• HOME
  • »
  • NEWS
  • »
  • world
  • »
  • പോസ്റ്റ് ഓഫീസിനുള്ളിൽ ഏഴ് അടി നീളമുള്ള ചീങ്കണ്ണി; 'കത്ത് വല്ലതും കിട്ടാനുണ്ടാകുമെന്ന്' സോഷ്യൽ മീഡിയ

പോസ്റ്റ് ഓഫീസിനുള്ളിൽ ഏഴ് അടി നീളമുള്ള ചീങ്കണ്ണി; 'കത്ത് വല്ലതും കിട്ടാനുണ്ടാകുമെന്ന്' സോഷ്യൽ മീഡിയ

നാട്ടിലേക്ക് ഒരു പോസ്റ്റ് കാർഡ് അയയ്ക്കാനാകും ചീങ്കണ്ണി പോസ്റ്റ് ഓഫീസിലെത്തിയതെന്ന് മറ്റൊരാൾ തമാശയായി പറഞ്ഞു.

Alligator

Alligator

  • Share this:
വീട്ടുമുറ്റത്തെ നീന്തൽക്കുളങ്ങൾക്ക് അരികിലും റെസ്റ്റോറന്റിലെ പാർക്കിംഗ് സ്ഥലങ്ങളിലുമെല്ലാം ചീങ്കണ്ണികളും മുതലകളുമൊക്കെ പ്രത്യക്ഷപ്പെടുന്നത് മുമ്പ് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇതാ ഫ്ലോറിഡയിലെ പോസ്റ്റോഫീസിലാണ് ഭീമൻ ചീങ്കണ്ണി കയറിപ്പറ്റിയത്. ജൂൺ 9നാണ് പോസ്റ്റോഫീസിനുള്ളിൽ ചീങ്കണ്ണിയെ കണ്ട് പ്രദേശവാസി പേടിച്ച് ഓടിയത്. യുഎസിലെ ഫ്ലോറിഡയിലുള്ള ഹെർണാണ്ടോ കൗണ്ടി ഷെരീഫ്സ് ഓഫീസാണ് പോസ്റ്റ് ഓഫീസിലെത്തിയ ചീങ്കണ്ണിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

ബുധനാഴ്ച സ്പ്രിംഗ് ഹാൾ പോസ്റ്റോഫീസിൽ ഒരു പാക്കേജ് മെയിൽ ചെയ്യാൻ പോകുന്നതിനിടെ പുലർച്ചെ 3.32 ഓടെയാണ് സമീപവാസി 7 അടി നീളമുള്ള ചീങ്കണ്ണിയെ പോസ്റ്റോഫീസിന്റെ വരാന്തയിൽ കണ്ടത്. ഉടൻ തന്നെ വിവരം പോലീസിനെ അറിയിച്ചു. ലോബിയിലേക്ക് പ്രവേശനം അനുവദിക്കുന്ന ഓട്ടോമാറ്റിക് വാതിലിലൂടെയാകാം ചീങ്കണ്ണി കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചതെന്ന് അധികൃതർ പറഞ്ഞു. ചീങ്കണ്ണിയെ കണ്ട സ്ഥലത്ത് നിന്ന് പുറത്തു കടന്ന ശേഷം പോസ്റ്റ് ഓഫീസിലെത്തിയ ഉപഭോക്താവ് ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

അധികൃതർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ചീങ്കണ്ണിയുടെ ഈ ചിത്രത്തിന് മൂവായിരത്തിലധികം പ്രതികരണങ്ങളും 4,000 ഷെയറുകളും 1000 കമന്റുകളും ലഭിച്ചു. പോസ്റ്റ് ഓഫീസിന് എതിർവശത്ത് തിരക്കേറിയ റോഡിന് കുറുകെ ജലാശയം ഉള്ളതിനാൽ ഇത് അവിടെ നിന്ന് വന്നതായിരിക്കാമെന്ന് ഒരാൾ കമന്റ് ചെയ്തു.

Also Read- ഐസ്ക്രീം ആസ്വദിച്ച് കഴിക്കുന്ന പൂച്ച; ഇന്റർനെറ്റിൽ വൈറലായ വീഡിയോ കാണാം

പോസ്റ്റിന് രസകരമായ ചില പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്. ചീങ്കണ്ണിയ്ക്ക് തപാലിൽ അയയ്ക്കാൻ എന്തെങ്കിലും ഉണ്ടാകുമെന്നും കത്ത് കിട്ടാൻ ഉണ്ടായിരിക്കുമെന്നുമൊക്കെ ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്. നാട്ടിലേക്ക് ഒരു പോസ്റ്റ് കാർഡ് അയയ്ക്കാനാകും ചീങ്കണ്ണി പോസ്റ്റ് ഓഫീസിലെത്തിയതെന്ന് മറ്റൊരാൾ തമാശയായി പറഞ്ഞു. പുറത്ത് ചൂടായതിനാൽ അകത്ത് കയറി അൽപ്പം എസിയുടെ തണുപ്പ് ആസ്വദിച്ചതാകാമെന്ന് മറ്റൊരു വിരുതൻ കമന്റ് ചെയ്തു.

കഴിഞ്ഞ ദിവസം തടാകത്തിൽ നീന്തുന്നതിനിടയിൽ അക്രമിക്കാൻ വന്ന മുതലയുടെ കൈയിൽ നിന്നും തന്റെ ഇരട്ട സഹോദരിയെ രക്ഷപ്പെടുത്തിയ ബ്രിട്ടീഷ് യുവതിയുടെ വാർത്ത പുറത്തു വന്നിരുന്നു. മെക്സിക്കോയിലെ മാനിയൽ‌ ടെപെക് തടാകത്തിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരട്ട സഹോദരിമാരായ ജോർജിയയും മെലിസ ലോറിയും തടാകത്തിൽ നീന്താനെത്തിയത്. ഇതിനിടെ മെലിസ വെള്ളത്തിനടിയിൽ അപ്രത്യക്ഷമാവുകയായിരുന്നു. സഹോദരിയെ മുതല അക്രമിക്കുകയാണെന്ന് മനസിലാക്കിയ ജോർജിയ, മെലിസയെ കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചു കയറ്റാൻ ശ്രമിച്ചുവെങ്കിലും മുതല വീണ്ടും ആക്രമിക്കുകയായിരുന്നു. ഇതോടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ജോർജിയ മുതലയുടെ മുഖത്ത് ശക്തമായി ഇടിച്ചു. മുതലയുടെ മുഖത്ത് തുടരെ ഇടിച്ചാണ് ജോ‍ർജിയ സഹോദരിയെ രക്ഷപ്പെടുത്തിയത്.

രാത്രി ഒരു മണിയോടെ ഉറക്കത്തിൽ നിന്ന് മൂത്രമൊഴിക്കാൻ എണീറ്റപ്പോൾ മുറ്റത്ത് മുതല കിടക്കുന്നത് കണ്ട റാംദിൻ എന്ന യുവാവിന്റെ വാ‍‍ർത്തയും കഴിഞ്ഞ ദിവസം റിപ്പോ‍ർട്ട് ചെയ്തിരുന്നു. മുതലയെ സ്ഥലത്ത് നിന്ന് ഓടിയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുട‍ർന്ന് റാംദിനും കുടുംബവും രാത്രിയിൽ അയൽ വാസിയുടെ ടെറസിലാണ് കഴിഞ്ഞത്.

Keywords: Alligator, Post Office, US, Viral, ചീങ്കണ്ണി, പോസ്റ്റ് ഓഫീസ്, യുഎസ്, വൈറൽ
Published by:Anuraj GR
First published: