നഗര ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നും മാറി ശാന്ത സുന്ദരമായ ഒരു സ്ഥലത്തേക്ക് താമസം മാറ്റണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ ? എങ്കില്‍ മനോഹരമായ സ്കോട്ടിഷ് ദ്വീപുകള്‍ (Scottish islands ) അതിനായി നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ഇതിന്റെ ചെലവ് ആലോചിച്ച് വിഷമിക്കേണ്ട. സ്കോട്ടിഷ് സർക്കാരിന്റെ ചെലവിൽ ഇപ്പോൾ നിങ്ങൾക്കിത് സാധ്യമാകും. ജനവാസം (populated) കുറഞ്ഞ ചില വിദൂര സ്കോട്ടിഷ് ദ്വീപുകളിലേക്ക് കുടിയേറി താമസിക്കാൻ തയ്യാറാകുന്ന യുവാക്കൾക്കും കുടുംബങ്ങൾക്കും സ്കോട്ടിഷ് സർക്കാർ പണം നൽകുന്നതായാണ് റിപ്പോർട്ടുകൾ. ഈ ദ്വീപുകളിലേക്ക് കുടിയേറുന്ന കുടുംബങ്ങള്‍ക്ക് സ്കോട്ടിഷ് സര്‍ക്കാര്‍ ഇപ്പോള്‍ 50,000 യൂറോ അതായത് ഏകദേശം 48.8 ലക്ഷം രൂപയോളം നല്‍കുമെന്നാണ് വിവരം. സ്കോട്ടിഷ് ദ്വീപുകളിലെ ജനസംഖ്യ കുറഞ്ഞതിന് പരിഹാരം കാണുന്നതിനായാണ് സര്‍ക്കാര്‍ ഇത്തരം ഒരു മാര്‍ഗം സ്വീകരിച്ചിരിക്കുന്നത്.
സർക്കാർ പദ്ധതിയുടെ ഭാഗമായി 2026 വരെ 100 പേർക്ക് ഇത്തരത്തിൽ സുവർണ സ്വീകരണം നൽകാനാണ് തീരുമാനം. ലോകത്തിലെ ഏറ്റവും മനോഹരമായ ദ്വീപുകളുടെ കൂട്ടത്തില്‍ മുന്‍ നിരയിലാണ് സ്കോട്ടിഷ് ദ്വീപുകളുടെ സ്ഥാനം. ഐൽ ഓഫ് സ്കൈ, ഓർക്ക്നി പോലുള്ള അതിമനോഹരമായ സ്കോട്ടിഷ് ദ്വീപുകൾ ഇതിൽ ഉൾപ്പെടും. നിലവിൽ വളരെ കുറച്ച് താമസക്കാർ മാത്രമാണ് ഇവിടെ ഉള്ളത്.
ഈ ദ്വീപുകളിൽ ചെറുപ്പക്കാരെ ആകർഷിക്കുന്ന തൊഴിലവസരങ്ങൾ കുറവാണ്. അതിനാൽ ഈ കുറവ് പരിഹരിച്ച് ചെറുപ്പക്കാരെ കുടിയേറി പാർക്കാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി സർക്കാർ ദ്വീപുകളിലേക്ക് കുടിയേറുന്ന 100 പേർക്ക് 50,000 പൗണ്ട് വീതമുള്ള ബോണ്ടുകൾ നൽകും. ഇതിന് മൊത്തത്തിൽ പ്രതീക്ഷിക്കുന്ന ചെലവ് ഏകദേശം 5 മില്യൺ പൗണ്ടോളം വരും. ദ്വീപുകളിൽ വീടുകൾ നിർമ്മിക്കുന്നതിനും പുതുക്കിപ്പണിയുന്നതിനും പുതിയ ബിസിനസ്സുകൾ ആരംഭിക്കുന്നതിനും ഈ ബോണ്ടുകൾ ആളുകളെ സഹായിക്കുമെന്നും അങ്ങനെ അവർക്ക് അവിടെ സുസ്ഥിരമായ ജീവിതം നയിക്കാനാകുമെന്നുമാണ് സർക്കാരിന്റെ പ്രതീക്ഷ.
ഈ പുതിയ പദ്ധതിക്കായി സ്കോട്ടിഷ് സർക്കാർ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇക്വഡോറിൽ നിന്നുള്ള ഒരു കുടുംബം ഈ പദ്ധതിയുടെ ഭാഗമാകാൻ ഇതിനോടകം താൽപ്പര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
"ജനസംഖ്യ കുറഞ്ഞു കൊണ്ടിരിക്കുന്നു എന്നത് ഇവിടുത്തെ ദ്വീപ് സമൂഹങ്ങൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് " പുതിയ പദ്ധതിയുടെ പ്രാധാന്യം ചൂണ്ടി കാണിച്ചു കൊണ്ട് , പടിഞ്ഞാറൻ ദ്വീപുകൾക്കായുള്ള എസ്എൻപി എംഎസ്പി അലസ്ഡെയർ അലൻ പറഞ്ഞു. ദ്വീപുകളിലെ ജനസംഖ്യ കുറയുന്നത് തടയുന്നതിനായി സ്വീകരിക്കുന്ന ഏതൊരു നടപടിയും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദ്വീപിൽ ദീർഘകാലം താമസിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് ബോണ്ടുകൾ ആളുകളെ സഹായിക്കുമെന്നും അലൻ പറഞ്ഞു.
Also Read-
'സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം': താലിബാന് നേതാവ്
അതേസമയം സർക്കാരിന്റെ ഈ നീക്കത്തെ ചിലർ സ്വാഗതം ചെയ്യുമ്പോൾ മറ്റു ചിലർ വിമർശിക്കുകയാണ് ചെയ്യുന്നത്. ദ്വീപുകളിലെ ദീർഘകാല ജനസംഖ്യാ പ്രശ്നം കൈകാര്യം ചെയ്യുന്നതിന് ഈ മാർഗം ഫലപ്രദമാകില്ലെന്നാണ് ഇവരുടെ വാദം.
ദ്വീപുകളിൽ നിന്നും ജനങ്ങളെ അകറ്റി നിർത്തുന്ന കാരണങ്ങൾ നിരവധിയാണെന്നും ഇവർ ചൂണ്ടി കാട്ടുന്നു. ദ്വീപുകളിലെ ഗതാഗത സംവിധാനം ഒട്ടും മികച്ചതല്ലെന്ന് ചിലർ പറയുന്നു, പാർപ്പിടങ്ങളുടെ ചെലവ് വളരെ കൂടുതലാണന്നും സാധാരണ ജനങ്ങൾക്ക് താങ്ങാൻ കഴിയുന്നതല്ല എന്നുമാണ് ചിലരുടെ പരാതി. ബ്രോഡ്ബാൻഡ് കണക്ഷൻ ഇല്ലാത്തതാണ് മറ്റൊരു പോരായ്മയായി എടുത്തു പറയുന്നത്. ഈ ഘടകങ്ങൾ എല്ലാം ജനങ്ങൾ ദ്വീപുകളെ ഒഴിവാക്കാൻ കാരണമാകുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.