവേഷകർ വിശ്വസിക്കുന്നു. ഈ ഗാലക്‌സികൾ സൂചിപ്പിക്കുന്നത് വളരെ മുമ്പ് ആദ്യകാല പ്രപഞ്ചത്തിൽ ആകാശത്തിനപ്പുറം നിരവധി ഭീമാകാരമായ വസ്തുക്കളുണ്ട് എന്നാണ്. നക്ഷത്രങ്ങളിൽ നിന്നുള്ള ചെറിയ കണങ്ങൾ അടങ്ങിയ ധൂളികൾക്ക് പിന്നിൽ അവ മറഞ്ഞിരിക്കുകയായിരുന്നു.

   ''നമ്മുടെ ആകാശ ഭൂപടത്തിൽ നിന്ന് ആദ്യകാല ഗാലക്‌സികളിൽ അഞ്ചിൽ ഒന്ന് വരെ അപ്രത്യക്ഷമായിരിക്കാമെന്ന് ഞങ്ങളുടെ കണ്ടെത്തൽ തെളിയിക്കുന്നു. പ്രപഞ്ചത്തിൽ ഗാലക്‌സികൾ എപ്പോൾ, എങ്ങനെ രൂപപ്പെട്ടുവെന്ന് മനസിലാക്കാൻ തുടങ്ങുന്നതിനുമുമ്പ്, നമുക്ക് ആദ്യം അതിന്റെ ശരിയായ കണക്ക് ആവശ്യമാണ്'' എന്ന് നീൽസ് ബോർ ഇൻസ്റ്റിറ്റ്യൂട്ടിലെ കോസ്മിക് ഡോൺ സെന്ററിന്റെ അസോസിയേറ്റ് പ്രൊഫസറും ഈ പഠനത്തിന്റെ രചയിതാക്കളിൽ ഒരാളുമായ പാസ്‌കൽ ഓഷും പറയുന്നു.

   ഏകദേശം 13 ബില്യൺ വർഷങ്ങൾക്ക് മുമ്പുള്ള ആദ്യകാല ഗാലക്‌സികളിൽ 10 മുതൽ 20 ശതമാനം വരെ ഇപ്പോഴും കോസ്മിക് ധൂളിയിൽ മറഞ്ഞിരിക്കാമെന്നാണ് ഗവേഷകർ കണക്കാക്കുന്നത്. ഡിസംബർ 18 ന് ഭ്രമണപഥത്തിൽ വിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി, ഇനിയുള്ള പഠനങ്ങളിൽ നിർണായക പങ്കു വഹിക്കുമെന്നും ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. ആ ദൂരദർശിനിയുടെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്, കോസ്മിക് വായു സൃഷ്ടിക്കുന്ന ആശയക്കുഴപ്പം മറികടക്കാനും അതിലൂടെ നമ്മുടെ പ്രപഞ്ചത്തിന്റെ കൂടുതൽ വ്യക്തമായ ചിത്രം ലഭിക്കുമെന്നും ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു.
   Published by:Sarath Mohanan
   First published:
   )}